|    Oct 29 Sat, 2016 5:02 am
FLASH NEWS

ചന്ദ്രബോസ് വധക്കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ ആരോപണവുമായി പ്രതിഭാഗം

Published : 2nd December 2015 | Posted By: SMR

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ അന്വേഷണോദ്യോഗസ്ഥനെതിരേ കടുത്ത ആരോപണവുമായി പ്രതിഭാഗം. ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ഇന്നലെ നടന്ന പ്രതിഭാഗം ക്രോസ് വിസ്താരത്തില്‍ അന്വേഷണോദ്യോഗസ്ഥനായ പേരാമംഗലം സി ഐ പി സി ബിജുകുമാര്‍ പ്രതിഭാഗത്തിന്റെ ആരോപണങ്ങളെല്ലാം നിഷേധിച്ചു. കേസില്‍ പല തെളിവുകളും കൃത്രിമമായും കളവായും രേഖപ്പെടുത്തിയതെന്നായിരുന്നു ആരോപണം.
സീന്‍ മഹസര്‍ തയ്യാറാക്കിയത് സംഭവദിവസമല്ലെന്നും സി ഐയും ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥരും ചര്‍ച്ച ചെയ്ത് സീന്‍ പുനര്‍നിര്‍മിച്ച് പ്രതിയുടെ പേരില്‍ ആരോപണമുന്നയിക്കുന്നതിന് കേസിനു അനുസൃതമായ തെളിവുകള്‍ കളവായി രേഖപ്പെടുത്തുകയും തയ്യാറാക്കുകയും ചെയ്തുവെന്ന ആരോപണമായിരുന്നു പ്രതിഭാഗം ഉയര്‍ത്തിയത്. അതുപോലെ ഫെബ്രുവരി രണ്ടാം തീയതിയോ ശേഷമോ തയ്യാറാക്കിയതിനാലാണ് രേഖകളും തെളിവുകളും കോടതിയില്‍ ഹാജരാക്കാന്‍ വൈകിയതെന്നും പ്രതിഭാഗം ആരോപിച്ചു.
എന്നാല്‍ ആരോപണങ്ങള്‍ സിഐ നിഷേധിച്ചു. സംഭവ ദിവസം പ്രതി മുഹമ്മദ് നിഷാമിനെ സെക്യൂരിറ്റി ജീവനക്കാരായ നാലുപേര്‍ ഉപദ്രവിച്ചുവെന്നും അതിനാല്‍ പരിക്ക് പറ്റിയെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയതായി ഏതെങ്കിലും രേഖ കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്നും പ്രതിഭാഗം സമര്‍ഥിച്ചു. സി ഐ കണ്ടതും ഡോക്ടറോടും മജിസ്‌ട്രേറ്റിനോടും പറഞ്ഞതുമായ പ്രതിയുടെ പരിക്കുകളെക്കുറിച്ച് ഏതെങ്കിലും സാക്ഷികളോട് ചോദിച്ചു മനസിലാക്കിയോ എന്ന ചോദ്യവും നിഷാമിനു പരിക്ക് പറ്റിയത് അടിപിടിയിലാണെന്നു വരുത്താനുള്ള പ്രതിഭാഗത്തിന്റ നീക്കമായിരുന്നു.
എന്നാല്‍ അതിനെ നിഷേധിച്ച് പരിക്ക് പറ്റിയത് സംബന്ധിച്ച് തനിക്ക് അറിവു ലഭിച്ചത് അന്വേഷണത്തിലും സാക്ഷി മൊഴികളില്‍ നിന്നുമാണെന്നാണ് സി ഐ പറഞ്ഞത്. മാത്രമല്ല, പ്രതി സംഭവസമയം കാബിന്‍ കുത്തിപ്പൊട്ടിച്ച് പൊട്ടിയ ചില്ലുകളുള്ള ജനല്‍വഴി അകത്തേക്ക് കടക്കുകയും അതേ ജനലില്‍ക്കൂടി പുറത്തുകടക്കുകയും ചെയ്തുവെന്നും അതില്‍നിന്നും പരിക്കുകളുണ്ടായതായും മനസില്ലാക്കി. കൂടാതെ പ്രതിയും ഇക്കാര്യം തന്നോട് പറഞ്ഞിരുന്നതായും സിഐ പറഞ്ഞു. എന്നാല്‍ രേഖയിലില്ലാത്ത വിവരം മനപ്പൂര്‍വം ആരുടെയോ നിര്‍ദേശപ്രകാരം കോടതിയില്‍ കളവായി പറയുകയാണെന്നു പ്രതിഭാഗവും പറഞ്ഞു. അതിനെയും അന്വേഷണോദ്യോസ്ഥന്‍ നിഷേധിച്ചു.
സംഭവസമയം പ്രതിയെ അന്വേഷണോദ്യോഗസ്ഥന്‍ അറസ്റ്റ് ചെയ്യാതിരുന്നത് അതിനുള്ള തെളിവുകളും എഫ്‌ഐആറും ഇല്ലാതിരുന്നതുകൊണ്ടായിരുന്നുവെന്നും പ്രതിഭാഗം ആരോപിച്ചു. ഗുരുതരമായ ഒരു കേസിലെ പ്രതിയെ വിവരം കിട്ടിയാല്‍ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യണമെന്ന് അറിയില്ലെയെന്നു ചോദിച്ചപ്പോള്‍ കൂടുതല്‍ അന്വേഷണം നടത്തി വസ്തുകള്‍ വ്യക്തമായതിനുശേഷമേ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനാവൂ എന്നു സിഐ പറഞ്ഞു.
ജനുവരി 30ന് കോടതിയില്‍ മഹസര്‍ ഹാജരാക്കി. എന്നാല്‍ മുതലുകള്‍ ഹാജരാക്കാന്‍ വൈകി. ഇത് പ്രതിക്കെതിരേ കൃത്രിമമായി തെളിവുണ്ടാക്കാനായിരുന്നുവെന്നും പ്രതിഭാഗം ആരോപിച്ചപ്പോഴും ശരിയല്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ സാക്ഷിയായ സിഐയുടെ മറുപടി. തെളിവായി ഹാജരാക്കിയ ഫോട്ടോകളില്‍ കാണുന്ന മൂന്നു ബാറ്റണുകളില്‍ ഒന്ന് രണ്ടായി പൊട്ടിച്ച് കേസില്‍ ഉള്‍പ്പെട്ട ആയുധമാണെന്നു പറഞ്ഞ് കളവായി സീന്‍ മഹസറില്‍ കാണിച്ചതല്ലേയെന്നും പ്രതിഭാഗം ചോദിച്ചു. അതും ശരിയല്ലെന്നു സിഐ പറഞ്ഞു. ക്രോസ് വിസ്താരം ഇന്നും തുടരും.
രണ്ടാംദിവസമായിട്ടും പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം അവസാനിക്കാത്തതിനെ തുടര്‍ന്ന് ജഡ്ജി കെ പി സുധീര്‍ കേസ് നീളുന്നതിലുള്ള ആശങ്ക പങ്കുവച്ചു. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ ബി രാമന്‍പിള്ള, സുജേഷ് മേനോന്‍, സുനില്‍ മഹേശ്വരന്‍ പിള്ള, മുഹമ്മദ്, ബൈജു എ ജോസഫ്, പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി പി ഉദയഭാനു, അഭിഭാഷകരായ ടി എസ്, രാജന്‍, സി എസ് ഋത്വിക്ക്, സലില്‍ നാരായണന്‍ എന്നിവര്‍ ഹാജരായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day