|    Oct 24 Mon, 2016 12:30 pm
FLASH NEWS

ജനങ്ങളെ അടിച്ചമര്‍ത്തി ഭരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട: ചെന്നിത്തല

Published : 7th October 2016 | Posted By: SMR

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ അടിച്ചമര്‍ത്തി ഭരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കരുതേണ്ടെന്നും അതു തിരുത്തേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വാശ്രയസമരം യുഡിഎഫ് അവസാനിപ്പിച്ചെന്നു കരുതരുതെന്നും ജനങ്ങളിലേക്ക് സമരം വ്യാപിപ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. സ്വാശ്രയ കോളജുകളിലെ വര്‍ധിപ്പിച്ച ഫീസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിവരുന്ന സമരപരിപാടികളുടെ ഭാഗമായി യുഡിഎഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാശ്രയപ്രശ്‌നത്തില്‍ ബിജെപിയുടേത് വിചിത്രമായ സമീപനമാണ്. പുറത്ത് എബിവിപിക്കാര്‍ സമരം ചെയ്യുമ്പോള്‍ നിയമസഭയില്‍ അവരുടെ എംഎല്‍എ ഒ രാജഗോപാല്‍ പിണറായിക്ക് മംഗളപത്രം എഴുതുകയായിരുന്നു. നിയമസഭയില്‍ നടക്കുന്ന എല്ലാ ചര്‍ച്ചകളിലും ബിജെപി എല്‍ഡിഎഫിനൊപ്പമാണ്. സഭാ നടപടികള്‍ തടസ്സപ്പെടുത്താന്‍ യുഡിഎഫ് തീരുമാനിച്ചിരുന്നില്ല. മുഖ്യമന്ത്രിയുടെ ദുരഭിമാനം കാരണം പ്രതിപക്ഷത്തിന് സഭ ബഹിഷ്‌കരിക്കേണ്ടിവന്നതാണ്.
സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടാത്ത മൂന്നു സ്വാശ്രയ കോളജുകള്‍ക്ക് ബംബര്‍ ലോട്ടറിയാണ് കിട്ടിയിരിക്കുന്നത്. 10 ലക്ഷം രൂപ വരെയാണ് അവര്‍ വാങ്ങുന്നത്.  പൂജ അവധിയായതിനാല്‍ കോടതികള്‍ അടയ്ക്കുമെന്ന് മനസ്സിലാക്കിയാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. കോടതികളുടെ അവധി കഴിയുമ്പോഴേക്കും പ്രവേശനം പൂര്‍ത്തിയാവും.
ഹൈക്കോടതിയില്‍ കേസ് പരാജയപ്പെടാന്‍ കാരണം മാനേജ്‌മെന്റുകളുമായുള്ള സര്‍ക്കാരിന്റെ ഒത്തുകളിയാണ്. ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ എന്താണ് ചെയ്യുന്നതെന്നറിയില്ല. അടുത്ത വര്‍ഷം ഫീസ് 10 ലക്ഷമായി ഉയര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ ഒത്തുകളി. സ്വാശ്രയസമരം ശക്തമാക്കുന്നതിന്റെ ഭാഗമായി 15, 16 തിയ്യതികളില്‍ എല്ലാ ജില്ലകളിലും ജനകീയ സദസ്സ് സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് തിരുവനന്തപുരം ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സ് അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ കെ മുരളീധരന്‍, വി എസ് ശിവകുമാര്‍, കെ എസ് ശബരീനാഥന്‍, യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂര്‍, ബീമാപള്ളി റഷീദ്, സി പി ജോണ്‍, വി സുരേന്ദ്രന്‍പിള്ള, കരകുളം കൃഷ്ണപിള്ള, വര്‍ക്കല കഹാര്‍, കരുമം സുന്ദരേശന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day