|    Dec 8 Thu, 2016 9:34 pm
FLASH NEWS

ചെറുകിട ജലസേചന വിഭാഗത്തിന് നിസ്സംഗത; പെരിക്കല്ലൂരില്‍ നെല്‍കൃഷി ഉണങ്ങുന്നു

Published : 25th October 2016 | Posted By: SMR

പുല്‍പ്പള്ളി: സംസ്ഥാന സര്‍ക്കാര്‍ നെല്‍കൃഷി പ്രോല്‍സാഹനത്തിനായി ഒട്ടനവധി പദ്ധതികള്‍ നടപ്പാക്കുമ്പോഴും മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂര്‍ പാടശേഖരത്തില്‍ ലാഭേച്ഛയില്ലാതെ കൃഷിക്കിറങ്ങിയ കര്‍ഷകര്‍ വിഷമവൃത്തത്തില്‍. ചെറുകിട ജലസേചന വിഭാഗത്തിന്റെ നിസ്സംഗ നിലപാടാണ് ഇതിനു കാരണം. പൊതുവെ വേനല്‍ രൂക്ഷമായി ബാധിക്കുകയും മണ്ണ് വിണ്ടുകീറുകയും ചെയ്യുന്ന പ്രദേശമായിട്ടു കൂടി കബനി നദിയിലെ വെള്ളം കണക്കാക്കിയാണ് 100 ഏക്കറുള്ള പെരിക്കല്ലൂര്‍ പാടശേഖരത്തില്‍ കര്‍ഷകര്‍ നെല്‍കൃഷി ചെയ്യുന്നത്. ഇത്തവണ ഇവിടെ കൃഷി ചെയ്തിട്ടുള്ളത് 80 ഏക്കറോളം വയലിലാണ്. മുമ്പ് കബനിയില്‍ നിന്നു കനാലിലൂടെ വെള്ളം എത്തിച്ചായിരുന്നു കൃഷി. കബനിക്കരയില്‍ ചെറുകിട ജലസേചന വകുപ്പ് ഇതിനായി മൂന്നു മോട്ടോറുകളും സ്ഥാപിച്ചിരുന്നു. മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ത്രീഫേസ് വൈദ്യുതി കണക്ഷനും ലഭ്യമാക്കി. എന്നാല്‍, രണ്ടുവര്‍ഷം മുമ്പ് ഇതില്‍ രണ്ടു മോട്ടോറുകള്‍ കേടായി. കേടായ മോട്ടോറുകള്‍ നന്നാക്കാന്‍ ചെറുകിട ജലസേചന വകുപ്പ് അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചില്ല. പകരം ശേഷിക്കുന്ന ഒരു മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ മൂന്നാമത്തെ മോട്ടോറും പ്രവര്‍ത്തനം നിലയ്ക്കുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കിത്തുടങ്ങി. ഇത്തവണ ഇവിടെ കൃഷിയിറക്കിയ നെല്‍ച്ചെടികള്‍ക്ക് അടിക്കണ പൊട്ടിയിട്ടുണ്ട്. ആവശ്യത്തിനു ജലം എത്തിക്കാന്‍ ശേഷിയില്ലാതെ ഏക മോട്ടോറും കിതയ്ക്കുകയാണ്. നാലു മണിക്കൂറെങ്കിലും പമ്പ് ചെയ്താല്‍ മാത്രമേ ഇപ്പോള്‍ കൃഷിയിറക്കിയിട്ടുള്ള വയലുകളില്‍ അത്യാവശ്യത്തിന് വെള്ളം എത്തിക്കാന്‍ കഴിയൂ. എന്നാല്‍, രണ്ടു മണിക്കൂറാവുമ്പോള്‍ തന്നെ മോട്ടോര്‍ ചൂടേറി പുകയുന്നു. ഇതോടെ പമ്പിങും നിലയ്ക്കുകയാണ് പതിവ്. പല ദിവസങ്ങളിലും പമ്പിങ് നടക്കാതായപ്പോള്‍ നെല്‍ച്ചെടികള്‍ വെള്ളമില്ലാതെ കരിഞ്ഞുതുടങ്ങി. കര്‍ഷകര്‍ പരാതിയുമായി ചെറുകിട ജലസേചന വിഭാഗം ഓഫിസില്‍ പലതവണ എത്തിയെങ്കിലും സര്‍ക്കാരില്‍ നിന്നു ഫണ്ട് ലഭ്യമാവുന്ന മുറയ്‌ക്കേ മോട്ടോര്‍ നന്നാക്കാന്‍ കഴിയൂവെന്ന മറുപടി പറഞ്ഞ് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയുകയാണ് അധികൃതര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day