|    Oct 28 Fri, 2016 7:33 pm
FLASH NEWS

ചൊറിച്ചിലും മാന്തലും

Published : 13th February 2016 | Posted By: swapna en

കഥ
ഉബൈദ് തൃക്കളയൂര്‍

ജ്ജ് കൊറേ നേരായല്ലോ ഇരുന്ന് മാന്താന്‍ തൊടങ്ങീട്ട്…! ഒന്ന് എണീക്കവ്ട്ന്ന്!!’ കദീശുമ്മത്താത്ത വിളിച്ചു പറഞ്ഞു.
‘ങ്ങക്കെന്താപ്പം ഞാമ്മാണ്ട്യേ…?’
‘ചായേകൂട്ടണെങ്കീ പീട്യേ പോയി സാധനങ്ങള്‍ മാങ്ങിവാ…’
‘പൈസയും ലിസ്റ്റും…?’ മാന്തല്‍ നിര്‍ത്താതെ തന്നെ അവന്‍ പറഞ്ഞു.
സഞ്ചിയും പൈസയും വാങ്ങി അടുത്തുള്ള കടയിലേക്ക് നടക്കുമ്പോഴും അവന്‍ മാന്തുന്നുണ്ടായിരുന്നു.
‘ന്താ… ന്ന് കോളേജില്‍ പോണില്ലേ…?’
എതിരേ വരുന്ന ശംസുക്കാക്കയുടെ ചോദ്യത്തിന്റെ ഉത്തരം അവന്‍ ചെറുപുഞ്ചിരിയിലൊതുക്കി. നാണം കുണുങ്ങിച്ചേച്ചിയെപ്പോലെ അവന്‍ വീണ്ടും തലകുനിച്ച് മാന്തല്‍ തുടങ്ങി.
പിന്നില്‍ നിന്നും വന്ന കുട്ടിബസ്സിന് വളരെ പണിപ്പെട്ടാണ് അവന്‍ സൈഡു കൊടുത്തത്. കാരണം, കാല്‍നടയാത്രക്കാര്‍ റോഡിന്റെ വലതുവശം ചേര്‍ന്നാണ് നടക്കേണ്ടത് എന്നറിയാമായിരുന്നെങ്കിലും അവന്‍ അത് പാലിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ബസ്സ് അവനെ തൊട്ടു തൊട്ടില്ല എന്ന നിലയ്ക്കാണ് കടന്നു പോയത്! അതു കണ്ടു നിന്നിരുന്ന ഖദീജത്താത്തയുടെ വയറൊന്ന് കാളി.
ന്താ ബനേ അനക്ക് ഒന്ന് നോക്കി നടന്നൂടെ…?’ubaid
ഖദീജത്താത്തയുടെ വിളിച്ചു പറയല്‍ അവന്‍ കേട്ടില്ലെന്ന് നടിച്ചു മുന്നോട്ട് നീങ്ങി. അപ്പോഴും അവന്‍ തന്റെ സ്മാര്‍ട്ട് ഫോണില്‍ മാന്തുന്നുണ്ടായിരുന്നു.
ഏകദേശം രണ്ടു മാസത്തോളമായി നബീല്‍ പുതിയ ആന്‍ഡ്രോയിഡ് ആപ്പുകളുള്ള സ്മാര്‍ട്ട് ഫോണ്‍ ഉടമയായിട്ട്. വളരെ നിര്‍ബന്ധം പിടിച്ചപ്പോള്‍ ഗള്‍ഫിലുള്ള വാപ്പ മുന്തിയ ഫോണ്‍ വാങ്ങാന്‍ സമ്മതിക്കുകയായിരുന്നു.
ഉമ്മ ചായ എടുത്തുവെച്ച് കുടിക്കാന്‍ വിളിച്ചാല്‍ നബീല്‍ കേള്‍ക്കുകയില്ല. അവന്‍ അപ്പോള്‍ ഫോണില്‍ മാന്തുകയായിരിക്കും.
കളിക്കാന്‍ പോകുമ്പോള്‍, കടയില്‍ പോകുമ്പോള്‍, എന്തിന് പറയുന്നു ഭക്ഷണം കഴിക്കുമ്പോള്‍ പോലും അവന്റെ ഫോണിന് വിശ്രമമില്ല.
ഫെയ്‌സ് ബുക്ക്…
വാട്‌സ് ആപ്…
യൂ ട്യൂബ്…
തെരഞ്ഞ് കൊണ്ടേയിരിക്കും. ഫേസ്ബുക്കിലെ ലിങ്കുകളില്‍ നിന്ന് ലിങ്കുകളിലേക്ക് മാറിയും ട്രോളുകള്‍ ലൈക്ക് ചെയ്തും കമന്റിട്ടും സമയം പോകുന്നത് അവന്‍ അറിയില്ല. എല്ലാ ഫ്രന്‍സിനോടും ഫ്രന്‍സിന്റെ ഫ്രന്‍സിനോടും സല്ലപിച്ചും ശൃംഗരിച്ചും അങ്ങനെയങ്ങനെ……
ഇപ്പോള്‍ വീട്ടുകാരോടും നാട്ടുകാരോടും മിണ്ടാന്‍ പോലും നബീലിന് സമയമില്ലാതായികൊണ്ടിരിക്കുന്നു!
വാസ്തവത്തില്‍ അവനെ ആപ്പിലാക്കാന്‍ ഗ്രൂപ്പുകള്‍ പത്ത്പന്ത്രണ്ടെണ്ണമുണ്ട്. ഇടതടവില്ലാതെ അവന്റെ ഫോണ്‍ ഡ്ര്‍ണിം… ഡ്ര്‍ണിം… എന്ന് ഒച്ചയുണ്ടാക്കുന്നത് കേള്‍ക്കാം. ഫേസ് ബുക്കിലോ വാട്‌സ് ആപ്പിലോ എന്തോ വന്നിട്ടുണ്ടെന്നര്‍ത്ഥം.
ഉമ്മ കദീശുമ്മത്താത്ത പറയും: ‘ഈ കുന്ത്രാണ്ടം മാങ്ങ്യേനുശേഷാ ചെക്കന്‍ ബെടക്കാവാന്‍ തൊടങ്ങ്യേ… ഒരു കാര്യവും സമയത്തിന് ചെയ്യാന്‍ ഓനേ കിട്ടാതായി…
കോളേജില്‍ പോവാന്‍ ബസ്സാണേ കിട്ടൂല. ബസ്സ് ഓനെ കാത്ത് നിക്കൂലല്ലോ… അതയ്‌ന്റെ ബെയ്ക്ക് പോവൂലേ… തിന്നാന്‍ പോലും വിളിച്ച് വിളിച്ച് ബാക്കിള്ളോരെ തൊണ്ടയിലെ വെള്ളം ബറ്റും… ങ്ങനെണ്ടോ ഒരു ഫോണ്‍പിരാന്ത്!’
നബീല്‍ ഫോണെടുത്ത് മാന്താന്‍ തുടങ്ങിയാല്‍ കദീശുമ്മത്താത്താക്ക് സഹിക്കുകയില്ല. അവരെ അസ്വസ്ത്ഥത ചൊറിയാന്‍ തുടങ്ങും.
ജ്ജാ ഫോണൊന്ന് അവിടെ ബെക്ക് നെബീലേ… ഏത് നേരൂം അനക്ക് ഇതെന്നേ പണി, അയ്‌ന് കൊറച്ച് വിശ്രമം കൊട്ക്ക്ജ്ജ്…’
ഈ ഉമ്മാക്ക് എന്തിന്റെ കേടാ… ഇത് ത്രീജിയാ ഉമ്മാാ… ത്രീജീ!’
‘അയ്മ്മല്‍ കളിച്ചിണ നേരം കൊണ്ട് ഒരു ബുക്കെടുത്ത് ബായ്ച്ചൂടെ നബീലേ അന്‍ക്ക്?’
‘ഇതില്‍ നോക്കിയാലും പഠിക്കാന്‍ കഴിയും ഉമ്മാ…’ ഇതില്‍ തെരഞ്ഞാ കിട്ടാത്തതൊന്നൂല്ല മ്മാ…’
അതെന്നെ അയ്‌ന്റെ കൊയപ്പം… ഏതായാലും ഈ മാന്തലൊന്ന് കൊറച്ചാളാ…’
നബീല്‍ ഫോണില്‍ മാന്തല്‍ കുറച്ചില്ല, മാത്രമല്ല അവന്റെ ഫോണ്‍ സമ്പര്‍ക്കം കൂടിക്കൂടി വന്നു. ഉറക്കത്തില്‍ പോലും അവന്‍ വിരലനക്കി കളിക്കുന്നത് കദീശുമ്മത്താത്തയുടെ ശ്രദ്ധയില്‍പെട്ടു.
ubaid nadakkamമൊബൈല്‍ ഫോണില്ലാതെ അവന് ജീവിക്കാന്‍ പറ്റാതായി. ഫോണ്‍ അവന്റെ കയ്യിലെ ഒരവയവമായി.
ക്രമേണ അവന്റെ ജീവിതമാകെ താളം  തെറ്റുന്നത് ഉമ്മ മനസ്സിലാക്കാതിരുന്നില്ല.
അന്നൊരു ശനിയാഴ്ചയായിരുന്നു.
കദീശുമ്മത്താത്ത പറഞ്ഞു: ‘മോനെ നബീലേ… ഇന്ന് കേളേജ്ല്ലല്ലോ നിനക്ക്…
നമുക്കൊന്ന് ശാന്തീപോണം…’
ഹോസ്പിറ്റലിലോ ഉമ്മാ…?’
ങ്ഹാ… ശാന്തീയാസ്പത്രീല്… നീ ആ ബൈക്കെടുത്ത് എന്നെ ഒന്ന് ആസ്പത്രീല് ആക്കിത്താ…’
എന്താ ഉമ്മാ… നിങ്ങള്‍ക്ക്! എന്താ അസുഖം…?’ നബീല്‍ ആകാംക്ഷാ ഭരിതനായി.
കാര്യമായൊന്നൂല്ല… ആകെ ഒരു ചൊറിച്ചില്‍… ഒരു എരിപിരി സഞ്ചാരം…’
ശരി, പോകാം…’
ആശുപത്രിയിലെത്തിയപ്പോള്‍ കദീശുമ്മത്താത്ത പറഞ്ഞു: ‘നബീലേ… നീ ബടെ പൊറത്തിരുന്നോ… ഞാന്‍ ഡോക്ടറെ കണ്ടിട്ടു ബരാം…’
ഡോക്ടറുടെ മുന്നിലേക്ക് പോവാന്‍ അകമ്പടി സേവിക്കണമെന്ന് ഉമ്മ ആവശ്യപ്പെടാതിരുന്നതില്‍ നബീലിന് സന്തോഷം തോന്നി.
ശരിയുമ്മാ… ഞാനിവിടെ ഇരിക്കാം…’
അവന്‍ ഒഴിഞ്ഞൊരു കസേരയില്‍ കുനിഞ്ഞിരുന്ന് മാന്താന്‍ തുടങ്ങി. അല്‍പസമയത്തിനു ശേഷം ഡോക്ടറുടെ കാബിന്‍ തുറന്നു നഴ്‌സ് പുറത്തേക്ക് വന്നു വിളിച്ചു: ‘കദീശുമ്മത്താത്തയുടെ കൂടെ വന്ന ആളാരാ…?’ നഴ്‌സ് മൂന്നാം തവണ കൂറേക്കൂടി ഉച്ചത്തില്‍ വിളിച്ചപ്പോഴാണ് നബീല്‍ തലയുയര്‍ത്തിയത്.
നബീല്‍ ഡോക്ടറുടെ കാബിനില്‍ പ്രവേശിച്ചു.
ചെയറിലേക്ക് ചൂണ്ടി ഡോക്ടര്‍ ഇരിക്കാന്‍ ആംഗ്യം കാണിച്ചു.
‘ഉമ്മാക്ക് കൂടുതല്‍ മരുന്നിന്റെ ആവശ്യമില്ല… തടി അല്‍പം കുറയ്ക്കാനുള്ള ഡയറ്റ് സ്വീകരിക്കണം. ഭക്ഷണം കുറയ്ക്കണം. കരിച്ചതും പൊരിച്ചതും ഒഴിവാക്കണം. ഒരു സിറപ്പ് എഴുതുന്നുണ്ട്. വ്യായാമം ലഭിക്കുന്ന പണികള്‍ ചെയ്യാന്‍ ശ്രമിക്കണം…’
പെട്ടെന്നാണ് ഡോക്ടര്‍ നബീലിന്റെ നേരെ ഒരു ചോദ്യമെറിഞ്ഞത്.
നിന്റെ വിരലിനെന്തുപറ്റി?’
അപ്പോഴാണ് നബീല്‍ അത് ശ്രദ്ധിച്ചത്. അവന്റെ വലതു കയ്യിലെ ചൂണ്ടുവിരല്‍ ആരെയോ മാടിവിളിക്കുന്നത് പോലെ ഇളകിക്കൊണ്ടിരിക്കുന്നു.
ഒന്നും പറ്റിയില്ല സാര്‍…’
അല്ല, നോക്കട്ടെ, നീയിങ്ങോട്ടിരിക്കൂ… ഉമ്മ ചെയറിലേക്കിരുന്നോളൂ…’
രണ്ട് കൈകളും മാറി മാറി ഡോക്ടര്‍ പരിശോധിച്ചു. ഡോക്ടറുടെ മുഖത്ത് ഗൗരവം നിഴലിച്ചു. ഡോക്ടര്‍ ഒരു ശീട്ടെഴുതി. ‘വേഗം പോയി രണ്ട് കൈവിരലുകളും എക്‌സ്‌റേ എടുത്തു വരൂ…’
എക്‌സ്‌റേ കണ്ടിട്ടേ തീരുമാനിക്കാന്‍ പറ്റൂ…’
അരമണിക്കൂര്‍ സമയമെടുത്തു എക്‌സ്‌റേയുമായി ഡോക്ടറുടെ മുന്നിലെത്താന്‍. ഡോക്ടര്‍ എക്‌സ്‌റേ കവറില്‍ നിന്നെടുത്ത് തിരിച്ചും മറിച്ചും നോക്കി. കൂടുതല്‍ ഗൗരവക്കാരനായി പറഞ്ഞു: ‘ഉമ്മ പുറത്തിരുന്നോളൂ… വിളിക്കാം, ഞാന്‍ ഇവനെയൊന്ന് പരിശോധിക്കട്ടെ.’ ഡോക്ടറുടെ കാബിനിന്റെ വാതിലടഞ്ഞു.
പത്ത്മിനിട്ടേ കദീശുമ്മത്താത്തയ്ക്ക് പുറത്ത് നില്‍ക്കേണ്ടിവന്നുള്ളൂ. അപ്പോഴേക്കും നഴ്‌സ് നീട്ടിവിളിക്കുന്നത് കേട്ടു:
കദീശുമ്മാ… കദീശുമ്മാ’
ഉമ്മ ഇരിക്കൂ…’ ഡോക്ടര്‍ പറഞ്ഞു.
ഉമ്മാ… പേടിക്കാനൊന്നുമില്ല. ഗുരുതരമായേക്കാവുന്ന ഒരു രോഗത്തിന്റെ ചെറിയൊരു സിംറ്റം മാത്രമെയുള്ളൂ. ഇപ്പൊഴേ മനസ്സിലായതുകൊണ്ട് പെട്ടെന്ന് സുഖപ്പെടുത്താന്‍ പറ്റും. മൊബൈല്‍ ഫോണ്‍, ഐപാഡ്, ടാബ് തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ തുടര്‍ച്ചയായി അധിക സമയം കയ്യില്‍ വെയ്ക്കുന്നത് റേഡിയേഷന്‍ ഉണ്ടാവാനിടയാക്കും. ആവശ്യത്തിന് ഫോണും നെറ്റും ഒക്കെ ഉപയോഗിക്കുന്നതിന് വിരോധമില്ല. മൂന്നു മിനിട്ടില്‍ കൂടുതല്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് അപകടകരമാണ്. റേഡിയേഷന്‍ ഉണ്ടായാല്‍ പിന്നെ രോഗം നിയന്ത്രിക്കാന്‍ പറ്റിയെന്ന് വരില്ല. ചില വ്യായാമങ്ങളൊക്കെ ചെയ്യാനുണ്ട്. ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഞാന്‍ ഇവന് കൊടുത്തിട്ടുണ്ട്.
‘രണ്ട്തരം ഗുളികകള്‍ എഴുതുന്നു. അത് വാങ്ങി കഴിച്ച് ഒരാഴ്ചയ്ക്ക് ശേഷം വരിക. ശരി പൊയ്‌ക്കോളൂ… ഉമ്മാ എല്ലാം ശരിയായിക്കോളും’.
കദീശുമ്മത്താത്ത ഡോക്ടറെ നോക്കി നന്ദിപൂര്‍വ്വം ഒന്നു പുഞ്ചിരിച്ചു.
പുറത്തു കടന്ന് ഉമ്മ നബീലിനോട് പറഞ്ഞു: ‘മോനേ… ഇനി നമുക്കൊരു കായപ്പവും ചായയും കുടിക്കാം.

*****

നബീല്‍ സ്മാര്‍ട്ട് ഫോണ്‍ ഒഴിവാക്കിയില്ല.
അതിശയം! അവന്‍ ഇപ്പോള്‍ തലയുയര്‍ത്തി നടക്കാന്‍ തുടങ്ങി!
ഉറക്കത്തില്‍ ഫോണിലെന്നവണ്ണം മാന്തുന്ന പ്രവണത പാടെ നിലച്ചു!
ഭക്ഷണത്തിന് വിളിച്ചാല്‍ കേള്‍ക്കാന്‍ തുടങ്ങി!
കുളിക്കാന്‍ അവന് വേണ്ടത്ര സമയം ലഭിച്ചു തുടങ്ങി!
അവന്‍ ഒരുങ്ങിയതിന് ശേഷം മാത്രം ബസ്സ് വരാന്‍ തുടങ്ങി!
കദീശുമ്മത്താത്തയുടെ ചൊറി മാറി!
എല്ലാം ശുഭം മംഗളം.          ി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 152 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day