|    Dec 3 Sat, 2016 1:29 am
FLASH NEWS

ജനങ്ങളെ കണ്ണീരുകുടിപ്പിക്കാന്‍ കേന്ദ്ര- സംസ്ഥാന മല്‍സരം: ഉമ്മന്‍ചാണ്ടി

Published : 30th November 2016 | Posted By: SMR

കല്‍പ്പറ്റ: ജനങ്ങളെ കണ്ണീര് കുടിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും മല്‍സരിക്കുകയാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നോട്ട് അസാധുവാക്കലിലൂടെ ജനങ്ങളെ ദുരിതത്തിലാക്കിയ മോദിയാണ് ഇപ്പോള്‍ അല്‍പം മുന്നിട്ടുനില്‍ക്കുന്നത്. സംസ്ഥാനത്തെ റേഷന്‍കടകളില്‍ രണ്ടു ദിവസത്തിനുള്ളില്‍ അരിയെത്തിച്ചില്ലെങ്കില്‍ പിണറായി മോദിയെ പിന്നിലാക്കുമെന്നും അദ്ദേഹം പരിഹസിച്ചു. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐഎന്‍ടിയുസി) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒറ്റദിവസം കൊണ്ട് 86.4 ശതമാനം കറന്‍സി പിന്‍വലിച്ചതോടെ ബാക്കിവരുന്ന 13.6 ശതമാനത്താല്‍ 133 കോടി ജനങ്ങളുടെ ആവശ്യം എങ്ങനെയാണ് നടക്കുക. മോദി ഇപ്പോള്‍ പറയുന്നത് പ്ലാസ്റ്റിക് കറന്‍സിയെ കുറിച്ചും കാഷ്‌ലെസ് ഇക്കണോമിയെ കുറിച്ചുമാണ്. എന്നാല്‍, അമേരിക്ക പോലുള്ള സമ്പന്നരാജ്യങ്ങളില്‍ പോലും 20 ശതമാനം പോലും ഓണ്‍ലൈന്‍ വിനിമയം നടക്കുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ കൊലപാതകങ്ങള്‍ സംസ്ഥാനത്ത് കൂടുകയാണ്. മുഖ്യമന്ത്രിയുടെ ജില്ലയില്‍ പോലും രാഷ്ട്രീയകൊലപാതകങ്ങള്‍ നിത്യസംഭവമാവുന്നു. ഭരിക്കുന്ന പാര്‍ട്ടിയുടെ ആളുകള്‍ പോലിസ് സ്റ്റേഷനകത്ത് കയറി സമരം നടത്തുകയാണ്. ഉന്നത സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ പോലിസ് കസ്റ്റഡിയില്‍ നിന്ന് പ്രതികളെ ബലമായി മോചിപ്പിക്കുന്ന അവസ്ഥയാണ്. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ വലിയ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്- അദ്ദേഹം പറഞ്ഞു. കെഇഇസി ജില്ലാ പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ പി ധനപാലന്‍, സിബിക്കുട്ടി ഫ്രാന്‍സിസ്, ബെന്നി ബെഹന്നാന്‍, കെ എല്‍ പൗലോസ്, ടി സിദ്ദീഖ്, കെ കെ അബ്രഹാം സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day