|    Dec 8 Thu, 2016 1:19 pm
FLASH NEWS

ചീഫ് ടൗണ്‍പ്ലാനര്‍ ഓഫിസില്‍ മന്ത്രി ജലീലിന്റെ മിന്നല്‍ സന്ദര്‍ശനം

Published : 25th November 2016 | Posted By: SMR

തിരുവനന്തപുരം: ചീഫ് ടൗണ്‍ പ്ലാനറുടെ ഓഫിസ് പ്രവര്‍ത്തിക്കുന്ന സ്വരാജ് ഭവനില്‍ തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീലിന്റെ മിന്നല്‍ സന്ദര്‍ശനം. പ്രവൃത്തിസമയം തുടങ്ങി മുക്കാല്‍ മണിക്കൂറിന് ശേഷമാണ് സന്ദര്‍ശനം നടത്തിയതെങ്കിലും പകുതിയോളം ജീവനക്കാര്‍ മാത്രമേ സീറ്റിലുണ്ടായിരുന്നുള്ളൂ. ഇവരില്‍ ഭൂരിഭാഗവും വനിതാ ജീവനക്കാരായിരുന്നു.
മന്ത്രി എത്തിയതറിഞ്ഞ് ചിലര്‍ ഓടിയെത്തി. ഹാജര്‍ ബുക്ക് പരിശോധിച്ച മന്ത്രി, അവധി അപേക്ഷ നല്‍കാതെ ഓഫിസ് സമയത്ത് ജീവനക്കാര്‍ മുങ്ങിയതിനെക്കുറിച്ച് റിപോര്‍ട്ട് നല്‍കാന്‍ ചീഫ് ടൗണ്‍പ്ലാനറോട് ആവശ്യപ്പെട്ടു. ചീഫ് ടൗണ്‍പ്ലാനറുടെ ഓഫിസുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദര്‍ശനമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
120 ജീവനക്കാരാണ് ഇവിടെയുള്ളത്. 20 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. എന്നാല്‍, പകുതിയിലധികം ജീവനക്കാരും സന്ദര്‍ശന സമയത്ത് ഇല്ലായിരുന്നു. ചിലര്‍ അവധിയെടുക്കാന്‍ സാധ്യതയുണ്ട്. സീറ്റിലില്ലായിരുന്ന എല്ലാവര്‍ക്കും ഒരുമിച്ച് ലീവെടുക്കാനുള്ള അനുമതി വകുപ്പ് മേധാവി കൊടുത്തിട്ടില്ല.
ചില ഉദ്യോഗസ്ഥരുടെ നടപടി വകുപ്പിന് ദുഷ്‌പേരുണ്ടാക്കുന്നതായി വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരേ നടപടിയുമായി മുന്നോട്ടുപോവും.
കോര്‍പറേഷനുകളില്‍ ഉള്‍പ്പെടെ കൈക്കൂലി വാങ്ങുന്നവരെ ഒരുവിധത്തിലും സംരക്ഷിക്കില്ല. തെളിവുകളോടെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ അഴിമതിക്കാര്‍ക്കെതിരേ ഉറപ്പായും നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ രാവിലെ 10.45നായിരുന്നു മന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം. അഡീഷനല്‍ െ്രെപവറ്റ് സെക്രട്ടറി എം എസ് ഏബ്രഹാം, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എം രാഘവന്‍ എന്നിവരോടൊപ്പമാണ് മന്ത്രി എത്തിയത്.
ചീഫ് ടൗണ്‍ പ്ലാനര്‍ രമണനുമൊത്ത് ഓഫിസിന്റെ വിവിധ സെക്ഷനുകളില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് പല സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. അഴിമതി, കൈക്കൂലി ആരോപണങ്ങള്‍ക്ക് വിധേയരായ തലസ്ഥാന കോര്‍പറേഷനിലെ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഉള്‍പ്പെടെ നാലു ഉന്നത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതിന് തൊട്ടുപിന്നാലെയാണ് സിടിപി ഓഫിസില്‍ മന്ത്രി നേരിട്ട് സന്ദര്‍ശനം നടത്തിയത്. ഇവിടെയും അപ്രതീക്ഷിത പരിശോധനകളുണ്ടാവുമെന്ന് മന്ത്രി സൂചിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day