|    Oct 24 Mon, 2016 11:53 pm
FLASH NEWS

ജാതീയത: ഗുരുവായൂര്‍ ദേവസ്വത്തിനെതിരേ ആരോപണവുമായി മുന്‍ ജീവനക്കാരന്‍

Published : 10th April 2016 | Posted By: SMR

തൃശൂര്‍: പിന്നാക്കക്കാരനായ മുന്‍മന്ത്രിയുടെ മകന് ഗുരുവായൂര്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ സഹായിച്ചതിന് ജോലിയില്‍നിന്നു പിരിച്ചുവിട്ടെന്നാരോപിച്ച് തകില്‍ കലാകാരന്‍. ഗുരുവായൂര്‍ ദേവസ്വത്തിനു കീഴിലെ താല്‍ക്കാലിക ജീവനക്കാരന്‍ രാഹുലാണ് ഗുരുവായൂര്‍ ദേവസ്വം മാനേജ്‌മെന്റ് കമ്മിറ്റിക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്. ജോലിയില്‍ തന്നെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രപരിസരത്ത് മരണംവരെ നിരാഹാരം കിടക്കുമെന്ന് രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2012ലാണ് ക്ഷേത്രത്തില്‍ തകില്‍ വായനക്കാരനായി രാഹുല്‍ ചേര്‍ന്നത്. മുന്‍മന്ത്രി കെ കെ ബാലകൃഷ്ണന്‍ മാസ്റ്ററുടെ മകനും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായ കെ ബി ശശികുമാര്‍ നിര്‍മാല്യ ദര്‍ശനത്തിന് സൗകര്യം ഒരുക്കിനല്‍കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തന്നെ സമീപിച്ചു. ഇതേത്തുടര്‍ന്ന് താന്‍ നിര്‍മാല്യ ദര്‍ശനത്തിനായി അദ്ദേഹത്തിന്റെ പേരു നല്‍കി. എന്നാല്‍, ചിലര്‍ ഇടപെട്ട് ലിസ്റ്റില്‍നിന്ന് ഈ പേര് ഒഴിവാക്കി. ഇതേക്കുറിച്ച് താന്‍ ചോദിച്ചപ്പോള്‍ ബന്ധപ്പെട്ടവര്‍ ഉത്തരംപറയാതെ ഒഴിഞ്ഞുമാറി. ഒടുവില്‍ ശശികുമാര്‍ നിര്‍മാല്യദര്‍ശനം നടത്താനാവാതെ മടങ്ങി. 2013ലാണ് ഈസംഭവം. ഇതിനുശേഷമാണ് തന്നെ വേട്ടയാടാന്‍ തുടങ്ങിയത്. അന്നത്തെ മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിലേക്ക് വിളിച്ചുവരുത്തിയ തന്നെ ജീവനക്കാരുടെ പ്രതിനിധിയായി കമ്മിറ്റിയിലെത്തിയ രാജു ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു.
ശശികുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ജാതിയില്‍പ്പെട്ട നായ്ക്കള്‍ക്ക് കയറിയിറങ്ങാനുള്ളതല്ല ഗുരുവായൂര്‍ ക്ഷേത്രമെന്നും നായര്‍ സമുദായത്തില്‍പ്പെട്ട താന്‍ അതിനു കൂട്ടുനിന്നത് അംഗീകരിക്കാനാവില്ലെന്നും രാജുവും കമ്മിറ്റിയംഗമായ അഡ്വ. സുരേഷും ് പറഞ്ഞിരുന്നു. അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാനായിരുന്ന മുന്‍ എംഎല്‍എ ടി വി ചന്ദ്രമോഹന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. അദ്ദേഹം എല്ലാറ്റിനും മൗനസാക്ഷിയായിരുന്നു. പിന്നാലെ തന്നെ ജോലിയില്‍നിന്ന് ഒരു വര്‍ഷത്തേക്കു മാറ്റിനിര്‍ത്തി. 2015ല്‍ തിരിച്ചെടുത്തെങ്കിലും പീഡനം തുടര്‍ന്നു. ഇതില്‍ മനംനൊന്ത് താന്‍ ഒരുതവണ ആത്മഹത്യക്കു ശ്രമിച്ചു. ഗോപാലമേനോന്‍ ഐഎഎസ് അഡ്മിനിസ്‌ട്രേറ്ററായി വന്നപ്പോള്‍ കാര്യങ്ങള്‍ ബോധിപ്പിച്ചു.
തന്റെ ഭാഗത്ത് ശരിയുണ്ടെന്നു ബോധ്യപ്പെട്ട അദ്ദേഹം നാലുമാസം മുമ്പ് തന്നെ തിരിച്ചെടുത്തു. എന്നാല്‍, അദ്ദേഹം സ്ഥാനമൊഴിഞ്ഞതോടെ തന്നെ വീണ്ടും പുറത്താക്കി. നാലുമാസത്തെ ശമ്പളവും തനിക്കു നല്‍കിയില്ല. കടുത്ത ജാതീയതയാണ് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയിലെ ഒരുവിഭാഗം അംഗങ്ങള്‍ പുലര്‍ത്തുന്നതെന്നും ജോലി നഷ്ടപ്പെടുമെന്നു ഭയന്നാണ് ജീവനക്കാര്‍ സത്യം പുറത്തുപറയാന്‍ തയ്യാറാവാത്തതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day