|    Dec 11 Sun, 2016 9:39 am

ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പ്രത്യേക സ്‌ക്വാഡ് ; എസ്പി മോണിറ്റര്‍ ചെയ്യും

Published : 28th October 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങളെ പൂര്‍ണമായും അമര്‍ച്ചചെയ്യുന്നതിന് പ്രത്യേക സംവിധാനത്തിനു രൂപം നല്‍കിയതായി സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.  സംസ്ഥാന പോലിസ് മേധാവി ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഇതുസംബന്ധിച്ച് വിശദാംശങ്ങള്‍ക്ക് രൂപംനല്‍കി.
ഇതനുസരിച്ച് ഗുണ്ടാസംഘങ്ങളെ നിയന്ത്രിക്കുന്നതിന് സംസ്ഥാനാടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രവര്‍ത്തനമാരംഭിക്കും. സ്‌ക്വാഡംഗങ്ങളെ ജില്ലാതലത്തില്‍ വിഭജിച്ച് നല്‍കും. ഇത്തരത്തിലുള്ള ആദ്യ സ്‌ക്വാഡ് എറണാകുളം നഗരത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗുണ്ടാസംഘങ്ങള്‍, ക്വട്ടേഷന്‍ ഗ്യാങുകള്‍, പെണ്‍വാണിഭ സംഘങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് വിവരം ശേഖരിക്കുക, അത്തരം ഗുണ്ടാസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കല്‍, ലോക്കല്‍ പോലിസിന്റെ സഹകരണത്തോടെ ഇത്തരം സംഘാംഗങ്ങളെ കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്യല്‍ തുടങ്ങിയവ പ്രത്യേക സ്‌ക്വാഡിന്റെ ചുമതലകളാണ്.
സംസ്ഥാനതലത്തില്‍ ഒരു എസ്പി സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യും. മറ്റു ജില്ലകളിലെ സ്‌ക്വാഡ് അംഗങ്ങള്‍ സംബന്ധിച്ചും മറ്റു വിശദാംശങ്ങള്‍ സംബന്ധിച്ചും ഏതാനും ദിവസങ്ങള്‍ക്കകം തീരുമാനമാവും. അംഗങ്ങള്‍ക്ക് മൂന്നുദിവസത്തെ പരിശീലനം നല്‍കുമെന്ന് പോലിസ് മേധാവി അറിയിച്ചു. സംസ്ഥാനത്ത് പോലിസ് സ്റ്റേഷനുകള്‍ കൂടതല്‍ ജനസൗഹൃദമാക്കുന്നതിനും തെളിയിക്കപ്പെടാത്ത കേസുകള്‍ക്ക് തുമ്പുണ്ടാക്കുന്നതിനും ക്രമസമാധാനപാലനം കുറ്റമറ്റതാക്കുന്നതിനുമുള്ള നിരവധി നടപടികള്‍ ഇതിനകം കൈക്കൊണ്ടുകഴിഞ്ഞതായും സംസ്ഥാന പോലിസ് മേധാവി പറഞ്ഞു.
ഇത്തരം നടപടികളുടെ തുടര്‍ച്ചയായാണ് നഗരങ്ങള്‍ കേന്ദ്രീകരിച്ചും മറ്റും പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതിന് പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കുന്നതെന്നും സംസ്ഥാന പോലിസ് മേധാവി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക