|    Dec 8 Thu, 2016 3:42 am
FLASH NEWS

ജമാലുദ്ദീന്‍ ബാഗ്ദാദിയുടെ മരണം; തട്ടിപ്പിന് ഇരയായ നിരവധി കുടുംബങ്ങള്‍ ആശങ്കയില്‍

Published : 30th November 2016 | Posted By: SMR

 

മാള: ഇറാഖ് സിദ്ധനെന്നറിയപ്പെട്ടിരുന്ന ജമാലുദ്ധീന്‍ അല്‍ ബാഗ്ദാദിയെന്ന സിദ്ധന്‍ മരണപ്പെട്ടതോടെ തട്ടിപ്പിനിരയായ മാള കൊച്ചുകടവിലെ നിരവധി കുടുംബങ്ങള്‍ ആശങ്കയില്‍. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് ഈ കുടുംബങ്ങളും ജമാലുദ്ധീനുമായി ഹൈക്കോടതിയില്‍ കേസുണ്ട്. ഇയാള്‍ മരണപ്പെട്ടതോടെ കേസിന്റെ ഗതിയെന്താകുമെന്ന ആശങ്കയിലാണ് ഇവര്‍. 2001 ലാണ് സിദ്ധനോടൊപ്പം കൊച്ചുകടവിലെ 13 കുടുംബങ്ങളും ഒമ്പത് കുടുംബങ്ങളിലെ ചിലരും പന്നിത്തടം ഇയ്യാലിലുള്ള ഇയാളുടെ കേന്ദ്രത്തിലെത്തിയത്. കൊച്ചുകടവിലെ വീടുകളും പുരയിടങ്ങളും കൃഷിയിടങ്ങളുമടക്കം കിട്ടിയ വിലക്ക് വിറ്റാണ് ഇവര്‍ ഇയ്യാലിലെത്തിയത്. പിതൃസ്വത്തായി ലഭിച്ചതടക്കം വിറ്റ് കിട്ടിയ പണമെല്ലാം സിദ്ധന്റെ പ്രാര്‍ത്ഥനാ കേന്ദ്രം നിര്‍മിക്കാനായാണ് ഉപയോഗിച്ചത്. കുറച്ചു പണം കേച്ചേരിയിലും സമീപ പ്രദേശങ്ങളി ലും ആരംഭിച്ച ബിസിനസുകളിലും മുടക്കിയിരുന്നു. വ്യാപാര സ്ഥാപനങ്ങളിലും മറ്റും വില്‍പ്പനക്കാരായും കൃഷിപ്പണിക്കാരുമായും മറ്റുമാണ് കൊച്ചുകടവില്‍ നിന്നും പോയവരെ നിയോഗിച്ചിരുന്നത്. വിവിധയിനങ്ങള്‍ക്ക് മുടക്കിയതും പണിക്കൂലിയുമായി അരക്കോടി രൂപയാണ് ഇവര്‍ക്ക് ലഭിക്കാനുള്ളത്. തിരികെ പോരാന്‍ നേരം ഇവര്‍ പണം ചോദിച്ചെങ്കിലും സിദ്ധനും കൂടെയുള്ളവരും നിഷേധാത്മക നിലപാടായിരുന്നു സ്വീകരിച്ചത്. ഇതേതുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്. ഇതിനിടയിലാണ് സിദ്ധന്റെ മരണം. ബന്ധുമിത്രാതികളെയെല്ലാം ധിക്കരിച്ച് കൊച്ചുകടവില്‍ നിന്ന് പോയവര്‍ സാവധാനമാണ് തങ്ങള്‍ തട്ടിപ്പിനിരയായത് തിരിച്ചറിയുന്നത്. ഇതോടെ നാല് കുടുംബങ്ങളൊഴികെ ബാക്കിയെല്ലാവരും തിരികെ കൊച്ചുകടവിലും മാളക്കടുത്തുമായെത്തി. മഹല്ലിനെയും ജനങ്ങളേയും ധിക്കരിച്ച് പോയി തിരികെ എത്തിയവരെ മഹല്ലും നാട്ടുകാരും സ്വീകരിച്ചു. ബാക്കിയുള്ളവരില്‍ പലരും ബിസിനസും മറ്റുമായി സിദ്ധനുമായി ബന്ധപ്പെട്ട് കഴിയുന്നു. നേരത്തെ പരാതികളെ തുടര്‍ന്ന് പലവട്ടം ഇയാള്‍ക്കെതിരെ പോലിസ് നടപടി സ്വീകരിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം സിദ്ധന്‍ തന്റെ സ്വാധീനമുപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാവക്കാട് എസ്‌ഐയുടേയും വടക്കേക്കാട് എസ്‌ഐയുടേയും നേതൃത്വത്തിലുള്ള പോലിസ് സംഘം ഇയാളെ പിടികൂടിയെങ്കിലും മണിക്കൂറുകള്‍ക്കകം പോലിസ് ഇയാളെ വിട്ടയച്ചു. മറ്റൊരു ജമാലുദ്ധീനെയാണ് ഉദ്യേശിച്ചതെന്നും ആള് മാറിപ്പോയതാണെന്നുമായിരുന്നു പോലിസ് ഭാഷ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day