|    Oct 27 Thu, 2016 10:22 pm
FLASH NEWS

ഗോത്രവര്‍ഗക്കാരുടെ അവകാശങ്ങള്‍ ഔദാര്യമല്ല: ഹൈക്കോടതി ജഡ്ജി

Published : 18th July 2016 | Posted By: SMR

കല്‍പ്പറ്റ: ഗോത്രവര്‍ഗക്കാര്‍ക്കും പട്ടിക ജാതിക്കാര്‍ക്കും പിന്നാക്കക്കാര്‍ക്കും അധസ്ഥിതര്‍ക്കുമുള്ള അവകാശങ്ങളും സംവരണവും ആരുടെയും ഔദാര്യമല്ലെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് പറഞ്ഞു. അത് ഇന്ത്യന്‍ ഭരണഘടനാദത്തമായ, ഭരണഘടന പ്രദാനം ചെയ്യുന്ന, ഉറപ്പാക്കുന്ന അവകാശങ്ങളാണ്.
ജില്ലാ ഭരണകൂടം, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, ഐടിഡിപി എന്നിവയുടെ സംയുക്തമായി പട്ടികവര്‍ഗ വികസനത്തില്‍ ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ക്കും പാരാലീഗല്‍ വോളന്റിയര്‍മാര്‍ക്കും സിവില്‍ സ്‌റ്റേഷനിലെ എപിജെ ഹാളില്‍ നടത്തിയ പരിശീലന ക്ലാസില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ എല്ലാ പൗരന്‍മാര്‍ക്കുമുള്ള അവകാശങ്ങ ള്‍ ഗോത്രവര്‍ഗക്കാര്‍ക്കുമുണ്ടെന്ന് അവര്‍ പോലും പലപ്പോഴും മനസ്സിലാക്കുന്നില്ല. ആയിരക്കണക്കിന് കൊല്ലങ്ങളായി കൈവശാനുഭവത്തിലൂടെ കൃഷി ചെയ്തും ഗുഹകളിലും കുടില്‍ വച്ചു കെട്ടിയും ഇവിടെ പാര്‍ത്തുവരുന്ന ഗോത്രവര്‍ഗക്കാരോട് ഭൂമിയുടെ ആധാരം ചോദിച്ചാല്‍ എന്താണ് അവര്‍ക്ക് തരാന്‍ കഴിയുക. ആ സാമാന്യബുദ്ധി നിയമം നടപ്പിലാക്കുന്ന ഉദ്യോഗസ്ഥതലത്തിലും കോടതിതലത്തിലും പൊതുസമൂഹത്തിനുമുണ്ടാവണം.
നൂറു കണക്കിന് കോടി രൂപ ചെലവഴിച്ചിട്ടും പത്തു കോടി രൂപ ചെലവഴിച്ചാലുണ്ടാവേണ്ട അഭിവൃദ്ധിയും പുരോഗതിയും പോലും ഗോത്രവര്‍ഗക്കാര്‍ക്കുണ്ടാക്കാന്‍ പരിഷ്‌കൃത സമൂഹത്തിന് കഴിഞ്ഞിട്ടില്ല. സ്വച്ഛമായ അന്തരീക്ഷത്തില്‍, സ്വച്ഛമായ വായു ശ്വസിച്ച്, പരിശുദ്ധമായ ആഹാരം കഴിച്ച്, പരിശുദ്ധമായ വിചാരത്തോടെ ആചാരങ്ങളോടെ ജീവിക്കുന്ന ഗോത്ര സമൂഹങ്ങളെ നന്നാക്കാന്‍ പുറപ്പെട്ടിട്ട് പല തരത്തിലും അവര്‍ അനുഭവിച്ചുവന്ന ഉയര്‍ന്ന നിലവാരം തകര്‍ക്കപ്പെടുകയാണ് ഉണ്ടായത്.
പരിഷ്‌കൃത സമൂഹത്തിന് നല്ല നിലയില്‍ ജീവിക്കുന്നതിന് വേണ്ടി ആദിവാസികളെ കുടിയൊഴിപ്പിച്ച് പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. ആദിവാസികള്‍ അധിവസിക്കുന്ന മണ്ണില്‍നിന്ന് അവര്‍ ആട്ടിയോടിക്കപ്പെട്ടാല്‍ അവരെ പുനരധിവസിപ്പിക്കാനുള്ള ചുമതല പാര്‍ലമെന്റ് പാസാക്കിയ നിയമം മൂലം തന്നെ ഈ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്.
ആദിവാസികള്‍ക്ക് ഭൂമി നഷ്ടപ്പെട്ടാല്‍ വില കുറഞ്ഞ ഭൂമിയായി കണക്കാക്കി തുലോം തുച്ഛമായ നഷ്ടപരിഹാരമാണ് ലഭിക്കുന്നത്. ഗോത്രവര്‍ഗക്കാര്‍ക്ക് നിയമ സഹായം നല്‍കുന്നതിനും വിവിധ പദ്ധതികളെക്കുറിച്ച് ബോധവല്‍ക്കരിച്ച് അവ നേടാന്‍ ഉദ്യോഗസ്ഥ തലത്തില്‍ ഇടപെടലുകള്‍ നടത്തുന്നതിനും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, താലൂക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവയുമായി ബന്ധപ്പെട്ട് പാരാലീഗല്‍ വോളന്റിയര്‍മാരുടെ സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
ജില്ലാ തലത്തില്‍ പരിഹാരം ഉണ്ടാവുന്നില്ലെങ്കില്‍ കേരള സ്‌റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമം തുടങ്ങും. ആദിവാസി കോളനികളിലെ പണി പൂര്‍ത്തിയാക്കാത്ത വീടുകള്‍ സംബന്ധിച്ച് പരാതി ലഭിക്കുന്നില്ലെങ്കില്‍ ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ ഇടപെട്ട് ഈ മാസം തന്നെ കേസ് ഫയല്‍ ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ നിര്‍ദേശിച്ചു.
വീടുകളുടെ ഗുണനിലവാരം കുറവാണെങ്കിലും കേസ് ഫയല്‍ ചെയ്യാം. ചെതലയത്തെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രം ഈ വര്‍ഷം തന്നെ തുടങ്ങും. പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കായി ജവഹര്‍ ബാലഭവനില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷാ പരിശീലനം തുടങ്ങും. സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ സര്‍ക്കാര്‍ ബജറ്റില്‍ തുക നീക്കി വച്ചിട്ടുണ്ട്. എല്ലാ മാസവും ആദ്യത്തെ തിങ്കളാഴ്ച വില്ലേജ് ഓഫിസര്‍മാര്‍ ഭൂമി പ്രശ്‌നമുള്ള കോളനികള്‍ സന്ദര്‍ശിച്ച് ക്യാമ്പ് ചെയ്ത് വിവരങ്ങള്‍ ശേഖരിക്കും.
മദ്യത്തിലും പുകയിലക്കുമെതിരെ ബോധവല്‍ക്കരണം നടത്തണം. മദ്യവിമുക്തമായ കോളനികള്‍ക്ക് പ്രത്യേക കമ്മ്യൂണിറ്റി സെന്ററുകള്‍ നല്‍കും. വിവിധ പെന്‍ഷനുകള്‍ ഗുണഭോക്താക്കള്‍ക്ക് കിട്ടുന്നുവെന്ന് ഉറപ്പുവരുത്താന്‍ പ്രൊമോട്ടര്‍മാര്‍ ഫലപ്രദമായി ഇടപെടണമെന്നും കലക്ടര്‍ നിര്‍ശേിച്ചു. ജില്ലാ ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനുമായ ഡോ. വി വിജയകുമാര്‍, ഐടിഡിപി പ്രൊജക്ട് ഓഫിസര്‍ പി വാണിദാസ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day