|    Oct 25 Tue, 2016 7:04 am
FLASH NEWS

ചാണ്ടി ഉമ്മനെതിരേ സരിതയുടെ മൊഴി; ഊര്‍ജ പദ്ധതികള്‍ നടപ്പാക്കുന്ന സ്ഥാപനം രൂപീകരിക്കാന്‍ പദ്ധതിയിട്ടിരുന്നു

Published : 30th January 2016 | Posted By: SMR

കൊച്ചി: മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മന്‍, മറ്റു ചില ബന്ധുക്കള്‍ എന്നിവരെ ഡയറക്ടര്‍മാരാക്കി കേരള റിന്യൂവബിള്‍ എനര്‍ജി കോ-ഓപറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് എന്ന പേരില്‍ പാരമ്പര്യേതര ഊര്‍ജ പദ്ധതികള്‍ നടപ്പാക്കുന്ന സ്ഥാപനം രൂപീകരിക്കാന്‍ പദ്ധതിയിട്ടിരുന്നതായും ഇതിനുള്ള കരട് തയ്യാറാക്കാന്‍ തന്നെ ഏല്‍പ്പിച്ചിരുന്നതായും സരിത എസ് നായര്‍ സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ മുമ്പാകെ മൊഴി നല്‍കി. സ്ഥാപനത്തിന് ആവശ്യമായ സോളാര്‍ പാനലുകള്‍ ചാണ്ടി ഉമ്മന് പങ്കാളിത്തമുള്ള അമേരിക്കയിലെ സ്റ്റാര്‍ ഫ്‌ളേക്‌സ് ഇന്‍ കോര്‍പറേറ്റ് എന്ന കമ്പനിയില്‍ നിന്നും ഇറക്കുമതി ചെയ്യാമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. രണ്ടുതവണ ക്ലിഫ് ഹൗസില്‍ വച്ച് ചാണ്ടി ഉമ്മനുമായി ബിസിനസ് കാര്യങ്ങള്‍ സംസാരിച്ചുവെന്നും സരിത പറഞ്ഞു.

ചാണ്ടി ഉമ്മന്‍ ഡല്‍ഹിയിലുള്ളപ്പോള്‍ തോമസ്‌കുരുവിളയുടെ ഫോണില്‍ നിന്നാണ് തന്നോട് സംസാരിച്ചിരുന്നത്. തോമസ് കുരുവിളയ്ക്ക് താന്‍ 80 ലക്ഷം രൂപ കൈമാറിയപ്പോള്‍ കുരുവിളയുടെ ഫോണില്‍നിന്നു വിളിച്ചു ചാണ്ടി ഉമ്മന്‍ തന്നോട് സംസാരിച്ചിരുന്നു. പണം കൈമാറിയെന്ന് ഉറപ്പിക്കാനായിരുന്നു ഇത്. ചാണ്ടി ഉമ്മനുമായി തനിക്ക് അവിഹിതബന്ധമുള്ളതായി ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ആ കഥയിലെ നായിക താന്‍ അല്ലെന്നും അത് സോളാര്‍ കേസിലെ പ്രതിയായ മറ്റൊരു സ്ത്രീയാണെന്നും സരിത മൊഴി നല്‍കി.
അവര്‍ ഒന്നിച്ചുനടത്തിയ ദുബയ് യാത്രയുടെ ചിത്രങ്ങളും ദൃശ്യങ്ങളും അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ലഭിച്ചതായി തനിക്കറിയാം. മന്ത്രിസഭാ പുനസ്സംഘടനയെ ഭയന്ന് ഇങ്ങനെ ഒരു തെളിവുള്ളതായി തിരുവഞ്ചൂര്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു. ടീം സോളാര്‍ കമ്പനിക്ക് അംഗീകാരം ലഭിക്കുന്നതുവരെ മാതൃസ്ഥാപനമായ സെക്കന്തരാബാദിലെ സുരാനാ വെഞ്ചേഴ്‌സ് ലിമിറ്റഡ് ആണ് അനെര്‍ട്ട് മുഖാന്തരം നടത്തിയ സര്‍ക്കാര്‍ പദ്ധതികളുടെ ടെണ്ടറുകളില്‍ ടീംസോളാറിന് പകരം പങ്കെടുത്തിരുന്നത്. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ സഹായത്തോടെയാണ് സുരാന അന്ന് കുറഞ്ഞ നിരക്കില്‍ ടെണ്ടര്‍ സ്വന്തമാക്കിയത്. ഇതിനായി താനും സുരാനയുടെ പ്രതിനിധി ഹരീഷ് നായരും നാലിലേറെ തവണ ആര്യാടന്‍ മുഹമ്മദിനെകൊണ്ട് അനെര്‍ട്ട് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിപ്പിച്ചിട്ടുണ്ട്.
തന്റെ പേരിനൊപ്പം ചില മന്ത്രിമാരുടെയും എംഎല്‍എമാരുടെയും പേരുകള്‍ ചേര്‍ത്ത് അവിഹിതബന്ധത്തിന്റെ ആരോപണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, ഇത്തരം ആരോപണങ്ങളുടെ നിജസ്ഥിതി തന്റെ സ്വകാര്യതയെയും കുട്ടികളുടെ ഭാവിയെയും ബാധിക്കുമെന്നതിനാല്‍ ഇക്കാര്യത്തെക്കുറിച്ച് സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കാന്‍ താല്‍പര്യമില്ല. 14 മണിക്കൂര്‍ ലാഘവത്തോടെ ഇരുന്ന് നുണ പറയാനുള്ള കപ്പാസിറ്റി തനിക്കില്ലെന്നും സരിത പറഞ്ഞു.
രാവിലെ 11ന് മൊഴി എടുപ്പ് ആരംഭിച്ചെങ്കിലും കോട്ടയത്തുള്ള സുഹൃത്തിന്റെ കുട്ടി അപകടത്തില്‍ മരിച്ചതിനാല്‍ അവിടെ പോകാനായി മൊഴി എടുപ്പ് തിങ്കളാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന് 12.30 ഓടെ സരിത കമ്മീഷനോട് അഭ്യര്‍ഥിച്ചു. കമ്മീഷനില്‍നിന്നു നേരത്തെ പോവുകയും മണിക്കൂറുകളോളം ചാനലുകള്‍ക്കു മുന്നില്‍നിന്നു സംസാരിക്കുകയും ചെയ്യുന്നതാണ് സരിതയുടെ പതിവെന്നും ഇത് അനുവദിക്കരുതെന്നും സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ റോഷന്‍ അലക്‌സാണ്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍, സരിതയുടെ മൊഴിയാണ് സോളാര്‍ കമ്മീഷന് പ്രധാനമെന്നും അതിനാല്‍ സരിതയ്ക്ക് അവര്‍ ആവശ്യപ്പെടുന്ന സമയം അനുവദിച്ചു നല്‍കണമെന്നുമായിരുന്നു മറ്റു കക്ഷികളുടെ നിലപാട്. ഇതംഗീകരിച്ച കമ്മീഷന്‍ സരിതയെ പോകാന്‍ അനുവദിച്ചു. സരിതയുടെ മൊഴിയെടുപ്പ് തിങ്കളാഴ്ചയും തുടരും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 73 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day