|    Dec 6 Tue, 2016 2:09 am
FLASH NEWS

ചാംപ്യന്‍സ് ലീഗില്‍ ഇന്ന് ബാഴ്‌സലോണയും, മാഞ്ചസ്റ്റര്‍ സിറ്റിയും കളത്തില്‍

Published : 23rd November 2016 | Posted By: SMR

ബാഴ്‌സലോണ/മാഡ്രിഡ്: ചാംപ്യന്‍സ് ലീഗിലിന്ന് പ്രമുഖ ക്ലബുകളായ ബാഴ്‌സലോണയും മാഞ്ചസ്റ്റര്‍ സിറ്റിയും അത്‌ലറ്റികോ മാഡ്രിഡും ബയേണ്‍മ്യൂണികും  കളത്തിലിറങ്ങും. ഗ്രൂപ്പ് എ വിഭാഗത്തില്‍ ഇറങ്ങുന്ന ആഴ്‌സനലിന്റെ എതിരാളി പാരീസ് സെയ്ന്റ് ജര്‍മൈനാണ്. ഗ്രൂപ്പ് സിയില്‍ ബാഴ്‌സലോണ സെലിറ്റിക്കിനേയും, ബൊറൂസ്യ മാഞ്ചസ്റ്റര്‍ സിറ്റിയേയും നേരിടും. ഗ്രൂപ്പ് ഡിയില്‍ ബയേണ്‍ മ്യൂണിക്കിന് എതിരാളി റോസ്‌റ്റോവും അത്‌ലറ്റികോ മാഡ്രിഡിന് പിഎസ്‌വിയുമാണ്.

ബാഴ്‌സലോണക്ക് എതിരാളി സെലിറ്റിക്ക്
ഗ്രൂപ്പ് സിയില്‍ കരുത്തരായ ബാഴ്‌സലോണയുടെ എതിരാളി സെലിറ്റിക്കാണ്. മികച്ച ഫോമില്‍ കളിക്കുന്ന ബാഴ്‌സലോണയുടെ ജയത്തെ തടഞ്ഞിടാന്‍ മാത്രം കെല്‍പ്പുള്ള ടീമല്ല സെലിറ്റിക്. മെസ്സിയും സുവാരസും നെയ്മറും അടങ്ങുന്ന ബാഴ്‌സലോണയുടെ ശക്തരായ നിരയെ പിടിച്ചു നിര്‍ത്താന്‍ സെലിറ്റിക്കിന് നന്നായി തന്നെ പൊരുതേണ്ടി വരും. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് ബാഴ്‌സലോണയുള്ളത്. നാലു മല്‍സരങ്ങളില്‍നിന്ന് മൂന്നു ജയവും ഒരു തോല്‍വിയുമടക്കം ഒമ്പത് പോയിന്റുകളാണ് ബാഴ്‌സക്കുള്ളത്. എന്നാല്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ് സെലിറ്റിക്. നാലു മല്‍സരങ്ങളില്‍നിന്ന് ഒരു ജയം പോലും അവകാശപ്പെടാനില്ലാതെ രണ്ടു വീതം തോല്‍വിയും സമനിലയും വഴങ്ങി രണ്ടു പോയിന്റുകളാണ് സെലിറ്റിക്കിനുള്ളത്. ഇന്ന് ജയിച്ച് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ഉറപ്പിക്കാന്‍ നിശ്ചയിച്ചാകും ബാഴ്‌സലോണ ഇറങ്ങുന്നത്. കഴിഞ്ഞ മല്‍സരത്തില്‍ ബാഴ്‌സലോണക്കു വേണ്ടി മെസ്സി കളിച്ചിരുന്നില്ല. മെസ്സി ബാഴ്‌സവിടുന്നുവെന്നും , മാഞ്ചസ്റ്റര്‍ സിറ്റി 841 കോടി രൂപ ഓഫര്‍ ചെയ്ത് മെസ്സിയുമായി കരാറിന് തയാറാകുന്നു എന്ന വാര്‍ത്തയും ബാഴ്‌സലോണന്‍ ക്ലബിനെ അസ്വസ്തരാക്കുന്നുണ്ട്.

മാഞ്ചസ്റ്റര്‍ സിറ്റി ബൊറൂസ്യയോട് പോരിടും
ഗ്രൂപ്പ് സിയില്‍ രണ്ടും മൂന്നും സ്ഥാനക്കാരാണ് മാഞ്ചസ്റ്റര്‍ സിറ്റിയും ബൊറൂസ്യയും. നാലു മല്‍സരങ്ങളില്‍നിന്ന് രണ്ട് ജയവും ഒരു സമനിലയും ഒരു തോല്‍വിയുമടക്കം ഏഴ് പോയിന്റുകളാണ് സിറ്റിക്കുള്ളത്. ബൊറൂസ്യ നാലു മല്‍സരങ്ങളില്‍നിന്ന് ഒരു ജയവും ഒരു സമനിലയും രണ്ടു തോല്‍വിയുമടക്കം നാലു പോയിന്റുകളോടെ മൂന്നാം സ്ഥാനത്തുമാണുള്ളത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ നില മെച്ചപ്പെടുത്താന്‍ ഇരു ടീമുകളും ഇറങ്ങുമ്പോള്‍ മല്‍സരം കടുത്തതാകുമെന്നുറപ്പാണ്.
അവസാന മല്‍സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെതിരേ 2-1 ന് നേടിയെടുത്ത വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ കളത്തിലിറങ്ങുന്ന സിറ്റിയെ വീഴ്ത്തുക നിലവിലെ ഫോമില്‍ ബൊറൂസ്യക്ക് കടുത്ത വെല്ലുവിളി തന്നെയാണ്.

ജയിക്കാനുറച്ച് ആഴ്‌സനല്‍
ഗ്രൂപ്പ് എ വിഭാഗത്തില്‍ ആഴ്‌സനലിന്റെ എതിരാളി ശക്തരായ പാരീസ് സെയ്ന്റ് ജെര്‍മൈനാണ്. ഇരു ടീമുകളും നാലു മല്‍സരങ്ങളില്‍നിന്നായി മൂന്നു വീതം ജയവും ഒരു സമനിലയുമടക്കം 10 പോയിന്റുകളാണ്് സ്വന്തമാക്കിയിരിക്കുന്നത്. ഇന്നു നടക്കുന്ന മല്‍സരത്തില്‍ ഇരുവരും പോരടിക്കുമ്പോള്‍ ജയത്തോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്താനാകും ഇരു ടീമും ശ്രമിക്കുക.
അവസാന മല്‍സരത്തില്‍ ആഴ്‌സനല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് 1-1 സമനില വഴങ്ങിയിരുന്നു. ശക്തരായ താരനിരയുള്ള ടീമാണ് ആഴ്‌സനലെങ്കിലും പാരീസ് സെയ്ന്റ് ജര്‍മൈന്‍ അട്ടിമറിക്കാന്‍ പ്രഹര ശേഷിയുള്ള ശക്തരായ നിരയാണ്. ആര്‍സെന്‍ വെങ്ങര്‍ പരിശീലിപ്പിക്കുന്ന ആഴ്‌സനലിന് ഇന്നത്തെ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്.

ജയിച്ചുവരാന്‍ അത്‌ലറ്റികോ മാഡ്രിഡ്
മികച്ച ഫോമിലാണ് അത്‌ലറ്റികോ മാഡ്രിഡ് കളിക്കുന്നത്. അവസാന മല്‍സരത്തില്‍  റയല്‍മാഡ്രിഡിനോട് സ്വന്തം തട്ടകത്തിലേറ്റ അപ്രതീക്ഷിത തോല്‍വി ഒഴിച്ചാല്‍ മോശം ഇല്ലാത്ത പ്രകടനങ്ങള്‍ തന്നെയാണ് അത്‌ലറ്റികോ സീസണില്‍ കാഴ്ചവെച്ചത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഹാട്രിക് ഗോളില്‍ 3-0 ന് തോല്‍വി വഴങ്ങിയതിന്റെ ക്ഷീണം പിഎസ്‌വി യെ മുക്കി മറക്കാന്‍ ഉറച്ചാകും അത്‌ലറ്റികോ താരങ്ങളിന്ന് മല്‍സരത്തിനിറങ്ങുന്നത്.
ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനക്കാരാണ് അത്‌ലറ്റികോ. നാലു മല്‍സരങ്ങളില്‍നിന്ന് നാലു ജയത്തോടെ 12 പോയിന്റുകളാണ് അത്‌ലറ്റിക്കോയ്ക്കുള്ളത്. പിഎസ്‌വി നാലു മല്‍സരങ്ങളില്‍നിന്ന് ഒരു ജയം പോലും സ്വന്തംപേരിലില്ലാതെ മൂന്ന് തോല്‍വിയും ഒരു സമനിലയും സ്വന്തമാക്കി ഒരു പോയിന്റോടെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരുമാണ്.

ബയേണിന് ജയിച്ചേ തീരൂ
ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനക്കാരായുള്ള ബയേണ്‍മ്യൂണിക്കിന് ഇന്നത്തെ മല്‍സരത്തില്‍ ജയിച്ചേ മതിയാകൂ. അവസാന മല്‍സരത്തില്‍ ഡോട്മുണ്ടിനോടേറ്റ 1-0 ന്റ തോല്‍വിയുടെ ആഘാതം മായ്ക്കാന്‍ ജയത്തില്‍ കുറഞ്ഞൊന്നും ബയേണിന് ചിന്തിക്കാനില്ല. ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായ റോസ്‌റ്റോവാണ് എതിരാളികളെങ്കിലും അട്ടിമറി സാധ്യതക്ക് പോന്ന യുവതാരങ്ങള്‍ റോസ്‌റ്റോവിനുണ്ട്. ബയേണിന് നാലു മല്‍സരങ്ങളില്‍നിന്നായി മൂന്ന് ജയവും ഒരു സമനിലയുമടക്കം ഒമ്പതു പോയിന്റുകളാണുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 68 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day