|    Oct 25 Tue, 2016 9:19 pm

ചിറ്റുമല ബ്ലോക്ക് പ്ലാസ്റ്റിക് മാലിന്യരഹിതമാക്കും: മന്ത്രി

Published : 15th August 2016 | Posted By: SMR

കുണ്ടറ: ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യരഹിത ബ്ലോക്ക് പഞ്ചായത്താക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹരിത കുണ്ടറ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടക്കുന്ന പ്ലാസ്റ്റിക് മാലിന്യരഹിത പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടുകാര്‍ സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന മണ്‍ട്രോതുരുത്ത്, കിഴക്കേകല്ലട, പേരയം, കുണ്ടറ, പെരിനാട്, പനയം, തൃക്കരുവ പഞ്ചായത്തുകളുടേയും ജില്ലാ ശുചിത്വമിഷന്റെയും സംയുകത സഹകരണത്തോടെയാണ് പ്ലാസ്റ്റിക് മാലിന്യനിര്‍മാര്‍ജന യജ്ഞത്തിന് തുടക്കം കുറിക്കുന്നത്. ചിറ്റുമല ബ്ലോക്കിന് നിര്‍മല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പുരസ്‌കാരമായി ലഭിച്ച 15 ലക്ഷം രൂപയും പദ്ധതി വിഹിതത്തില്‍ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വച്ചിട്ടുള്ള 39 ലക്ഷം രൂപയും പ്ലാസ്റ്റിന് മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കും ബദല്‍ സംവിധാനങ്ങള്‍ക്കും ചെലവഴിക്കാനാണ് തീരുമാനം. ബ്ലോക്ക് പരിധിയിലെ 108 വാര്‍ഡുകളിലും ജന പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വിളിച്ചുചേര്‍ത്ത യോഗങ്ങളില്‍ ഗ്രാമപ്പഞ്ചായത്ത് സമിതിയംഗങ്ങള്‍ക്ക് പുറമെ വിഇഒമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ സിഡിഎസ്, എഡിഎസ് അംഗങ്ങള്‍, തൊഴിലുറപ്പ് മേറ്റുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.വാര്‍ഡംഗങ്ങള്‍ വാര്‍ഡുതല പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കും. പ്രവര്‍ത്തകര്‍ വീടുകളിലെത്തി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കും. ഇവയുടെ ശേഖരണത്തെപ്പറ്റി പ്രവര്‍ത്തകര്‍ നോട്ടീസ് വീടുകളിലെത്തിക്കും.
നിശ്ചിത ദിവസം സ്‌കൂളുകള്‍, വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഓരോ പഞ്ചായത്തിലെയും മൂന്ന് കേന്ദ്രങ്ങളില്‍ സൂക്ഷിക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള വാഹനമെത്തി അവ ശേഖരിച്ച് അടൂരിലെ വിജയ് പോളിമേഴ്‌സ് എന്ന സ്ഥാപനത്തിന് കൈമാറും. 18ന് രാവിലെ 11ന് തൃക്കരുവ ഗ്രാമപ്പഞ്ചായത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കയറ്റിയ വാഹനം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഫഌഗ് ഓഫ് ചെയ്യും. ഇതേദിവസം തന്നെ മറ്റ് ആറ് പഞ്ചായത്തുകളില്‍ നിന്നും മാലിന്യങ്ങള്‍ ബ്ലോക്ക് പഞ്ചായത്തില്‍ എത്തിക്കും.
കിഴക്കേ കല്ലട ഗ്രാമപ്പഞ്ചായത്തിലും ബ്ലോക്ക് ഓഫിസിലും ശേഖരിക്കുന്നപ്ലാസ്റ്റിക് മാലിന്യം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ബ്ലോക്ക് ഓഫിസ് അങ്കണത്തില്‍ നിന്നും വാഹനത്തില്‍ കയറ്റുന്നതോടെ ആദ്യദിനത്തിലെ പ്ലാസ്റ്റിക് മാലിന്യശേഖരണം സമാപിക്കും.
എല്ലാ മാസവും നിശ്ചിത തിയ്യതികളില്‍ പ്രവര്‍ത്തനം തുടരും. ആദ്യഘട്ടത്തില്‍ പ്ലാസ്റ്റിക് മാലിന്യ രഹിത ബ്ലോക്ക് പഞ്ചായത്തായും അടുത്തഘട്ടത്തില്‍ പ്ലാസ്റ്റിക് രഹിത ബ്ലോക്ക് പഞ്ചായത്തായും മാറ്റാനാണ് പദ്ധതിയെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സന്തോഷ് അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് സിന്ധു മോഹന്‍, വിജയ് പോളിമേഴ്‌സ് മാനേജിങ് പാര്‍ട്ണര്‍ വി ബിജു, പാര്‍ട്ണര്‍ സി വി പ്രകാശ്, ജില്ലാ പ്രോജക്ട് ഡയറക്ടര്‍ എ ലാസര്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്ലാവറ ജോണ്‍ ഫിലിപ്, അസിസ്റ്റന്റ് കോ- ഓര്‍ഡിനേറ്റര്‍ സി എഫ് മെല്‍വിന്‍, ചിറ്റുമല ബ്ലോക്ക് വനിതാ ക്ഷേമ ഓഫിസര്‍ അജി ഏബ്രഹാം എന്നിവരും പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day