|    Dec 4 Sun, 2016 7:43 pm

ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയ കേസ്; ദമ്പതികള്‍ റിമാന്റില്‍; കൂടുതല്‍ അന്വേഷണത്തിന് കസ്റ്റഡിയില്‍ വാങ്ങും

Published : 19th November 2016 | Posted By: SMR

മട്ടാഞ്ചേരി: ചാരിറ്റബിള്‍ ടസ്റ്റിന്റെ മറവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പലരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങി പോലിസ് പിടിയിലായ ദമ്പതികളെ കോടതി റിമാന്റ്‌ചെയ്തു. ഇടുക്കി തോപ്രാംകുടി സ്വദേശികളായ ജിയോ മാത്യൂ(37) ഇയാളുടെ ഭാര്യ ബിനി മോള്‍ (34) എന്നിവരാണ് റിമാന്റിലായത്. മട്ടാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ സാബുവിന്റെ നേതൃത്വത്തില്‍ ആലപ്പുഴയിലെ ഇവരുടെ ഓഫിസില്‍ പ്രതികളുമായി തെളിവെടുപ്പ് നടത്തി. ഇവരുടെ ഓഫിസില്‍നിന്ന് നിരവധി രേഖകള്‍ പോലിസ് പിടിച്ചെടുത്തു. ആലപ്പുഴ സ്വദേശിയായ ഒരു സ്ത്രീ ചാരിറ്റബിള്‍ ട്രസ്റ്റിന് എഴുതി നല്‍കിയ മൂന്ന് സെന്റ് സ്ഥലത്തിന്റെ ആധാരവും കണ്ടെടുത്തു. ഇത് ഇവര്‍ക്ക് എങ്ങനെ ലഭിച്ചുവെന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ സാബു പറഞ്ഞു. മട്ടാഞ്ചേരി സ്വദേശിയായ ഷാജിയെന്നയാളില്‍നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇവരെ അറസ്റ്റ്‌ചെയ്തത്. ആലപ്പുഴയില്‍ ഹോളി ഏഞ്ചല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്നവരാണെന്നും 35 ലക്ഷം രൂപ ട്രസ്റ്റില്‍ നിക്ഷേപിച്ചാല്‍ ഒരു കോടി രൂപ മടക്കി നല്‍കാമെന്നും വാഗ്ദാനം നല്‍കിയുമാണ് ഇവര്‍ പണം തട്ടിയെടുത്തത്. ഇവര്‍ പാലാ സ്വദേശിയില്‍നിന്നും ഒമ്പത് ലക്ഷം രൂപയും സ്വര്‍ഗ ചിത്ര അപ്പച്ചനില്‍നിന്ന് ഒരു കോടിയും പാലക്കാട് സ്വദേശി ജോജോയില്‍നിന്ന് പതിനാറ് ലക്ഷം രൂപയും സമാനമായ രീതിയില്‍ തട്ടിയെടുത്തതായി പോലിസ് പറഞ്ഞു. പാലക്കാട്, ചങ്ങനാശ്ശേരി, രാമപുരം, നടക്കാവ് എന്നീ സ്‌റ്റേഷനുകളിലും ഇവര്‍ക്കെതിരേ കേസുകള്‍ നിലവിലുണ്ട്. ഇവര്‍ക്കെതിരേയുള്ള കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ തൃശൂര്‍ സ്വദേശിയായ പ്രേംകുമാര്‍ എന്നയാളെ ഉപയോഗിച്ച് ഓള്‍ കേരള നിയമ സഹായ വേദിയുടെ പേരില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വ്യാജ പരാതികള്‍ നല്‍കി അന്വേഷണ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കുന്നതും ഇവരുടെ പതിവ് രീതിയാണെന്ന് പോലിസ് വ്യക്തമാക്കി. വര്‍ഷങ്ങളായി വിവിധയിടങ്ങളില്‍ മാറി മാറി ഒളിവില്‍ കഴിയുകയായിരുന്ന ഇവര്‍ ആലപ്പുഴയിലുണ്ടെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പോലിസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലാവുന്നത്. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day