|    Oct 28 Fri, 2016 9:57 am
FLASH NEWS
Home   >  Life  >  Health  >  

ചികില്‍സാ യുദ്ധങ്ങള്‍

Published : 7th October 2015 | Posted By: swapna en

hridaya

വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി ഭാഷാപോഷിണിയില്‍ (മെയ്- 2010) എഴുതിയ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു: ”എന്നെ ഏറ്റവും കൂടുതല്‍ അമ്പരപ്പിക്കുകയും അതേസമയം അത്യധികം വേദനിപ്പിക്കുകയും ചെയ്യുന്ന സംഗതി വൈദ്യശാസ്ത്രരംഗത്തെ അസഹിഷ്ണുതാപരമായ നിലപാടുകളാണ്.… കുഴമ്പും എണ്ണയും ലേഹ്യവും കഷായങ്ങളുമെല്ലാം രോഗശാന്തിക്കുതകുന്നതല്ലെന്നും അവകൊണ്ട് ഒന്നും ഭേദമാക്കാനാവില്ലെന്നുമുള്ള തെറ്റിദ്ധാരണ പരത്താന്‍ പലരും ബോധപൂര്‍വം പരിശ്രമിക്കുന്നുവെന്നത് ഖേദകരമായ വസ്തുതയാണ്. ” തന്റെ ബന്ധുവായ 84കാരന്‍ ശ്വാസകോശത്തിലുള്ള കാന്‍സറിന് ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതും കീമോതെറാപ്പിക്കോ മറ്റോ വിധേയനാവണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടതും തീരെ അവശനായ അദ്ദേഹത്തെ ആയുര്‍വേദവിധി പ്രകാരം താന്‍ ചികില്‍സിച്ചു സുഖപ്പെടുത്തിയതും പ്രസ്തുത ലേഖനത്തില്‍ ചെറിയ നാരായണന്‍ നമ്പൂതിരി പറയുന്നുണ്ട്.

ഏതെങ്കിലും ഒരു ചികില്‍സാപദ്ധതിയെ ഇകഴ്ത്തി മറ്റൊന്നിനെ മഹത്ത്വപ്പെടുത്തുക വിവേകമതികള്‍ക്കു ചേര്‍ന്നതല്ല. അലോപ്പതിയും ഹോമിയോപ്പതിയും യൂനാനിയും സിദ്ധയും പ്രകൃതി ചികില്‍സയും അന്യോന്യം മല്‍സരിക്കുകയും പരസ്പരം ഇകഴ്ത്തുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്നുള്ളത്. രാഷ്ട്രീയത്തിലെന്നപോലെ വൈദ്യശാസ്ത്രരംഗത്തും വാദകോലാഹലങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഒരു റിയാക്ഷനും ഞങ്ങളുടെ മരുന്നുകള്‍ക്കില്ലെന്നു പറയുന്നവരോട് ആക്ഷന്‍ ഉണ്ടായിട്ടല്ലേ റിയാക്ഷന്‍ എന്നു മറുപടി. ഗവേഷണരാഹിത്യം പറഞ്ഞ് ഒരു ചികില്‍സാപദ്ധതിയെ ആക്രമിക്കുമ്പോള്‍ യാന്ത്രികതയാരോപിച്ച് അവര്‍ക്ക് ചുട്ട മറുപടി നല്‍കുന്നു. സര്‍ജറിക്ക് നിങ്ങള്‍ക്കെന്തധികാരം എന്നു ചോദിക്കുന്നവര്‍ക്കെതിരില്‍ ആമവാതത്തിന് നിങ്ങള്‍ക്കു  മരുന്നുണ്ടോ എന്ന മറുചോദ്യമുന്നയിക്കുന്നു.ഏതായാലും ഈ വാദപ്രതിവാദങ്ങളിലൂടെയും തര്‍ക്കവിതര്‍ക്കങ്ങളിലൂടെയും വിഡ്ഢികളാവുന്നത് പൊതുജനങ്ങളാണ്.

ഒരു നിശ്ചയവുമില്ലാതെ രോഗങ്ങള്‍ക്കും ചികില്‍സയ്ക്കുമിടയില്‍ നട്ടംതിരിയുകയാണവര്‍. ഡോക്ടറെ, വൈദ്യരെ, ഹീലറെ, ശുശ്രൂഷകനെ, സിദ്ധനെ അവര്‍ മാറിമാറി സമീപിക്കുന്നു. ഓരോ ചികില്‍സാരീതിയും പരീക്ഷിച്ച് ഗതികെടുകയാണവര്‍. ഇന്നിപ്പോള്‍ കുത്തിവയ്പുകളെക്കുറിച്ചുള്ള വിവാദങ്ങള്‍ ശക്തിപ്പെട്ടിട്ടുണ്ട്. മതപണ്ഡിതന്മാര്‍ക്കുപോലും കുത്തിവയ്പുകളെക്കുറിച്ച് അഭിപ്രായം പറയല്‍ നിര്‍ബന്ധമായ സാഹചര്യം നിലനില്‍ക്കുന്നു.

ഈദ്ഗാഹുകളും ജുമുഅഃ പ്രഭാഷണങ്ങളും കുത്തിവയ്പിനെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന് ഉപയോഗപ്പെടുത്തുവോളം അതെക്കുറിച്ചുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ സജീവമാണ്.രോഗികളുടെ ഉത്തമമായ താല്‍പ്പര്യത്തിന് മാത്രമായി പ്രവര്‍ത്തിക്കുക, അവര്‍ക്ക് ദോഷകരമായ ചികില്‍സാരീതിയില്‍നിന്നു മാറിനില്‍ക്കുക, ചികില്‍സയെക്കുറിച്ചും മറ്റും തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അംഗീകരിക്കുക എന്നിവ വൈദ്യശാസ്ത്ര ധാര്‍മികതയുടെ അടിത്തറകളായി അംഗീകരിക്കപ്പെട്ടവയാണ്. ഒരു ചികില്‍സാരീതി തിരഞ്ഞെടുക്കാനുള്ള ശ്രമത്തില്‍ രോഗിയെ സഹായിക്കുന്ന പങ്കാളിത്ത മാതൃകയിലുള്ള ശുശ്രൂഷയാണ് ഏറ്റവും പ്രയോജനകരമെന്ന് ഈ മേഖലയില്‍ പഠനവും ഗവേഷണവുമായി കഴിയുന്ന ഡോ. ബി. ഇഖ്ബാലിനെപ്പോലുള്ളവര്‍ പറഞ്ഞുതരുന്നു. രോഗിയും ഡോക്ടറും തമ്മിലുള്ള ബന്ധം പരിപാവനമായിരിക്കണം. ഇന്നത്തെ ബന്ധം അത്തരമൊന്നല്ല.

വന്‍കിട മരുന്നുകമ്പനികള്‍, ഉപകരണ നിര്‍മാതാക്കള്‍, ലബോറട്ടറികള്‍, ആശുപത്രികള്‍ തുടങ്ങിയവ അവര്‍ തമ്മിലുള്ള നല്ല ബന്ധത്തിന് തടസ്സങ്ങളുണ്ടാക്കുന്നുവെന്ന് നിരീക്ഷിക്കപ്പെടുന്നു.വൃത്തി, വ്യായാമം, വിശ്രമം, മിതഭോജനം, ഉപവാസം എന്നിങ്ങനെയുള്ള നബിയുടെ നിര്‍ദേശങ്ങളില്‍നിന്നും ഒരു ചികില്‍സാരീതി ആരംഭിച്ച ഹാരിഥുബ്‌നു ഖലാദ നബിയുടെ വൈദ്യനായിരുന്നു. ഗ്രീക്ക്, പേര്‍ഷ്യന്‍, ഇന്ത്യന്‍ വൈദ്യശാസ്ത്രധാരകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു സമഗ്ര ചികില്‍സാപദ്ധതിക്ക് രൂപം കൊടുത്തിരുന്നതായി സയ്യിദ് ഹുസയ്ന്‍ നസ്ര്‍ തന്റെ ദി യങ് മുസ്‌ലിംസ് ഗൈഡ് ടു ദി മോഡേണ്‍ വേള്‍ഡ് എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.

സ്റ്റഡീസ് ഓഫ് ഹിസ്റ്ററി ഓഫ് മെഡിസിന്‍, സയന്‍സസ് ആന്റ് സ്റ്റഡീസ് ഇന്‍ ഇസ്‌ലാം എന്നീ മാസികകളുടെ പത്രാധിപര്‍, 1983ലെ യു.എസ്.എസ്.ആര്‍. അവിസെന്ന അവാര്‍ഡ് ജേതാവ്, 1991ലെ പത്മഭൂഷണ്‍ അവാര്‍ഡ് ജേതാവ്, ഫെല്ലോ ഓഫ് ഇറാന്‍ മെഡിക്കല്‍ സയന്‍സ് എന്നീ നിലകളില്‍ പ്രസിദ്ധനായ ഹക്കീം അബ്ദുല്‍ മജീദ് അതിനെ പിന്തുടര്‍ന്നുകൊണ്ട് ചികില്‍സാരംഗത്ത് അത്യദ്ഭുതകരമായ പരീക്ഷണങ്ങള്‍ നടത്തിയ ഒരു വ്യക്തിയാണ്. ആരോഗ്യബോധവല്‍ക്കരണം അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു. വിഭിന്ന ജീവിതശൈലികളോടും പ്രത്യയശാസ്ത്രങ്ങളോടും തത്ത്വചിന്തകളോടുമുള്ള ബഹുമാനമാണ് സഹിഷ്ണുത.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 105 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day