|    Dec 10 Sat, 2016 8:09 pm

ചെമ്പ്ര എസ്റ്റേറ്റ് ലോക്കൗട്ട്; തൊഴിലാളികള്‍ സമരം ശക്തമാക്കി

Published : 14th November 2016 | Posted By: SMR

കല്‍പ്പറ്റ: മേപ്പാടി ചെമ്പ്ര എസ്റ്റേറ്റ് ലോക്കൗട്ടുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ നടത്തിവരുന്ന സമരം ശക്തമാക്കി. എസ്റ്റേറ്റിന്റെ മൂന്നു ഡിവിഷനുകളിലും തൊഴിലാളികള്‍ തേയില വിളവെടുപ്പ് നടത്തി. സമരത്തിന് പിന്തുണയുമായി സഹായസമിതി സജീവമായി രംഗത്തുണ്ട്. എസ്റ്റേറ്റ് ലോക്കൗട്ടിനെ തുടര്‍ന്ന് പട്ടിണിയിലായ കുടുംബങ്ങള്‍ക്കായി ചാക്കുകണക്കിന് അരിയും മറ്റു ഭക്ഷ്യവസ്തുക്കളുമാണ് സഹായസമിതി ശേഖരിച്ചത്. ഇതു പാടികള്‍ വിതരണം ചെയ്തു. രാജ്യസഭാംഗം എ പി അബ്ദുല്‍ വഹാബിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാത്തിമ ഫാംസ് എന്ന ചെമ്പ്ര എസ്റ്റേറ്റ്. 800ലധികം ഏക്കര്‍ വരുമിത്. സ്ത്രീകളടക്കം 316 തൊഴിലാളികളുള്ള തോട്ടം ഒക്‌ടോബര്‍ 27നാണ് മാനേജ്‌മെന്റ് പൂട്ടിയത്. ഇതേത്തുടര്‍ന്ന് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ എരുമക്കൊല്ലിയില്‍ റിലേ സത്യഗ്രഹം തുടങ്ങിയ തൊഴിലാളികള്‍ തോട്ടം തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനു ട്രേഡ് യൂനിയനുകളും തൊഴില്‍വകുപ്പും നടത്തിയ നീക്കങ്ങളുമായി മാനേജ്‌മെന്റ് നിസ്സഹകരിച്ച സാഹചര്യത്തിലാണ് കഴിഞ്ഞ വ്യാഴാഴ്ച എസ്റ്റേറ്റിലെ എരുമക്കൊല്ലി ഒന്ന് ഡിവിഷന്‍ കൈയേറി വിളവെടുപ്പ് തുടങ്ങിയത്. ആദ്യദിനം 468 കിലോ ചപ്പ് വെട്ടിയ തൊഴിലാളികള്‍ വെള്ളിയാഴ്ച ആറായിരവും ശനിയാഴ്ച ഏഴായിരവും കിലോ ചപ്പ് ശേഖരിച്ചു. മൂന്നു ഡിവിഷനുകളിലുമായി 236 തൊഴിലാളികളാണ് വിളവെടുപ്പിനിറങ്ങിയത്. ഷിയേഴ്‌സ് ഉപയോഗിച്ച് വെട്ടിയ തേയില ഇടനിലക്കാര്‍ മുഖേന തമിഴ്‌നാട്ടിലെ ഫാക്ടറികള്‍ക്കാണ് നല്‍കുന്നത്. ഇടനിലക്കാര്‍ വാഹനവുമായി തോട്ടത്തിലെത്തിയാണ് ചപ്പ് ശേഖിക്കുന്നത്. 35-40 കിലോ ചപ്പാണ് ഓരോ തൊഴിലാളിയും ശേഖരിക്കുന്നതെന്നു സംയുക്ത സമരസമിതി നേതാക്കളായ പി ഗഗാറിന്‍, പി കെ അനില്‍കുമാര്‍, കെ ടി ബാലകൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു. കിലോഗ്രാമിന് 12.50 രൂപ നിരക്കിലാണ് ചപ്പ് വില്‍ക്കുന്നത്. ഓരോ തൊഴിലാളിയും ശേഖരിക്കുന്ന ചപ്പില്‍ മൂന്ന് കിലോയുടെ വിലയാണ് സൂപ്പര്‍വൈസര്‍മാര്‍, വാച്ചര്‍മാര്‍, ലോഡിങ് വിഭാഗത്തിലുള്ളവര്‍ എന്നിവര്‍ക്ക് ഉപജീവനത്തിനായി നല്‍കുന്നത്. തൊഴിലാളികള്‍ നടത്തുന്ന വിളവെടുപ്പ് തോട്ടം കാടുപിടിച്ച് നശിക്കുന്നത് ഒഴിവാക്കുന്നതിനും സഹായകമാണെന്നു സമരസമിതി നേതാക്കള്‍ പറഞ്ഞു. എസ്റ്റേറ്റ് ബംഗ്ലാവ് പരിസരവും തൊഴിലാളികള്‍ വൃത്തിയായി സൂക്ഷിക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക