|    Oct 27 Thu, 2016 8:23 pm
FLASH NEWS

ഗുരുവിനെ ക്രൂശിക്കുന്നതാര്?

Published : 11th September 2015 | Posted By: admin

എ മൈനസ് ബി/

കണ്ണൂരിലെ സഖാക്കള്‍ നാരായണഗുരുവിനെ ആക്ഷേപിച്ചെന്നു പറഞ്ഞു സംസ്ഥാനവ്യാപകമായി ഹാലിളക്കം. എസ്.എന്‍.ഡി.പിയുടെ ആഭിമുഖ്യത്തില്‍ തെരുവില്‍ അഴിഞ്ഞാട്ടം, സി.പി.എം. ഓഫിസുകള്‍ക്കു കല്ലേറ്, പിണറായി വിജയന്റെ പ്രസംഗവേദിക്കു നേരെ വരെ അലമ്പ്. കണിച്ചുകുളങ്ങരയില്‍ പോലും പാര്‍ട്ടിയാപ്പീസ് ആക്രമിക്കാന്‍ വെള്ളാപ്പള്ളിയുടെ കിങ്കരന്‍മാര്‍ക്കു പാങ്ങില്ലെന്ന് ഇന്നാട്ടില്‍ ആര്‍ക്കുമറിയാം. അപ്പോള്‍ ഈ കലാപരിപാടിക്കു പിന്നിലുള്ള ഉല്‍സാഹക്കമ്മിറ്റി ഏതെന്നറിയാന്‍ പാഴൂര്‍പടിക്കലോ ഭാരതീയ വിചാരകേന്ദ്രത്തിലോ പോവേണ്ടതില്ല.
അതിരിക്കട്ടെ, സഖാക്കള്‍ ചെയ്ത മഹാപരാധമെന്താണ്? ശ്രീകൃഷ്ണജയന്തി എന്ന ലേബലില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന രാഷ്ട്രീയ സംഘാടനമാണ് പ്രമേയം. ഒന്നാമത്, ശ്രീകൃഷ്ണന്‍ എന്ന പുരാണ കഥാപാത്രത്തിന് ഡേറ്റ് ഓഫ് ബര്‍ത്തും ജനനസ്ഥലവും ഒപ്പിച്ച് രാഷ്ട്രീയ ആധാര്‍ കാര്‍ഡുണ്ടാക്കാനുള്ള കലാപരിപാടിയാണ് 1975ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്. വിശ്വാസികളുടെ വകയായ ജന്മദിനാഘോഷത്തെ ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ നിന്നു തെരുവിലേക്കിറക്കിയത് ഈ രാഷ്ട്രീയ ലാക്കോടെയാണ്.
അതു പുരോഗമിച്ചുവന്ന് ‘ശോഭായാത്ര’ എന്ന പേരില്‍ കുഞ്ഞുകുട്ടിപരാധീനങ്ങളെ അണിനിരത്തി ഭംഗ്യന്തരേണ ശക്തിപ്രകടനം നടത്തുന്ന സ്ഥിരം പംക്തിയായി. കണ്ണൂരിലെ പ്രത്യേക സാഹചര്യത്തില്‍ കഴിഞ്ഞ കുറച്ചു വര്‍ഷമായി ഇള്ളാപ്പിള്ളകളെക്കൊണ്ട് സി.പി.എം. വിരുദ്ധ മുദ്രാവാക്യം മുഴക്കിക്കുന്ന അതിവിരുതായി പരിണമിച്ചു. എസ്.എന്‍.ഡി.പിയെ പാട്ടിലാക്കി സി.പി.എമ്മിന്റെ അടിത്തറ ഉലയ്ക്കുകയെന്ന ബി.ജെ.പി. അജണ്ടയ്ക്ക് ഈ ആഘോഷവും വസൂലാക്കപ്പെടുന്നു.
മോദിഭരണത്തില്‍ ബി.ജെ.പിയുടെ സംസ്ഥാന ഘടകം കേരളത്തിലും താമര വിരിയിക്കാന്‍ നടത്തുന്ന ആധിവ്യാധികള്‍ കലശലാവുംതോറും കണ്ണൂരിലെ ഈദൃശ സംഘര്‍ഷം ശക്തിപ്പെടുക സ്വാഭാവികമാണല്ലോ. ഈ പശ്ചാത്തലത്തിലാണ് ജാതി-മതവര്‍ഗീയതയ്ക്കും തദനുസാരിയായ രാഷ്ട്രീയത്തിനും വേണ്ടിയുള്ള ഘോഷയാത്രയ്ക്ക് ബദലൊരുക്കാന്‍ സി.പി.എമ്മിന്റെ കണ്ണൂര്‍ ഘടകം ഒരുമ്പെടുന്നത്. സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണൊലിപ്പു ചെറുക്കാനാണീ അധ്വാനമെന്നും, കമ്മ്യൂണിസ്റ്റുകളുടെ പണിയല്ല ജാതി-മതാഘോഷങ്ങളെന്നും മധ്യവര്‍ഗ സെന്‍സിബിലിറ്റി കിരീടം വയ്ക്കുന്ന കേരളത്തിന്റെ മുഖ്യധാര തൊണ്ടകീറുന്നുണ്ട്.
ഒന്നാംകിട ഊളത്തമല്ലേ ഇപ്പറഞ്ഞ രണ്ടു ന്യായങ്ങളും? ഒന്നാമത്, കാല്‍ച്ചുവട്ടില്‍ മണ്ണൊലിപ്പുണ്ടാവുന്നെങ്കില്‍ അതു തടയേണ്ട ബാധ്യത ഏതു പ്രസ്ഥാനത്തിനുമുണ്ട്. അല്ലാതെ മണ്ണങ്ങ് ഒലിച്ചോട്ടെ എന്നൊരു രാഷ്ട്രീയക്കാരനും വിചാരിക്കില്ല. രണ്ട്, സി.പി.എമ്മിനെ കമ്മ്യൂണിസം പഠിപ്പിക്കാനും മെച്ചപ്പെട്ട കമ്മ്യൂണിസ്റ്റുകളാക്കാനും മറ്റുള്ളവര്‍ക്ക് എന്താണിത്ര ഉല്‍ക്കണ്ഠ? ഇതു കേട്ടാല്‍ തോന്നും കേരളത്തിലെ മുഖ്യധാരയ്ക്ക് തീര്‍ത്താല്‍ തീരാത്ത കമ്മ്യൂണിസ്റ്റ് കൂറാണെന്ന്! ചങ്ങാത്തമുതലാളിത്തത്തിന്റെ കൂട്ടിക്കൊടുപ്പിനും ഓശാനപ്പാട്ടിനും യാതൊരു മടിയുമില്ലാത്തൊരു പൊതുസമൂഹത്തിന് ഒരുമാതിരിപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെല്ലാം എത്രയും വേഗം സോഷ്യല്‍ ഡെമോക്രാറ്റുകളായിട്ടെങ്കിലും മാറിക്കിട്ടുന്നതിലാണ് കമ്പമെന്നിരിക്കെ, ഈ ജാതി ഉഡായിപ്പു ന്യായങ്ങളും ഇതേ മനക്കൂറിന്റെ ഉപഫലങ്ങള്‍ മാത്രമാകുന്നു.
ഇവിടെ രണ്ടാം ഘടകത്തിനാണ് രാഷ്ട്രീയ പ്രസക്തി. വിശ്വാസസംബന്ധിയായ ആഘോഷങ്ങള്‍ അധികാര രാഷ്ട്രീയത്തിനായി വസൂലാക്കപ്പെടുമ്പോള്‍ അതിനെ എതിര്‍ക്കാനുള്ള ബാധ്യത ജനായത്ത രാഷ്ട്രീയത്തില്‍ ആര്‍ക്കുമുണ്ട്. ആയത് തുറന്നുകാട്ടാനുള്ള ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ് മോക്കറി. ദൈവം സഹായിച്ച് ഫലിതം, ആക്ഷേപഹാസ്യം തുടങ്ങിയുള്ള ഹാസ്യായുധങ്ങള്‍ പലപ്പോഴും സഖാക്കളുടെ മസിലുപിടിത്തത്തിലെ കാഷ്വല്‍റ്റികളാവുകയാണു പതിവ്. പേശിപിടിത്തവും ഫലിതവും പരസ്പരം വര്‍ഗശത്രുക്കളായിപ്പോയത് മാര്‍ക്‌സിന്റെ കുറ്റമല്ല. ആയതിനാല്‍ കൃഷ്ണഘോഷയാത്രയ്ക്ക് സഖാക്കള്‍ ബദല്‍ കണ്ടത് തെല്ലു വൈകിപ്പിച്ചെടുത്ത ഓണാഘോഷത്തിലാണ്. അതെന്തായാലും, ഈ ബദല്‍ നീക്കം ഹിന്ദുത്വരാഷ്ട്രീയക്കാരെ തെല്ലൊന്നുമല്ല ബേജാറിലാക്കിയതെന്നു നമുക്കറിയാം. അതിന്റെ ആധിയില്‍ നിന്നാണ് സഖാക്കള്‍ നാരായണഗുരുവിനെ ആക്ഷേപിച്ചെന്നു പറഞ്ഞു ചൂണ്ടിയെടുത്ത ആ ഫ്‌ളോട്ട്.
പല ഫ്‌ളോട്ടുകളുമുണ്ടായിരുന്നു സഖാക്കളുടെ ബദല്‍ ഘോഷയാത്രയില്‍. അതിലൊന്നു മാത്രമായിരുന്നു നാരായണഗുരുവിനെ കാവിപ്പടക്കാര്‍ ക്രൂശിക്കുന്ന പ്രതീകാത്മക ദൃശ്യം. ഹിന്ദുക്കള്‍ക്കിടയിലെ ജാതീയതക്കെതിരേ സാമൂഹിക വിപ്ലവം നയിച്ച നാരായണഗുരുവിനെ അദ്ദേഹത്തിന്റെ വര്‍ഗശത്രുക്കളായിരുന്ന കഥാപാത്രങ്ങള്‍ തന്നെ ഇന്നു ഹൈജാക്ക് ചെയ്യുന്നതിന്റെയും അതുവഴി ശ്രീനാരായണീയതയെ വക്രീകരിക്കുന്നതിന്റെയും ലാക്ഷണിക ചിത്രീകരണമായിരുന്നു ടി ഫ്‌ളോട്ട്. ഹിന്ദുത്വരാഷ്ട്രീയം കയറി ഗുരുവിനെ ക്രൂശിക്കുന്നു എന്നു ലളിതമായ സന്ദേശം.
ഇതു മനസ്സിലാക്കാന്‍ ഇക്കാല മലയാളിക്കു കഴിവില്ലെന്നല്ലേ കാവിപ്പടയും എസ്.എന്‍.ഡി.പിയും മാധ്യമങ്ങളും തൊട്ട് സാക്ഷാല്‍ സി.പി.എം. നേതൃത്വം വരെ വിളിച്ചുപറയുന്നത്? അഥവാ, തൊലിപ്പുറത്തിനപ്പുറം പോകാനോ പ്രതീകാത്മകത ദഹിക്കാനോ ഉള്ള ശേഷി ശരാശരി മലയാളിക്കില്ലെന്ന്? ഇത്രയ്ക്ക് ലളിതമായ ഒരു പ്രതീകാത്മക ചിത്രീകരണത്തിന്മേല്‍ കടകവിരുദ്ധമായ വ്യവഹാരം നടത്തി, രാഷ്ട്രീയ ഫലം കൊയ്യാന്‍ 21ാം നൂറ്റാണ്ടിലെ കേരളീയ സമൂഹത്തില്‍ നിസ്സാരമായി സാധിക്കുന്നു എന്നതില്‍പ്പരം ഫലിതമുണേ്ടാ?
നാരായണഗുരുവിനെ വാസ്തവത്തില്‍ ക്രൂശിക്കുന്നത് ഈ ഫ്‌ളോട്ട് വിവാദത്തിന്‍മേല്‍ അരങ്ങേറുന്ന രാഷ്ട്രീയ മിമിക്രിയാണ്. ബി.ജെ.പി. നേതാക്കള്‍ ടി.വി. ചാനലില്‍ കയറിയിരുന്നു വീമ്പിളക്കുന്നു, ആര്‍.എസ്.എസ്. ശാഖയിലെ പ്രാര്‍ഥനപ്പാട്ടില്‍ ഒടുവിലായി ഗുരുവിനെ നമിക്കുന്ന വരികളുണെ്ടന്ന്. ടി ശ്ലോകം ഉദ്ധരിക്കുമ്പോള്‍ ഒരു ചാനലുകാരനും തിരിച്ചറിഞ്ഞ മട്ടില്ല, ഇതൊരു സ്ഥിരം അടവുനയമാണെന്ന ചരിത്രവസ്തുത.
ഉദാഹരണമായി ബുദ്ധന്റെ കാര്യം. ദശാവതാരങ്ങളില്‍ എട്ടാമത്തെ അവതാരമായ ബലഭദ്രന്‍ എന്ന കഥാപാത്രം ഇന്നു ഹിന്ദുത്വവാണിയിലില്ല. പകരം ബുദ്ധനെ തിരുകിക്കയറ്റി. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ തായ്‌വേരായ വൈദിക ബ്രാഹ്മണമതം ഏറ്റവുമധികം ഭയപ്പെട്ടതും അതിനാല്‍ത്തന്നെ ദ്രോഹിച്ചതും ബുദ്ധമതക്കാരെയാണെന്നോര്‍ക്കണം. കാരണം, ജാതീയതയ്‌ക്കെതിരായ പ്രചാരണം നടത്തിയതും വേദങ്ങളുടെ പ്രാമാണികതയെ ശക്തിയുക്തം നിരാകരിച്ചതും ബുദ്ധമതമായിരുന്നു.
അതുകൊണ്ടുതന്നെ കേരളമടക്കം എത്രയോ ദേശങ്ങളില്‍ നിന്നു ബുദ്ധമതക്കാരെ ആക്രമിച്ചു തുരത്തിയോടിച്ച ചരിത്രമുണ്ടായി. ഇന്നത്തെ സംഘപരിവാരത്തിന്റെ റോള്‍ അന്ന് അനുഷ്ഠിച്ചത് ബ്രാഹ്മണപ്രമാണികളും അവരുടെ ഒത്താശപ്പണിയെടുത്ത നാട്ടുരാജാക്കന്മാരും. ബുദ്ധമതത്തെ അക്ഷരാര്‍ഥത്തില്‍ ഹിംസ ചെയ്തു തുരത്തിയവര്‍ ബുദ്ധനെ ദശാവതാരത്തില്‍ തിരുകിയതിലാണ് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ചിരപുരാതന കാതല്‍. അധഃസ്ഥിതരുടെയും അടുക്കാടികളുടെയും അഭയമായി മാറിയ ബുദ്ധമതം തങ്ങളുടെ കീഴില്‍ തന്നെയുള്ള ചരക്കാണെന്നു വരുത്തിത്തീര്‍ക്കുകയായിരുന്നു ഒരു ലക്ഷ്യം. ഹിന്ദുയിസത്തിന്റെ ഒരു ‘പുവര്‍ റിബല്‍ ചൈല്‍ഡാ’ണ് ബുദ്ധിസമെന്ന് ലോകം കണ്ട ഏറ്റവും വലിയ ഹിന്ദു മിഷനറിയായ വിവേകാനന്ദന്‍ ഘോഷിച്ചത് ഇതേ രാഷ്ട്രീയമായിരുന്നു.
ഇംഗിതം ലളിതം: ബുദ്ധമതക്കാരായിക്കൊണ്ട് ജാതിച്ചങ്ങലയില്‍ നിന്ന് വിമോചനം പ്രഖ്യാപിച്ച ദലിതരെ ഹിന്ദുമതത്തില്‍ത്തന്നെ തളച്ചിടുക. അഥവാ ഏതൊരു ജാതിശ്രേണിയുടെ അടിമച്ചങ്ങല പൊട്ടിക്കാനാണോ അധഃസ്ഥിതര്‍ ഉദ്യമിച്ചത്, അതിലേക്കുതന്നെ അവരെ ഭംഗ്യന്തരേണ ഒതുക്കിയിടുക. ബുദ്ധവിഹാരങ്ങള്‍ തച്ചുടച്ച് തദ്ദേശീയരുടെ ആരാധനാമൂര്‍ത്തികളെ കിണറ്റിലും കാവിലും കാട്ടിലുമെറിഞ്ഞ് അവിടങ്ങളില്‍ ഇന്നും ഭക്തരെക്കൊണ്ട് കല്ലെറിയുന്ന ആചാരങ്ങള്‍ അനുഷ്ഠിപ്പിച്ച് വൈദിക ബ്രാഹ്മണ മതം ഈ ചരിത്രച്ചതി മൂടിവയ്ക്കുന്നു. ചേര്‍ത്തല തൊട്ട് ശബരിമല വരെ ബുദ്ധവധത്തിന്റെ ചരിത്രസാക്ഷ്യങ്ങളായി നമുക്കു മുന്നിലുണ്ട്. അതിനും മുമ്പത്തെ ജൈനവധത്തിന്റെ സാക്ഷ്യപത്രങ്ങളാണ് കൂടല്‍മാണിക്യം തൊട്ട് ശ്രീപത്മനാഭസ്വാമി ക്ഷേത്രം വരെ.
ചരിത്രത്തില്‍ നിന്നു മുഖമടച്ചുവരുന്ന ഈ ആധിപത്യ രാഷ്ട്രീയമൊന്നും എസ്.എന്‍.ഡി.പിക്കു തിരിയുന്നില്ലെങ്കില്‍ അത് അവരുടെ ബോധനിരക്ഷരത എന്നേ പറയാനുള്ളൂ. എന്നാല്‍, ആ ബോധം അവര്‍ക്കുണ്ടാക്കാന്‍ ചുമതല പേറുന്ന നേതൃത്വം കള്ളുകച്ചവടക്കാരുടെ പോക്കറ്റ്‌സംഘമായി മാറിയെങ്കില്‍ ശ്രീനാരായണ ധര്‍മപരിപാലനം തിരയേണ്ടത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാപ്പീസിലല്ല, സ്വന്തം ഇരിപ്പുമുറിയിലാണ്.
ചരിത്രപരമായ ഭൂലോക വിഡ്ഢിത്തം തലയിലേറ്റി പഴയ അടിയാളത്തം പുതിയ രൂപത്തില്‍ സ്വയം വരിക്കുന്നവര്‍ നാരായണഗുരുവിന്റെ പ്രതീകാത്മക ആവിഷ്‌കാരത്തെച്ചൊല്ലി വാളെടുക്കുന്നതില്‍ അതിശയമൊട്ടുമില്ല. തൊലിപ്പുറത്തിനപ്പുറം ഗോളം തിരിയാത്തവരായി ശ്രീനാരായണീയരെ നിര്‍ത്തേണ്ടത് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ അനിവാര്യതയാണ്. ബൗദ്ധരെ അതിനു കിട്ടാതെ വന്നപ്പോള്‍ നാടുവാഴികളുടെ കൈയൂക്കിന്റെ മറയില്‍ അവരെ തച്ചും കൊന്നും തുരത്തി. ഇന്നിപ്പോള്‍ എസ്.എന്‍.ഡി.പിയെ തല്ലുകയും തുരത്തുകയുമൊന്നും വേണ്ട; അടിമപ്പണി എടുപ്പിക്കാന്‍ കണിച്ചുകുളങ്ങര ദല്ലാള്‍മാരുണ്ട്.
ഘോഷയാത്രാ മല്‍സരത്തിനും ഫ്‌ളോട്ട് വിവാദത്തിനും സമാന്തരമായി മറ്റൊരു കായിക രാഷ്ട്രീയാവസ്ഥ കൂടിയുണ്ട് ഇക്കാര്യത്തില്‍. ഏത് സംസ്ഥാനത്തും അധികാരം പിടിക്കാന്‍ തിരഞ്ഞെടുപ്പിനു മുമ്പേറായി ലോക്കല്‍ വര്‍ഗീയതയുടെ കുത്തിയിളക്കലും വിപണനവും നടത്തുക ബി.ജെ.പിയുടെ പ്രശസ്തമായ രാഷ്ട്രീയതന്ത്രമാണ്. മോദി ഭരണം തുടങ്ങിയ ശേഷം കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ വിവിധ കേന്ദ്രങ്ങളിലായി അമിത്ഷാ സംഘം തരപ്പെടുത്തിയത് 1200ല്‍പരം വര്‍ഗീയ കലാപങ്ങള്‍.
അമിത്ഷാ പാലക്കാട്ടു വന്ന് സംസ്ഥാന നേതൃത്വത്തിനു നല്‍കിയ കോര്‍പറേറ്റ് കല്‍പ്പനയ്ക്കു ശേഷം മാത്രം കേരളത്തില്‍ സംഘപരിവാരം പല തട്ടിലും തലത്തിലുമായി അരങ്ങേറ്റിയ അസ്വസ്ഥതകള്‍ ഓര്‍ക്കുക. കോഴിക്കോട്ടെ സദാചാരപ്പോലിസുകളി തൊട്ട് സംസ്ഥാനവ്യാപകമായി സി.പി.എമ്മുമായുള്ള സംഘര്‍ഷം വരെ. എന്തിനധികം, പോലിസുകാരെ പെന്‍ഷനായാല്‍ പോലും വെറുതെ വിടില്ലെന്നല്ലേ ഒരു യുവാവിന്റെ കായംകുളം വിളംബരം? ദോഷം പറയരുതല്ലോ, ഇതിലും പ്രതീകാത്മകതയൊന്നുമില്ല; പച്ചയ്ക്കാണ് ഏമാന്‍മാര്‍ക്കുള്ള ഭീഷണി.
ചുരുക്കത്തില്‍, കൊച്ചുകേരളത്തില്‍ താമരയൊന്നു വിരിയിക്കാനുള്ള ആധിവ്യാധികളിലാണ് കാവിപ്പട. അതിനു വേണ്ടി എന്തും ചെയ്യും, തരികിടയെങ്കില്‍ തരികിട, അക്രമമെങ്കില്‍ അത്. വെറും ഒന്നര കൊല്ലത്തിനിടെ അതിനു വേണ്ട അസ്വസ്ഥതയൊക്കെ കേരളീയ സമൂഹത്തില്‍ സൃഷ്ടിച്ചെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു. അമിത്ഷാ മോഡല്‍ വര്‍ഗീയ രാഷ്ട്രീയത്തിനുള്ള നിലമുഴുതുകൊണ്ടിരിക്കുന്നു.
ആ കെണിയിലെ ആദ്യ ഇരയാണ് എസ്.എന്‍.ഡി.പി. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം’ എന്ന ഗുരുവചനത്തിന്റെയും പ്രതീകാത്മകത ഊരിയെറിഞ്ഞ് ഏതാണെ്ടാരു തീരുമാനത്തിലായ മട്ടുണ്ട്. ടി വചനത്തിലെ ജാതി ഏതെന്ന് നടേശഗുരു പ്രഖ്യാപിച്ചുകഴിഞ്ഞു- ഈഴവന്‍. അതിലെ മതം ഏതെന്നു സംഘപരിവാരം തീരുമാനിച്ചുകഴിഞ്ഞു- വൈദിക ബ്രാഹ്മണമതം. ശിഷ്ടമുള്ളതു ദൈവം. അത് ഇപ്പറഞ്ഞ രണ്ട് അധികാരകേന്ദ്രങ്ങളും കൂടി സൗകര്യം പോലെ തീരുമാനിച്ചുകൊള്ളും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day