|    Dec 8 Thu, 2016 5:29 pm
FLASH NEWS

ഗോപിനാഥ് വധശ്രമം: പ്രത്യേക സംഘം അന്വേഷിക്കും

Published : 21st November 2016 | Posted By: SMR

കൊച്ചി: സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്റ് കെ എന്‍ ഗോപിനാഥിനെ കഴുത്തിന് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് പ്രത്യേക സംഘം അന്വേഷിക്കും. പിതാവ് ഗോപിനാഥിനു നേരെയുണ്ടായ കൊലപാതകശ്രമത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് മകള്‍ മുഖ്യമന്ത്രിക്കു പരാതിനല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്നലെ കൊച്ചിയിലെത്തി കെ എന്‍ ഗോപിനാഥിനെയും മകള്‍ ദിവ്യയെയും നേരില്‍ കണ്ട് പരാതി സ്വീകരിക്കുകയും മൊഴിയെടുക്കുകയും ചെയ്തു.
തന്നെ കൊല്ലാന്‍ ശ്രമിച്ച് പിടിയിലായ ഉണ്ണികൃഷ്ണന്‍ വാടകക്കൊലയാളിയാണെന്ന് സംശയിക്കുന്നതായി കെ എന്‍ ഗോപിനാഥ് ഡിജിപിയെ ധരിപ്പിച്ചു. മാധ്യമപ്രവര്‍ത്തകരോടും ഗോപിനാഥ് ഇതേ നിലപാടുതന്നെ ആവര്‍ത്തിച്ചു. ഉണ്ണികൃഷ്ണന്‍ ഒരു വാടകക്കൊലയാളിയാണെന്നും അയാള്‍ക്കു പിന്നില്‍ ആരോ ഉണ്ടെന്നും ഗോപിനാഥ് പറഞ്ഞു. തന്റെ പരാതിയിന്‍മേല്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്തതിനു ശേഷം അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കാമെന്ന് ഡിജിപി പറഞ്ഞതായും കെ എന്‍ ഗോപിനാഥ് പറഞ്ഞു.
ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയില്ല. അവ്യക്തമായ കാര്യങ്ങളാണ് പ്രതി പറയുന്നത്. കൊച്ചിയില്‍ വാടകയ്ക്ക് താമസിക്കുന്ന വടകര സ്വദേശിയായ പ്രതിയുടെ കാര്യത്തിലുള്ള ദുരൂഹതകള്‍ നീങ്ങാന്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നും ഗോപിനാഥ് പറഞ്ഞു. ഗോപിനാഥും മകളും പരാതിയില്‍ ഉന്നയിച്ച കാര്യം ഗൗരവകരമാണെന്നു ഗോപിനാഥില്‍ നിന്നും മകളില്‍ നിന്നും പരാതി സ്വീകരിച്ച ശേഷം ഡിജിപി ലോക്‌നാഥ് ബെഹ്‌റ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഗോപിനാഥിന്റെ സംശയങ്ങളെ കുറിച്ച് വ്യക്തത വരുത്തുമെന്നും ഡിജിപി പറഞ്ഞു. ഈ മാസം എട്ടിനാണ് കെ എന്‍ ഗോപിനാഥിനെ പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കേ കഴുത്തില്‍ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. എറണാകുളം പാലാരിവട്ടത്ത് യൂബര്‍ ടാക്‌സി ഓഫിസിലേക്ക് ഓട്ടോ-ടാക്‌സിത്തൊഴിലാളികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിനുശേഷം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എ എ അലി അക്ബറിനൊപ്പം നടന്നുവരികയായിരുന്ന ഗോപിനാഥിനെ പിന്നിലൂടെ എത്തിയ ഉണ്ണികൃഷ്ണന്‍ ആയുധം ഉപയോഗിച്ച് കഴുത്തിനുപിന്നില്‍ കുത്തുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ  നാട്ടുകാരാണ് പിടികൂടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day