|    Dec 4 Sun, 2016 1:41 pm

ചില്ലറയില്ല; തിരക്കൊഴിഞ്ഞ് കോഴിക്കോട് നഗരം

Published : 14th November 2016 | Posted By: SMR

കോഴിക്കോട്: ചില്ലറക്ഷാമം രൂക്ഷമായതോടെ നഗരത്തില്‍ കച്ചവട മേഖലയും പ്രതിസന്ധിയിലായി. 1000, 500 നോട്ടുകള്‍ പിന്‍വലിച്ചതോടെ സാധാരണ എല്ലാ ഞായറാഴ്ചകളിലും വലിയ തിരക്ക് അനുഭവപ്പെട്ടിരുന്ന സണ്‍ഡേ മാര്‍ക്കറ്റില്‍ ഇന്നലെ തിരക്കില്ലായിരുന്നു. പതിവില്‍ നിന്ന് വിപരീതമായി കഴിഞ്ഞ കുറെ ദിവസത്തെ അറുതിക്ക് വിരാമമാവുമെന്ന പ്രതീക്ഷയില്‍ കൂടുതല്‍ കടകളും ഇന്നലെ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. കടക്കാരെ മാത്രമല്ല, തെരുവോര കച്ചവടത്തെയും ചില്ലറക്ഷാമം കാര്യമായി തന്നെ ബാധിച്ചു. സജീവമായിരുന്ന പല തെരുവോര കച്ചവടവും ഇന്നലെ തിരക്കൊഴിഞ്ഞ നിലയിലാണ്. ചില്ലറ ക്ഷാമം ബാധിച്ച മറ്റൊരു മേഖല പഴം-പച്ചക്കറി കച്ചവടമാണ്. 2000ത്തിന്റെ പുതിയ നോട്ടുമായി പച്ചക്കറി വാങ്ങാനെത്തുന്നവര്‍ക്ക് മുമ്പില്‍ കടക്കാരും നിസ്സഹായരാവുകയാണ്. കാരണം ബാക്കി കൊടുക്കാന്‍ ചില്ലറയില്ല. ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന പച്ചക്കറി വ്യാപാരം ദിവസങ്ങളായി ചലനമറ്റ നിലയിലാണ്. പാളയം പച്ചക്കറി മാര്‍ക്കറ്റില്‍ എത്തുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവാണ്  അനുഭവപ്പെടുന്നത്. പല കടകള്‍ക്കു മുമ്പിലും ചില്ലറ തരണമെന്ന ബോര്‍ഡും വച്ചിരുന്നു. ഞായറാഴ്ചകളില്‍ സാധാരണ തിങ്ങിനിറഞ്ഞിരുന്ന മാനാഞ്ചിറ മൈതാനത്ത് ഇന്നലെ വൈകീട്ട് സമയം ചെലവിടാനെത്തിയവരുടെ എണ്ണത്തിലും കുറവുണ്ടായിരുന്നു.പേരാമ്പ്ര: ഗ്രാമങ്ങളിലുള്‍പ്പെടെ 100, 50 രൂപാ നോട്ടുകള്‍ക്ക് കടുത്ത ക്ഷാമം. 1000, 500 നോട്ടുകള്‍ അസാധുവാക്കപെട്ടത് മാറ്റി വാങ്ങാന്‍ അഞ്ചാം ദിവസമായ ഇന്നലെ ഞായറാഴ്ചയും ബാങ്കുകള്‍ക്ക് മുമ്പില്‍ നീണ്ട ക്യൂ തുടര്‍ന്നു. പലേടത്തും ഉച്ചയോടെ നീണ്ടനിര രൂപപ്പെട്ടതോടെ ബാങ്ക് അധികൃതര്‍ രണ്ടരയോടെ ടോക്കണ്‍ നല്‍കിയാണ് പണം നല്‍കിയത്. എസ്ബിടി, എസ്ബിഐ, കാനറാ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, എന്നിവിടങ്ങളിലും വലിയ ക്യൂ ആയിരുന്നു ഇന്നലെയും. ഞായറാഴ്ച ബാങ്ക് പ്രവര്‍ത്തിച്ചത് നാട്ടുകാര്‍ക്ക്  ആശ്വാസമായെങ്കിലും പലര്‍ക്കും ലഭിച്ചത് 2000ത്തിന്റെ ഒറ്റ നോട്ടായിരുന്നു. ഇന്നലെ പച്ചക്കറിക്കട, മലല്‍സ്യ മാര്‍ക്കറ്റ്, മസാലകടകള്‍ എന്നിവിടങ്ങളില്‍ കച്ചവടം വളരെ കുറഞ്ഞതായി പറയുന്നു. പച്ചത്തേങ്ങ തൂക്കിവാങ്ങുന്നവര്‍ക്ക് ചില്ലറക്ഷാമം രൂക്ഷമായത് കച്ചവടത്തെ ബാധിച്ചു. നാളെ മുതല്‍ കടകള്‍ അടച്ചിടുവാനുള്ള വ്യാപാരികളുടെ തിരുമാനം കൂടിയാവുന്നതോടെ ജനജീവിതം പ്രതിസന്ധിയിലാവുമെന്നാണ് നിരീക്ഷണം. 1000, 500 നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ പകരം സംവിധാനം ഏര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് കടമുടക്കം. ഗ്രാമ-നഗരമേഖലകളില്‍ നിര്‍മാണമേഖല സ്തംഭിച്ച അവസ്ഥയാണ്. തൊഴിലെടുത്ത പലര്‍ക്കും കൂലി വാങ്ങാന്‍ കഴിഞ്ഞില്ല. പണം കൈയ്യിലുണ്ടെങ്കിലും പലരും കടകളില്‍ നിന്നു സാധനം കടം വാങ്ങിയാണ് നാള്‍ കഴിച്ചത്. ഇന്നലെയോടെ പ്രശ്‌നം പരിഹരിക്കാമെന്ന് വിചാരിച്ചവര്‍ക്ക് ഒറ്റനോട്ടിന്റെ രണ്ടായിരം രൂപയാണ് കിട്ടിയത്. നാളെ കടമുടക്കം കൂടിയാണെങ്കില്‍ ഗ്രാമങ്ങളില്‍ ദുരിതം രൂക്ഷമാകും. വിവിധ ബാങ്കുകളില്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറന്നും മാറ്റി വാങ്ങുന്നവയില്‍ 100, 50, രൂപ നോട്ടുകള്‍ കൂടുതല്‍ അനുവദിച്ചും നോട്ട്ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യമുയര്‍ന്നു. വൈകീട്ട് അഞ്ചു മണിയോടെ പേരാമ്പ്രയിലെ മൂന്നു പെട്രോള്‍ പമ്പുകളും ചില്ലറ ക്ഷാമത്തെ തുടര്‍ന്ന് അടച്ചത് ജനങ്ങളെ വലച്ചു.വടകര: പിടിക്കേണ്ടത് കള്ളപ്പണക്കാരെ, കഷ്ടപ്പെടുത്തേണ്ടത് സാധാരണക്കാരെയല്ല എന്ന മുദ്രാവാക്യമുയര്‍ത്തി എഐവൈഎഫ് പ്രവര്‍ത്തകര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വടകര ബ്രാഞ്ചിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് ജില്ലാ പ്രസിഡന്റ് എന്‍ എം ബിജു ഉദ്ഘാടനം ചെയ്തു. കെ പി ബിനൂപ് അധ്യക്ഷത വഹിച്ചു. സോമന്‍ മുതുവന, അഭിജിത്ത് കോറോത്ത്, ശ്രീജിത്ത് മുടപ്പിലാവില്‍, സി കെ ബിജിത്ത്‌ലാല്‍ സംസാരിച്ചു.

എസ്ഡിപിഐ പ്രകടനം നടത്തി

കോഴിക്കോട്: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ മാറിയെടുക്കാന്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്ഡിപിഐ നടത്തിയ പ്രകടനത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ പ്രതിഷേധമിരമ്പി. ജില്ലാ കമ്മിറ്റി ഓഫിസില്‍ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിച്ചു. സൗത്ത് മണ്ഡലം പ്രസിഡന്റ് റഊഫ് കുറ്റിച്ചിറ, സെക്രട്ടറി സക്കീര്‍ ആനമാട്, നോര്‍ത്ത് പ്രസിഡന്റ് ഖയ്യൂം, സെക്രട്ടറി ഗഫൂര്‍ വെള്ളയില്‍, എലത്തൂര്‍ മണ്ഡലം പ്രസിഡന്റ് വാഹിദ് ചെറുവറ്റ, സി പി നൗഷീര്‍, എ റാഫി നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day