|    Dec 3 Sat, 2016 10:08 am
FLASH NEWS

ചെങ്ങന്നൂരില്‍ കിംവദന്തികള്‍ പ്രചരിക്കുന്നു; വട്ടംചുറ്റി പോലിസും

Published : 23rd November 2016 | Posted By: SMR

ചെങ്ങന്നൂര്‍: റോഡില്‍ അസാധുവായ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകെട്ടുകള്‍ ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്നും സ്‌കൂളില്‍ പോവാന്‍ കാത്തുനിന്ന കുട്ടികളെ മാരുതി വാനിലെത്തിയവര്‍ തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ചെന്നുമൊക്കെയുള്ള കിംവദന്തികള്‍ ചെങ്ങന്നൂരില്‍ വ്യാപകമായി പ്രചരിക്കുന്നു. ഇതോടെ പരിഭ്രാന്തരാകുന്നവരെ സമാധാനിപ്പിക്കാനും ആകാംക്ഷയോടെ അന്വേഷിക്കുന്നവരെ വിശ്വസിപ്പിക്കാനുമാവാതെ പോലിസും വട്ടം ചുറ്റുന്നു.  എല്ലാ ദിവസവും പുലര്‍ച്ചെ ഏതെങ്കിലും സ്ഥലത്ത് ആയിരത്തിന്റെ നോട്ടുകെട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടൈത്തിയെന്ന വാര്‍ത്തയോടെയാണ് ഇപ്പോള്‍ ചെങ്ങന്നൂരിലെ നഗരഗ്രാമങ്ങള്‍ ഉണരുന്നത്. പിന്നെ പോലിസിലും പത്രപ്രവര്‍ത്തകരെയും മറ്റും വിളിച്ച് അന്വേഷണം ആരംഭിക്കുന്നതോടെ അവരും രംഗത്തിറങ്ങുന്നു.  ചുരുക്കത്തില്‍ അല്‍പ സമയത്തിനകം പ്രദേശത്ത് ഉല്‍സവത്തിരക്കിന്റെ ആള്‍ക്കൂട്ടമാണ് അനുഭവപ്പെടുന്നത്. ഇതോടെ ഗതാഗത നിയന്ത്രണവും പോലിസിനു തലവേദനയാവും. ആളുകളുടെ ആശങ്ക മുതലെടുത്ത്  കള്ളപ്രചാരണം നടത്തി സായൂജ്യമടയുന്ന ചിലരാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനു പിന്നിലെന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്നും പോലിസ് പറയുന്നു. രാത്രികാലങ്ങളിലടക്കം ശക്തമായ പോലിസ് പട്രോളിങ്് ഏര്‍പ്പെടുത്തിയിട്ടുള്ളതായും അസ്വാഭാവികമായി കാണുന്നവരെയും വാഹനങ്ങളെയും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും എസ്‌ഐ എം സുധിലാല്‍ പറഞ്ഞു.  ഇതുപോലെ തന്നെയാണ്  വാനിലെത്തിയവര്‍ കുട്ടികളെ തട്ടിക്കൊണ്ട് പോവാന്‍ ശ്രമിച്ചെന്ന വാര്‍ത്തയും പ്രചരിക്കുന്നത്. കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ ഇത്തരത്തില്‍ ശ്രമം നടക്കുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് കഴിഞ്ഞ ദിവസം ഒരു ടിവി പരിപാടിയില്‍ പ്രക്ഷേപണം ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ കാരയ്ക്കാട് മാന്തുകയ്ക്കു സമീപം നീല മാരുതി വാനിലെത്തിയവര്‍  ഒരു സ്‌കൂള്‍ കുട്ടിയെ പിടിച്ച് വാഹനത്തിലേക്കു കയറ്റാന്‍ ശ്രമിച്ചതായി കണ്ടെന്ന തരത്തില്‍ വാര്‍ത്ത പ്രചരിക്കുകയും പോലിസില്‍ അന്വേഷിക്കുകയും ചെയ്തു. എന്നാല്‍ ഇങ്ങനെയൊരു സംഭവം പ്രദേശത്ത് നടന്നതായി ആരും അറിഞ്ഞിട്ടില്ല. പോലിസിലും പരാതിയില്ല. ഇത്തരം സാഹചര്യങ്ങളില്‍ പരിശോധനയ്ക്ക് പോലിസ് സജ്ജമാണെന്നും നിയമം കൈയ്യിലെടുക്കാന്‍ ആരേയും അനുവദിക്കില്ലെന്നും പോലിസ് വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day