|    Oct 26 Wed, 2016 8:38 pm
FLASH NEWS

ജനാര്‍ദ്ദനഗുഡിയും ദേശീയ സ്മാരകങ്ങളുടെ ഗണത്തിലേക്ക്

Published : 23rd August 2016 | Posted By: SMR

കല്‍പ്പറ്റ: നടവയലിന് സമീപം പുഞ്ചവയലില്‍ സ്വകാര്യ കാപ്പിത്തോട്ടത്തിലുള്ള ജനാര്‍ദ്ദനഗുഡിയും ദേശീയ സ്മാരകങ്ങളുടെ ഗണത്തിലേക്ക്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ശിലാനിര്‍മിതി ദേശീയ സ്മാരകമായി പ്രഖ്യാപിക്കുന്നതിനുളള നീക്കം അന്തിമ ഘട്ടത്തിലാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ തൃശൂര്‍ സര്‍ക്കിള്‍ സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ് ടി ശ്രീലക്ഷ്മി പറഞ്ഞു.
രണ്ടു കല്ലമ്പലങ്ങളാണ് പുഞ്ചവയലില്‍. ഇതില്‍ വിഷ്ണുഗുഡി എന്നു പേരുള്ള കല്ലമ്പലം ദേശീയ സ്മാരകമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ 2015 സപ്തംബറില്‍ വിജ്ഞാപനം ചെയ്തതാണ്. ഇതിന്റെ പരിപാലന, അറ്റകുറ്റപ്പണികള്‍ തുടങ്ങാനിരിക്കെയാണ് 700 മീറ്റര്‍ മാറി സ്വകാര്യ ഭൂമിയിലുള്ള ജനാര്‍ദ്ദനഗുഡിയും ദേശീയ സ്മാരകമാക്കുന്നത്. ശിലാപാളികളും തൂണുകളും ഉപയോഗിച്ചുള്ളതാണ് രണ്ടു നിര്‍മിതികളും. കാലപ്രയാണത്തെ അതിജീവിച്ച തൂണുകളിലും പാളികളിലുമായി 300ലധികം കൊത്തുപണികളുണ്ട്. ജനാര്‍ദ്ദനഗുഡിയിലെ ശിലാപാളികളിലൊന്നില്‍ കന്നഡയിലുള്ള എഴുത്തും കാണാം.
12, 14 നൂറ്റാണ്ടുകള്‍ക്കിടയില്‍ നിര്‍മിച്ചതാണ്  വിഷ്ണു, ജനാര്‍ദ്ദനഗുഡികളെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. പന്ത്രണ്ടാം നൂറ്റാണ്ടില്‍ കര്‍ണാടക ഭരിച്ചിരുന്ന ജൈന വിശ്വാസികളായ ഹൊയ്‌സാല രാജാക്കന്മാരാണ് ഇവ പണിതതെന്നാണ്  ചരിത്രകാരന്മാരില്‍ ഒരു വിഭാഗത്തിന്റെ പക്ഷം.
ദക്ഷിണ കന്നഡയില്‍നിന്ന് വയനാട് വഴി പടിഞ്ഞാറന്‍  കടല്‍ത്തീരത്ത് പോയിവന്നിരുന്ന കച്ചവടസംഘങ്ങളിലൊന്നാണ് കല്ലമ്പലങ്ങള്‍ പണിതതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. മുത്തുകളുടെയും രത്‌നങ്ങളുടെയും വ്യാപാരത്തിനു പുകള്‍പെറ്റതായിരുന്നു പുഞ്ചവയലിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളെന്നും ചരിത്രകാരന്മാര്‍ പറയുന്നു.
നാശംനേരിടുന്ന കല്ലമ്പലങ്ങള്‍ എന്‍ഷ്യന്റ് മോണുമെന്റ്‌സ് ആന്റ് ആര്‍ക്കിയോളജിക്കല്‍ സൈറ്റ്‌സ് ആന്റ് റിമൈന്‍സ് (ഭേദഗതി) നിയമപ്രകാരം ഏറ്റെടുത്തു സംരക്ഷിക്കണമെന്ന് ശുപാര്‍ശ ചെയ്ത് എഎസ്‌ഐ ഡയറക്ടര്‍ക്ക് തൃശൂര്‍ സര്‍ക്കിള്‍ ഓഫിസ് അയച്ച കത്താണ് വിഷ്ണുഗുഡിയും ജനാര്‍ദ്ദനഗുഡിയും  ദേശീയശ്രദ്ധയില്‍ കൊണ്ടുവന്നത്.
രണ്ടു കല്ലമ്പലങ്ങളുടെയും ചരിത്രപരമായ പ്രത്യേകതകള്‍, വാസ്തുശൈലി തുടങ്ങിയവ വിശദീകരിച്ചായിരുന്നു കത്ത്. സംരക്ഷിത സ്മാരകങ്ങളായി പ്രഖ്യാപിക്കുന്നപക്ഷം അവ സ്ഥിതിചെയ്യുന്ന ഭൂമി സൗജന്യമായി വിട്ടുകൊടുക്കാമെന്ന തോട്ടം ഉടമകളുടെ നിലപാടും കത്തില്‍ വ്യക്തമാക്കിയിരുന്നു. വിഷ്ണുഗുഡിയും ജനാര്‍ദ്ദനഗുഡിയും ദേശീയ സ്മാരകങ്ങളാക്കി സംരക്ഷിക്കുമെന്നു ലോക്‌സഭയില്‍  2009ല്‍ അന്നത്തെ സാംസ്‌കാരിക മന്ത്രി വി നാരാണസ്വാമി പ്രസ്താവിച്ചിരുന്നു.
ദേശീയ സ്മാരകമായി പ്രഖ്യാപിച്ചതിനു പിന്നാലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ വിഷ്ണുഗുഡി സന്ദര്‍ശിച്ചിരുന്നു. ജീര്‍ണാസ്ഥയിലുള്ള ക്ഷേത്രം അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിക്കുന്നതിന് വിശദമായ പദ്ധതിയും രൂപരേഖയും ഉടന്‍ തയ്യാറാക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ അന്ന് അറിയിച്ചതെങ്കിലും തുടര്‍നടപടികള്‍ മന്ദഗതിയിലാണ്. രണ്ടു വര്‍ഷം മുമ്പ് മഴക്കാലത്ത് ജനാര്‍ദ്ദനഗുഡിയുടെ ഗോപുരഭാഗങ്ങള്‍ തകര്‍ന്നുവീണിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day