|    Dec 3 Sat, 2016 7:11 pm
FLASH NEWS

ചില്ലറയെ ചൊല്ലി പലയിടത്തും തര്‍ക്കം; മുതലെടുത്ത് കരിഞ്ചന്തക്കാര്‍

Published : 10th November 2016 | Posted By: SMR

കണ്ണൂര്‍: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു ശേഷം ഇന്നലെ നഗരത്തിലും മറ്റും ചില്ലറയെ ചൊല്ലി പലയിടത്തും തര്‍ക്കം. ചിലയിടങ്ങളിലെ തര്‍ക്കം പോലിസെത്തിയാണ് പരിഹരിച്ചത്. ആശങ്കയ്ക്കപ്പുറം നിത്യചെലവിനു പോലും ചില്ലറയില്ലാത്തതാണ് പലരെയും ചോടിപ്പിച്ചത്. അതേസമയം, അവസരം മുതലെടുത്ത് കരിഞ്ചന്തക്കാരും രംഗത്തിറങ്ങി. ചൊവ്വാഴ്ച അര്‍ധരാത്രിവരെ നോട്ടുകള്‍ക്ക് പ്രാബല്യമുണ്ടായിരുന്നെങ്കിലും ഇന്നലെ രാവിലെ പലരും നോട്ട് വാങ്ങാന്‍ തയ്യാറാവാത്തതാണ് തര്‍ക്കത്തിനിടയാക്കിയത്. പെട്രോള്‍ പമ്പുകളില്‍ എത്തിയവരില്‍നിന്ന് 500ന്റെ നോട്ട് വാങ്ങി പെട്രോളടിച്ചു കൊടുക്കാന്‍ മിക്ക പമ്പുകാരും തയാറായില്ല. സ്വീകരിക്കുന്ന 500ന്റെ നോട്ടുകള്‍ക്ക് കൃത്യമായ റെക്കോഡ് സൂക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. വാഹന നമ്പറടക്കമുള്ളവ കുറിച്ചുവയ്ക്കണം. തിരക്കേറിയ സമയങ്ങളില്‍ ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് പെട്രോള്‍ ബങ്കുകാരെ നോട്ട് മടക്കാന്‍ പ്രേരിപ്പിച്ചത്. മാത്രമല്ല, നോട്ടുകള്‍ ബാങ്കുകളില്‍നിന്ന് എപ്പോഴാണ് മാറിക്കിട്ടുകയെന്നതു സംബന്ധിച്ച അനിശ്ചിതത്വവും പമ്പ് ജീവനക്കാരെ കുഴക്കി. പലയിടത്തും രാവിലെ തന്നെ ചില്ലറ നല്‍കണമെന്ന് അറിയിപ്പ് പ്രത്യക്ഷപ്പെട്ടിരുന്നു. ചിലര്‍ 500 നും 1000നും ഇന്ധനമടിക്കുകയു ചെയ്തു. എടക്കാട് പെട്രോള്‍ പമ്പില്‍ ഇതേച്ചൊല്ലി വാക്ക് തര്‍ക്കമുണ്ടായി. 500 രൂപയുമെടുത്ത് ഇന്ധനം നിറയ്ക്കാനെത്തി 50 രൂപയുടെ എണ്ണയടിക്കാന്‍ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിനിടയാക്കിയത്. കൈയ്യിലുണ്ടായിരുന്ന ചില്ലറയൊക്കെ തീര്‍ന്നതോടെ ചില്ലറയുള്ളവര്‍ക്ക് ഇന്ധനം നല്‍കാമെന്നു പറഞ്ഞെങ്കിലും ചിലര്‍ ഇത് ചോദ്യംചെയ്തു. പെട്രോള്‍ പമ്പുകളില്‍ 500, 1000 നോട്ടുകള്‍ സ്വീകരിക്കണമെന്നു നിര്‍ദേശമുണ്ടെന്നായിരുന്നെന്നായിരുന്നു ഇവരുടെ വാദം. ഒടുവില്‍ എടക്കാട് പോലിസെത്തി പ്രശ്‌നപരിഹാര ഫോര്‍മൂല മുന്നോട്ടുവയ്ക്കുകയായിരുന്നു. 500 രൂപ നോട്ടുകള്‍ കൊണ്ടുവരുന്നവര്‍ ബാക്കി ചോദിക്കരുതെന്നും മുഴുവന്‍ പണത്തിനും പെട്രോള്‍ കൊടുക്കണമെന്നും പോലിസ് നിര്‍ദേശിച്ചു. ഇത് പമ്പുടമകള്‍ അംഗീകരിച്ചതോടെ പ്രശ്‌നം പരിഹരിച്ചു. തളിപ്പറമ്പ് ഹൈവേയിലാണ് കരിഞ്ചന്തക്കാര്‍ നിലയുറപ്പിച്ചത്. 500 രൂപയുടെ കറന്‍സികള്‍ക്കു പകരമായി 400 രൂപയാണു നല്‍കിയത്. ചില്ലറയില്ലാത്തതിനാല്‍ അവശ്യകാര്യങ്ങള്‍ പോലും നടക്കാത്തവര്‍ പലരും ഇവരില്‍ നിന്നു 100 രൂപ നഷ്ടത്തിലും ചില്ലറ വാങ്ങുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day