|    Dec 4 Sun, 2016 11:38 am

ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളം ആയാല്‍ വഴിമാറുന്നത് ചരിത്രം

Published : 17th November 2016 | Posted By: SMR

എരുമേലി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചെറുവള്ളി എസ്റ്റേറ്റിന്റെ ചരിത്രം വിമാനത്താവളമാവുന്നതോടെ വഴിമാറുകയാണ്. കുതിരവണ്ടിയില്‍ ഇറങ്ങി പല്ലക്കില്‍ പോയിരുന്ന സായിപ്പുമാര്‍ ഉടമകളായി കശുമാവിന്‍തോട്ടങ്ങളും പിന്നീട് തെയിലതോട്ടവും ഒടുവില്‍ ഏഷ്യയിലെ ഏറ്റവും വലിയ റബര്‍ ഫാക്ടറിയുമായി മാറിയ ചെറുവള്ളി എസ്റ്റേറ്റാണ് ഇനി വിമാനങ്ങളുടെ ലാന്റിങിന് സാക്ഷ്യം വഹിക്കാന്‍ പോവുന്നത്.ഒപ്പം വര്‍ഷങ്ങളോളം ഒളിഞ്ഞും തെളിഞ്ഞും ഭൂസമരങ്ങളുടെ പരമ്പര സൃഷ്ടിച്ച സംഘടനകള്‍ക്കും എസ്റ്റേറ്റിന്റെ ഭൂമിയെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കും തീര്‍പ്പാവുകയും ചെയ്യും. 1904ല്‍ മറ്റക്കാട്ട് കുടുംബത്തിലെ ഭാഗ ഉടമ്പടി പ്രകാരം ജെ ആര്‍ വിന്‍സെന്റ് എന്നയാളിനു കൈവശം സിദ്ധിക്കുകയും 1923ല്‍ കൊല്ലം സബ് രജിസ്ട്രാര്‍ ഓഫിസില്‍ 1600ാം നമ്പരായി നടത്തിയ തീറാധാരവുമാണ് ചെറുവള്ളി എസ്റ്റേറ്റിന്റെ ആദ്യകാല ചരിത്രരേഖകള്‍. മലയാളം പ്ലാന്റേഷന്‍സിനായിരുന്നു ആദ്യ ഉടമസ്ഥാവകാശം. ഇതോടൊപ്പം സ്വകാര്യ പാട്ട അവകാശവും ഉണ്ടായിരുന്നു. പിന്നീട് പേര് മാറി മലയാളം പ്ലാന്റേഷന്‍ ലിമിറ്റഡ് കമ്പനിയെന്നായി.ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്, കൃഷ്ണന്‍ നമ്പൂതിരിപ്പാട് എന്നിവരില്‍ നിന്ന് സമീപ സ്ഥലങ്ങള്‍കൂടി വാങ്ങി എസ്റ്റേറ്റിന്റെ വിസ്തൃതി വര്‍ധിപ്പിച്ചു. 1980ല്‍ മിച്ചഭൂമി സംബന്ധിച്ച് വയനാട് ലാന്റ് ബോര്‍ഡ് നടപടികള്‍ സ്വീകരിച്ചു. 2005ലാണ് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ അധീനതയില്‍ എസ്റ്റേറ്റ് കൈവശമാവുന്നത്. ഇതിന് ശേഷമാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള വന്‍കിട റബര്‍ ഫാക്ടറി തീപിടുത്തത്തില്‍ കത്തിച്ചാമ്പലാവുന്നത്. ഇതോടെ റബര്‍ പാല്‍ കയറ്റി അയക്കുന്ന തോട്ടമായി ഉത്പാദനം മാറി. തണ്ടപ്പേര്‍ റദ്ദാക്കലും കരം ഒടുക്കുന്നത് റദ്ദാക്കിയുമാണ് എസ്റ്റേറ്റിനെതിരേ കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ ഏറ്റെടുക്കല്‍ നടപടികള്‍ കോടതിയിലേയ്ക്ക് എത്തുന്നത്. ആയിരക്കണക്കിനു തൊഴിലാളികള്‍ ജോലി ചെയ്ത തോട്ടമായിരുന്നു ഇത്. ജോലി സ്ഥലത്ത് കുഞ്ഞുങ്ങളെ ഉറക്കാന്‍ തൊട്ടിലും തണുപ്പ് കാലത്ത് തൊഴിലാളികള്‍ക്ക് കമ്പിളി പുതപ്പും സൗജന്യ ആശുപത്രിയും റേഷന്‍ തുണികളും ഒക്കെ ലഭിച്ചിരുന്നത് ഈസ്റ്റ് ഇന്ത്യ കമ്പനി ഈ തോട്ടം കൈവശം വച്ചിരുന്ന ആദ്യകാലത്തായിരുന്നു. ഉടമകള്‍ മാറി മാറി ഒടുവില്‍ തൊഴിലാളികളുടെ എണ്ണം 400ല്‍ എത്തി നില്‍ക്കുന്നു. നിലവില്‍ വന്‍ പ്രതിസന്ധിയാണ് തോട്ടത്തിന്റെ ഉടമയായ ബിലീവേഴ്‌സ് ചര്‍ച്ച് നേരിടുന്നത്. റബര്‍പാല്‍ വിറ്റ് കിട്ടുന്ന വരുമാനം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ പോലും തികയുന്നില്ല. ഈ പ്രതിസന്ധി നീണ്ടാല്‍ തോട്ടം ലോക്കൗണ്ട് ചെയ്യേണ്ടി വന്നേക്കുമെന്ന ആശങ്ക ഉയര്‍ന്നപ്പോഴാണ് വിമാനത്താവള പദ്ധതി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day