|    Dec 7 Wed, 2016 1:24 am
FLASH NEWS

ചികില്‍സ നിഷേധിച്ചു; മകനെ പോലിസ് ലോക്കപ്പിലിട്ട് മര്‍ദിച്ചതായി മാതാവ്

Published : 14th November 2016 | Posted By: SMR

തിരൂരങ്ങാടി: ഓട്ടോ ഡ്രൈവറായ യുവാവിനെ അകാരണമായി വാഹനത്തിലും ലോക്കപ്പിലിട്ടും മര്‍ദ്ദിച്ചവശനാക്കുകയും ചികില്‍സ നിഷേധിക്കുകയും ചെയ്തതായി മാതാവിന്റെ പരാതി. വെന്നിയൂര്‍ വാളക്കുളം പെരുവന്‍ കുഴിയില്‍ അബ്ദുസലാമി (35)ന്റെ ബന്ധുക്കളാണ് താനൂര്‍ എസ്‌ഐ സുമേഷിനെതിരേ പരാതിയുമായി രംഗത്തെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ പറയുന്നതിങ്ങനെ; കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടുക്കുന്നത്. നന്നമ്പ്ര കല്ലത്താണി എസ്എന്‍ യുപി സ്‌കൂള്‍ പരിസരത്തുവച്ച് അബ്ദുസലാം ഓടിച്ച ഓട്ടോറിക്ഷയ്ക്ക് മൂന്നുപേര്‍ കൈകാണിച്ചിരുന്നു. സംഘത്തെ മദ്യം മണക്കുന്നതിനാല്‍ തനിക്ക് വെന്നിയൂരിലേക്ക് തിരിച്ചുപോവാനുള്ള എണ്ണ മാത്രമേ വാഹനത്തിലുള്ളൂ എന്ന് അറിയിച്ച് അവര്‍ ആവശ്യപ്പെട്ട സ്ഥലത്തേക്ക് ഓട്ടം പോവാന്‍ സലാം തയ്യാറായിരുന്നില്ല. പോവുന്ന വഴിയില്‍ തയ്യാല വരെ കൊണ്ടു പോവാമെന്നറിയിച്ചെങ്കിലും തങ്ങള്‍ പോലിസാണെന്ന് അറിയിച്ച ശേഷം മൂവരും ബലമായി വാഹനത്തില്‍ കയറി. ഓട്ടോ തയ്യാല ടൗണിലേക്ക് പോവുകയും ടൗണിലെത്തിയ ശേഷം സംഘം യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായും ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് എത്തിയ പോലിസ് ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ എത്തിച്ച് ലോക്കപ്പില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചതായും അക്കാര്യം കോടതിയില്‍ സലാം പറഞ്ഞതായും ഇവര്‍ പറഞ്ഞു. അവശനായ അബ്ദുസ്സലാമിനെ ജഡ്ജിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ശരീരത്തില്‍ മാരകമായ മര്‍ദ്ദനത്തിന്റെ പാടുകള്‍ ശ്രദ്ധയില്‍പ്പെടുകയും രോഗി ഛര്‍ദ്ദിക്കുകയും ചെയ്തതിനാല്‍ ഡോക്ടര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്‌തെങ്കിലും മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവാതെ പകരം തിരൂര്‍ സബ്ജയിലിക്കേ് കൊണ്ടു പോവുകയുമാണ് പോലിസ് ചെയ്തത്. സംഭവമന്വേഷിച്ച് സ്റ്റേഷനിലെത്തുന്നവരോട് കഞ്ചാവ് കേസിനാണ് സലാമിനെ അറസ്റ്റ് ചെയ്‌തെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് പോലിസ് ചെയ്തത്. പോലിസ് തന്റെ മകനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു എന്ന് മാതാവ് പെരുവന്‍കുഴിയില്‍ പാത്തുമ്മു പറഞ്ഞു. പോലിസ് മര്‍ദ്ദനത്തിനെതിരേ  മുഖ്യമന്ത്രി, ഡിജിപി, ഡിവൈഎസ്പി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്കും പാത്തുമ്മു പരാതി നല്‍കിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ മാതാവ് പാത്തുമ്മു, സഹോദരി സുബൈദ, കണ്ടന്‍ചിറ അബ്ദുസലാം എന്നിവര്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day