|    Dec 3 Sat, 2016 10:06 am
FLASH NEWS

ജിഎസ്ടി: നികുതി പിരിക്കല്‍: ചര്‍ച്ച പരാജയം

Published : 21st November 2016 | Posted By: SMR

ന്യൂഡല്‍ഹി: ചരക്കുസേവന നികുതി (ജിഎസ്ടി) ആരു പിരിക്കുമെന്ന കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന് ഇന്നലെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വിളിച്ചുചേര്‍ത്ത സംസ്ഥാന ധനമന്ത്രിമാരുടെ അനൗപചാരിക യോഗത്തില്‍ സമവായ ശ്രമം പരാജയപ്പെട്ടു. ഇക്കാര്യത്തില്‍  കേരളം ഉള്‍െപ്പടെയുള്ള സംസ്ഥാനങ്ങള്‍ തങ്ങളുടെ പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
സേവനനികുതി മുഴുവന്‍ തങ്ങള്‍ പിരിക്കാമെന്നും ചരക്കുകളുടെ മേലുള്ള നികുതി ഒന്നര കോടിയില്‍ കൂടുതല്‍ ടേണ്‍ ഓവര്‍ ഉള്ളത് സംസ്ഥാനങ്ങള്‍ പിരിക്കുക, അല്ലെങ്കില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പിരിക്കുകയെന്നതാണ് നികുതി പിരിക്കുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. എന്നാല്‍, സേവനങ്ങളുടെ മേലുള്ള നികുതിയും ഒന്നര കോടി ടേണ്‍ ഓവറില്‍ കുറവുള്ള നികുതിയും പിരിക്കാന്‍ അനുവദിക്കണമെന്നും അതിനു മുകളിലുള്ളത് കേന്ദ്രവും സംസ്ഥാനവും സംയുക്തമായി പിരിക്കാമെന്നുമാണ് സംസ്ഥാനങ്ങളുടെ ആവശ്യം.
ഈ വിഷയത്തില്‍ ഈ മാസം നാലിനു നടന്ന ജിഎസ്ടി ഉന്നതാധികാര സമിതിയില്‍ ചര്‍ച്ച നടന്നെങ്കിലും തീരുമാനമായിരുന്നില്ല. ഇതേതുടര്‍ന്നാണ് അരുണ്‍ജെയ്റ്റ്‌ലി ഇന്നലെ അനൗപചാരിക യോഗം വിളിച്ചത്. പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനം അവസാനിക്കും മുമ്പ് തന്നെ ഇക്കാര്യത്തില്‍ അഭിപ്രായഎൈക്യം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു യോഗം.
കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ കേരളം, പശ്ചിമബംഗാള്‍, ഒഡീഷ, തമിഴ്‌നാട്, തെലങ്കാന, ബിഹാര്‍, ഉത്തര്‍പ്രദേശ്, മേഘാലയ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ ശക്തമായി എതിര്‍ത്തു. അതിനിടെ, യോഗത്തില്‍ ഒരു ഫോര്‍മുലയുണ്ടാക്കി നികുതി വിഭജിക്കാമെന്ന വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചെന്ന് സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. സര്‍വീസ് നികുതിക്കു പുറമെ മറ്റു നികുതികള്‍ മൂന്നില്‍ ഒന്നു കേന്ദ്രവും മൂന്നില്‍ രണ്ട് സംസ്ഥാനങ്ങളും പങ്കിടാമെന്നാണ് ഇന്നലത്തെ യോഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചത്.
ഇക്കാര്യത്തിലും അടുത്ത ഉന്നതാധികാരസമിതി യോഗത്തില്‍ ചര്‍ച്ചയാവും. സമവായശ്രമം പരാജയപ്പെട്ടതോടെ വെള്ളിയാഴ്ചത്തെ ഉന്നതാധികാരസമിതി യോഗത്തില്‍ എന്തുവിലകൊടുത്തും അന്തിമ തീരുമാനത്തിലെത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കും.
അതിനാല്‍, ഉന്നതാധികാര യോഗത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കേന്ദ്രം നിര്‍ബന്ധിതമാവും. നികുതി പിരിക്കുന്നത് സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ക്കും എതിര്‍പ്പുണ്ട്. ഉന്നതാധികാരസമിതി യോഗത്തിന് മുന്നോടിയായി ഇന്ന് ധനകാര്യമന്ത്രാലയ ഉദ്യോഗസ്ഥരും സംസ്ഥാന നികുതിവകുപ്പ് അധികൃതരും യോഗംചേരുന്നുണ്ട്.
നികുതി പിരിക്കുന്നതു സംബന്ധിച്ച എല്ലാവശങ്ങളും വിലയിരുത്തുന്നതിന് വേണ്ടിയാണ് യോഗം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day