|    Dec 5 Mon, 2016 3:53 am

ചില്ലറനോട്ടുകള്‍ക്കായി ജനം പരക്കംപായുന്നു: വ്യാപാരസ്ഥാപനങ്ങളില്‍ വന്‍ മാന്ദ്യം

Published : 12th November 2016 | Posted By: SMR

പറവൂര്‍: കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പില്ലാതെ 1000, 500 കറന്‍സികള്‍ നിരോധിച്ചതോടെ ജനജീവിതം സ്തംഭിച്ചു. പറവൂര്‍ മേഖലയില്‍ സ്വര്‍ണാഭരണ വില്‍പന കേന്ദ്രങ്ങള്‍ ഉള്‍പെടെ ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങളില്‍ പകുതിയോളം അടഞ്ഞുകിടന്നു. വഴിയോര കച്ചവടക്കാരും നിരത്തുകളില്‍നിന്നും മാറി. പെട്രോള്‍ പമ്പുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ സ്വീകരിക്കുമെന്നുള്ള അറിയിപ്പ് ഉണ്ടായതോടെ ആളുകള്‍ കൂട്ടമായി എത്തിയത് വാക്ക് തര്‍ക്കത്തിന് കാരണമായി. പല പെട്രോള്‍ പമ്പുകളിലും സര്‍ക്കാര്‍ നിരോധിച്ച നോട്ടുമായി എത്തിയതോടെ പമ്പുടമകളും വിഷമത്തിലായി. നൂറും ഇരുന്നൂറും രൂപയ്ക്കും ഇന്ധനം നിറച്ചതിനുശേഷം ബാക്കി കൊടുക്കാന്‍ പല പമ്പുകാരും തയ്യാറായില്ല. ഇത് കൂടുതല്‍ തര്‍ക്കത്തിനും ബഹളത്തിനും വഴിവച്ചു. പല പമ്പുകാരും 500 രൂപയ്ക്ക് മൊത്തമായി തന്നെ ഇന്ധനം നല്‍കുകയുള്ളൂവെന്ന് നിര്‍ബന്ധം പിടിച്ചു. ആശുപത്രികളില്‍ പണം സ്വീകരിച്ചുവെങ്കിലും ബാക്കി തുക നല്‍കാതെ ബില്ലില്‍ കുറിച്ചുകൊടുത്തു വിടുകയായിരുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും സ്വ ര്‍ണക്കടകളും പൂര്‍ണമായും അടഞ്ഞുകിടന്നു. മറ്റ് സ്ഥാപനങ്ങളില്‍ പകുതിയോളം മാത്രമാണ് തുറന്ന് പ്രവര്‍ത്തിച്ചത്. എന്നാല്‍ മുന്‍ ദിവസത്തെ അപേക്ഷിച്ച് നാലിലൊന്ന് കച്ചവടം പോലും നടന്നിട്ടില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. കെഎസ്ആര്‍ടിസി ബസ്സുകളില്‍ യാത്രക്കാരും കണ്ടക്ടര്‍മാരും തമ്മില്‍ ചില്ലറ സംബന്ധിച്ച് തര്‍ക്കം ഉണ്ടായി. 1000, 500 നോട്ടുകള്‍ മാറുന്നതിനായി സാധാരണക്കാര്‍ കടകളിലും മറ്റു വാണിജ്യ സ്ഥാപനങ്ങളിലും കയറിയിറങ്ങിയെങ്കിലും ആരും തന്നെ മാറ്റികൊടുക്കാന്‍ തയ്യാറായിരുന്നില്ല. മരട്: കേന്ദ്ര സര്‍ക്കാരിന്റെ പൊടുന്നയുണ്ടായ നോട്ടു പിന്‍വലിക്കല്‍ സാധാരണക്കാരെ കുറച്ചൊന്നുമല്ല വലച്ചത്. അന്നന്ന് പണിയെടുത്തു ജീവിതം തള്ളിനീക്കുന്നവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെട്ടുപോയത്. 500, 1000 രൂപ നോട്ടുകള്‍ ദൈനം ദിന ആവശ്യത്തിന് കരുതിവച്ചിരുന്നവര്‍ യഥാര്‍ഥത്തില്‍ വളരെയേറെ കഷ്ടപ്പെട്ട ദിനങ്ങളായിരുന്നു കടന്നുപോയത്. ഇന്നലെ രാവിലെ മുതല്‍ തന്നെ മരട് പ്രദേശത്തെ എല്ലാ ബാങ്കുകളിലും നല്ല തിരക്കായിരുന്നു. ജോലിയുപേക്ഷിച്ചാണ് ആളുകള്‍ ബാങ്കുകളില്‍ തങ്ങളുടെ കൈവശമുള്ള പണം മാറ്റി വാങ്ങാനെത്തിയത്. നെട്ടൂരിലെ വിജയബാങ്കില്‍ ജനത്തിരക്ക് ഏറെ അനുഭവപ്പെട്ടതിനാല്‍ പോലിസെത്തി നിയന്ത്രിക്കേണ്ടതായും വന്നു. മരടിലെ മിക്ക ബാങ്കുകളിലും വൈകീട്ടു വരെ നല്ല തിരക്കായിരുന്നു. എന്നാല്‍ കുണ്ടന്നൂരിലെ പഞ്ചാബ് നാഷനല്‍ ബാങ്കില്‍ രണ്ടു തവണ ഒരേ പേരില്‍ തിരിച്ചറിയല്‍ രേഖ രണ്ടു തരത്തിലുള്ളവ കാണിച്ചുപണം വാങ്ങാന്‍ വന്ന വിരുതന്മാരും ഉണ്ടായി. അവസാനം പേര് എന്റര്‍ ചെയ്യാനാവാതെ കണ്ടുപിടിച്ചു പിന്‍ വാങ്ങിയവരും ഇന്നലെ ഉണ്ടായിരുന്നു. എന്നാല്‍ സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കാന്‍ സാധിക്കുമെന്നുള്ളതിനാല്‍ മരടിലും നെട്ടൂരും ഉള്ള സഹകരണ ബാങ്കില്‍ നല്ല തിരക്കായിരുന്നെങ്കിലും, 10.30 ആയപ്പോള്‍ സഹകരണ വകുപ്പു ഉദ്യോഗസ്ഥരുടെ ബാങ്കില്‍ പണം സ്വീകരിക്കാന്‍ പാടില്ല എന്നുള്ള പെട്ടെന്നുള്ള അറിയിപ്പു വന്നത് സഹകാരികളെ വെട്ടിലാക്കി. എന്തു ചെയ്യുമെന്നറിയാതെ ജീവനക്കാരും കുടുങ്ങി. പകരം ഉത്തരവു ലഭിക്കാതെ തങ്ങള്‍ക്കൊന്നും ചെയ്യാനാവില്ല എന്നും ചെയ്താല്‍ ജീവനക്കാരും ഭരണ സമിതിയുടേയും പേരില്‍ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ അക്കമിട്ടു പറഞ്ഞിരുന്നു. ഒടുവില്‍ രണ്ടു മണിയോടെ സര്‍ക്കാര്‍ തലത്തില്‍ മേല്‍പറഞ്ഞ ബാങ്കുകളില്‍ പണം സ്വീകരിക്കാമെന്നുള്ള ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്ത പരന്നതോടെ വീണ്ടുമെത്തി ജനകൂട്ടം. എന്നാല്‍ തങ്ങള്‍ക്ക് രേഖാമൂലം ഉത്തരവ് ലഭിക്കാതെ ഇടപാടുകള്‍ നടത്താനാവില്ലെന്നും ജീവനക്കാര്‍ ഉറച്ചുനിന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day