|    Dec 5 Mon, 2016 8:05 pm
FLASH NEWS

ജിഎസ്ടി ഘടനയായി; 5, 12, 18, 28 സ്ലാബുകള്‍

Published : 4th November 2016 | Posted By: SMR

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: ചരക്കുസേവന നികുതി (ജിഎസ്ടി) നിരക്കില്‍ തീരുമാനമായി. അവശ്യസാധനങ്ങള്‍ക്കു കുറഞ്ഞ നികുതിനിരക്കും ആഡംബര വസ്തുക്കള്‍ക്ക് കൂടിയ നിരക്കും ചുമത്തിക്കൊണ്ട് നാലു നിരക്കുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ചു തീരുമാനമെടുത്തത്. സംസ്ഥാനങ്ങളുമായി സമവായത്തിലെത്തിയശേഷമാണ് നിരക്ക് തീരുമാനിച്ചതെന്ന് ജെയ്റ്റ്‌ലി പറഞ്ഞു.
അവശ്യവസ്തുക്കള്‍ക്ക് അഞ്ചു ശതമാനവും മറ്റു വസ്തുക്കള്‍ക്ക് 12, 18, 28 ശതമാനം എന്നിങ്ങനെയും നികുതി ഈടാക്കും. ആഡംബര വസ്തുക്കള്‍ക്കും പുകയില ഉല്‍പന്നങ്ങള്‍ക്കും ശീതീകരിച്ച പാനീയങ്ങള്‍ക്കും ഏറ്റവും ഉയര്‍ന്ന നിരക്കായ 28 ശതമാനം നികുതി ഈടാക്കും. ഇവയ്ക്കു സെസ് കൂടി ചുമത്തും. ഇതോടെ ആഡംബര വസ്തുക്കളുടെയും ശീതീകരിച്ച പാനീയങ്ങളുടെയും നികുതി 40ഉം പുകയില ഉല്‍പന്നങ്ങളുടേത് 65ഉം ആയി മാറും.
സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി 50,000 കോടി സമാഹരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നവംബര്‍ 16ന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന ജിഎസ്ടി ബില്ലില്‍ നിരക്ക് ഉള്‍പ്പെടുത്തേണ്ടതിനാലാണ് ഇക്കാര്യത്തില്‍ പെട്ടെന്നു തീരുമാനമെടുത്തത്. സാധാരണക്കാര്‍ ഉപയോഗിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്ക് നികുതിയുണ്ടായിരിക്കില്ലെന്ന് ജെയ്റ്റ്‌ലി വ്യക്തമാക്കി. നിത്യോപയോഗ സാധനങ്ങളായ സോപ്പ്, ടൂത്ത് പേസ്റ്റ് തുടങ്ങിയവ 18 സ്ലാബിലായിരിക്കും വരുക.
ഇപ്പോള്‍ 30-31 നിരക്കില്‍ വരുന്ന പല സാധനങ്ങളും 18 സ്ലാബിലേക്ക് മാറ്റുന്നതോടെ 28 സ്ലാബിലുള്ള ഉല്‍പന്നങ്ങള്‍ വളരെ കുറവായിരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. 2017 ഏപ്രില്‍ മുതല്‍ ജിഎസ്ടി നികുതിഘടന പ്രാബല്യത്തില്‍ വരുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
കേരളം മുന്നോട്ടുവച്ച ചില കാര്യങ്ങള്‍ ജിഎസ്ടി കൗണ്‍സില്‍ അംഗീകരിച്ചതായി സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക് കൗണ്‍സിലിനുശേഷം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. അവശ്യവസ്തുക്കള്‍ക്ക്ചുമത്തിയിരുന്ന ആറുശതമാനം നികുതി അഞ്ചുശതമാനമായി കുറച്ചു.നിലവില്‍ 26 ശതമാനം നികുതിയുള്ള ഉല്‍പന്നങ്ങളുടെ മേല്‍ സംസ്ഥാനം പതിനാലര ശതമാനം നികുത്തി ചുമത്തുന്നുണ്ടെന്നും ഇത് 28 ആക്കിയാല്‍ സംസ്ഥാനത്തിന് നികുതി കുറയുമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണത്തിന്റെ നികുതി പിന്നീട് തീരുമാനിക്കും. നിലവില്‍ നാലുശതമാനമാണ് സ്വര്‍ണത്തിന്റെ നികുതി.എന്നാല്‍, 40 ശതമാനം നിരക്കില്‍ നികുതി വേണമെന്ന കേരളത്തിന്റെ ആവശ്യം ജിഎസ്ടി കൗണ്‍സിലില്‍ ഭൂരിപക്ഷം കിട്ടാത്തതിനെ തുടര്‍ന്ന് അംഗീകരിച്ചില്ല.
നിലവിലെ നികുതിനിരക്ക് അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ ജിഎസ്ടി കൗണ്‍സിലിന് തീരുമാനിക്കാം. സെസ് വേണ്ടെന്നുവയ്ക്കാനും നികുതി 40 ശതമാനമാക്കാനും മറ്റും കൗണ്‍സിലിന് അധികാരമുണ്ടെന്ന് പറഞ്ഞതിനാല്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു.
14 ശതമാനം വച്ച് സംസ്ഥാനങ്ങളുടെ വരുമാനം കൂടിയില്ലെങ്കില്‍ അവയ്ക്കു നഷ്ടപരിഹാരം നല്‍കുമെന്നും കേന്ദ്രം ഉറപ്പു നല്‍കിയിട്ടുണ്ട്. ഇന്നു നടക്കുന്ന ജിഎസ്ടി കൗണ്‍സിലില്‍ നികുതി ആരാണ് പിരിക്കേണ്ടതെന്ന് തീരുമാനിക്കും. സേവനനികുതി മുഴുവന്‍ കേന്ദ്രം പിരിക്കുകയെന്നതാണ് അവരുടെ ആവശ്യം. ചരക്കുകളുടെ മേലുള്ള നികുതി ഒന്നരക്കോടിയില്‍ കുറവ് വരുമാനമുള്ളത്  സംസ്ഥാനങ്ങളും പിരിക്കുക. അല്ലെങ്കില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പിരിക്കുകയെന്നതാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. എന്നാല്‍, സേവനനികുതിയും ഒന്നരക്കോടിയില്‍ കുറവ് വരുമാനമുള്ളത്  പിരിക്കാന്‍ അനുവദിക്കണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം.
11 ലക്ഷം സേവന നികുതിദായകരേ ഉള്ളൂവെന്നായിരുന്നു നേരത്തേ കേന്ദ്രം പറഞ്ഞിരുന്നത്. ഇപ്പോള്‍ കണക്കുകള്‍ വ്യക്തമാക്കുന്നത് 33 ലക്ഷമുണ്ടെന്നാണ്. ഇതോടെ കേന്ദ്രത്തിന് കീഴില്‍ വരാന്‍ പോവുന്ന നികുതിദായകരുടെ എണ്ണം കൂടുകയും സംസ്ഥാനങ്ങളുടേത് കുറയുകയും ചെയ്യും. ഇത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day