|    Dec 5 Mon, 2016 3:51 am

ഗ്രാമത്തെ ഉല്‍സവമാക്കി ജനകീയ തടയണ നിര്‍മാണം

Published : 28th November 2016 | Posted By: SMR

പട്ടാമ്പി: ഗ്രാമത്തെ ഉല്‍സവമാക്കി പരുതൂര്‍ കൂട്ടക്കടവില്‍ ജനകീയ തടയണ നിര്‍മാണം. വരളള്‍ച്ച നേരിടുവാനായി പരുതൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭാരതപ്പുഴക്ക് കുറുകെ നിര്‍മിച്ച ജനകീയ തടയണ നിര്‍മാണം ജനകീയ പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. നിര്‍മാണ പ്രവര്‍ത്തനത്തില്‍ സംഘാടകര്‍ പ്രതീക്ഷിച്ച ജനപങ്കാളിത്തം മറികടന്ന് വിദ്യാര്‍ഥികളും നാട്ടുകാരും വിവിധ സംഘടനകളും കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ രണ്ടായിരത്തില്‍പരം ജനങ്ങളാണ് ഭാരതപ്പുഴയില്‍ സംഗമിച്ചത്. മൂന്ന് മീറ്റര്‍ വീതിയും രണ്ടര മീറ്റര്‍ ഉയരവും 150 മീറ്റര്‍ നീളവുമുള്ള തടയണയാണ് നിര്‍മിച്ചത്. പതിനായിരക്കണത്തിന് ചാക്കുകളില്‍ മണല്‍ നിറച്ച് നാലുവരിയായി വെച്ചാണ് തടയണ നിര്‍മ്മാണം. പട്ടാമ്പി എസ്എന്‍ജി എസ് കോളജ്, പെരുമുടിയൂര്‍ ഓറിയന്റല്‍ ഹയര്‍ സെക്കഡറി സ്‌കൂള്‍, പരുതൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എന്‍എസ്എസ് വോളന്റിയര്‍മാര്‍, പാടശേഖര സമിതകള്‍, വിവിധ ക്ലബ്ബുകള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, പരുതൂര്‍ ഗ്രാമപ്പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍, കര്‍ഷകര്‍, യുവജന സംഘടനകള്‍, ചുമട്ട് തൊഴിലാളികള്‍ എന്നിവര്‍ക്ക് പുറമെ വളാഞ്ചേരി, കൊപ്പം, കൊടുമുണ്ട എന്നീ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ കൂടി തടയണ നിര്‍മാണത്തെകുറിച്ച് അറിഞ്ഞ്  പദ്ധതി പ്രദേശത്തെത്തി പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ശനിയാഴ്ച രാവിലെ വാദ്യമേളങ്ങളൊടെയാണ് തടയണ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. ജനകീയ തടയണയുടെ നിര്‍മാണം പൂര്‍ത്തിയായതോടെ പരുതൂര്‍, കരിയന്നൂര്‍ എന്നിവിടങ്ങളില്‍ നെല്‍കൃഷിയിലും മറ്റു വിവിധയിനം കൃഷികളിലും വെള്ളമെത്തിക്കാനാവുമെന്ന് കര്‍ഷകര്‍ പറഞ്ഞു. വരാന്‍പോവുന്ന കടുത്ത വരള്‍ച്ചയില്‍ നിന്നും ഒരു പരിധിവരെ ജലലഭ്യത ഉറപ്പ് വരുത്താന്‍ തടയണകൊണ്ട് കഴിയുമെന്ന വിശ്വാസത്തിലാണ് പരുതൂര്‍ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും. പരുതൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി ശാന്തകുമാരി പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി സുധാകരന്‍ അധ്യക്ഷനായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day