|    Oct 26 Wed, 2016 1:07 pm

ജിഎസ്ടിയിലൂടെ കേരളത്തിന് വന്‍ നേട്ടം: തോമസ് ഐസക്

Published : 23rd August 2016 | Posted By: SMR

തിരുവനന്തപുരം: ജിഎസ്ടി നടപ്പാക്കുമ്പോള്‍ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനാവും ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാവുകയെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാന വാണിജ്യ നികുതി, സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ്, സിആന്റ്എജി, പുതുച്ചേരി വാണിജ്യനികുതി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കായുള്ള ട്രെയിനേഴ്‌സ് ട്രെയ്‌നിങ് പ്രോഗ്രാം കോവളത്ത്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജിഎസ്ടി നടപ്പാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും ഐടി മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ രംഗത്തും സമഗ്രമായ സാങ്കേതിക മാറ്റങ്ങള്‍ക്ക് വാണിജ്യ നികുതി വകുപ്പ് തുടക്കം കുറിച്ചതായും ധനമന്ത്രി പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥര്‍ക്കായുള്ള ജിഎസ്ടി ട്രെയിനേഴ്‌സ് ട്രെയ്‌നിങ് പ്രോഗ്രാമിന് നേതൃത്വം നല്‍കുന്നത് കേന്ദ്ര സര്‍ക്കാരും നാഷനല്‍ അക്കാദമി ഓഫ് കസ്റ്റംസ് എക്‌സൈസ് ആന്റ് നര്‍ക്കോട്ടിക്‌സും സംസ്ഥാന വാണിജ്യ നികുതി വകുപ്പും ചേര്‍ന്നാണ്. ജിഎസ്ടി പരിശീലന പദ്ധതി ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങുന്നതല്ല. സംസ്ഥാനത്തെ വ്യാപാരി വ്യവസായികളും ട്രേഡിങ് മാനേജ്‌മെന്റ് ധനകാര്യ വിദഗ്ധരുമായുള്ള ആശയവിനിമയത്തിലൂടെയും സമവായത്തിലൂടെയും ആവും പ്രായോഗിക തലത്തില്‍ ജിഎസ്ടി നടപ്പാക്കുകയെന്ന് മന്ത്രി പറഞ്ഞു. ഇതിനായുള്ള പ്രാഥമിക പരിപാടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചു.
ജിഎസ്ടി നടപ്പാക്കുമ്പോഴുള്ള പ്രധാന ആശങ്ക പരമാവധി നികുതിയെ കുറിച്ചാണ്. ഉപഭോക്താവിന് ഒരിക്കലും ദോഷമാവാത്ത രീതിയിലും വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്ന രീതിയിലുമുള്ള ഒരു നികുതിയിലേക്കാവും ജിഎസ്ടി എത്തിച്ചേരുക. ഇപ്പോഴുള്ള നികുതികള്‍ ഒറ്റ നികുതിയായി പരിണമിക്കുമ്പോള്‍ പരമാവധി നികുതിയില്‍ ഉണ്ടാകാവുന്ന വര്‍ധനവ് എത്രയാണ് എന്ന കാര്യത്തില്‍ വിപുലമായ ആശയവിനിമയങ്ങള്‍ നടക്കുന്നുണ്ട്.
പരിശീലന പരിപാടികളുടെ രണ്ടാം ഘട്ടമെന്ന നിലയില്‍ സംസ്ഥാനത്തെ വ്യാപാരി വ്യവസായികള്‍, ചാര്‍ട്ടേഡ് അന്റ് കോസ്റ്റ് അക്കൗണ്ട്‌സ്, കമ്പനി സെക്രട്ടിമാര്‍, ടാക്‌സ് പ്രാക്ടീഷനേഴ്‌സ്, ധനകാര്യ മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ എന്നിവയുമായി ആശയ വിനിമയത്തിനുള്ള വേദി സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയില്‍ ജിഎസ്ടിയെ കുറിച്ചുള്ള സമഗ്ര അവലോകനം, ഇ കൊമേഴ്‌സ്, വാറ്റില്‍ നിന്നു ജിഎസ്ടിയിലേക്കുള്ള സുഗമവും സമഗ്രവുമായ മാറ്റം തുടങ്ങി വ്യത്യസ്ത വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ലെന്ന് ആരോപിച്ച് തോമസ് ഐസക് നേരത്തേ ജിഎസ്ടിക്കെതിരേ രംഗത്തുവന്നിരുന്നു. ഇതുസംബന്ധിച്ച് കേന്ദ്ര ധനകാര്യമന്ത്രിക്ക് തോമസ് ഐസക് കത്തെഴുതുകയും ചെയ്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 83 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day