|    Dec 5 Mon, 2016 10:01 pm
FLASH NEWS

ഗീതാഗോപിനാഥിന്റെ വിജ്ഞാനവും അനുഭവസമ്പത്തുമാണ് പ്രയോജനപ്പെടുത്തുന്നത്: മന്ത്രി

Published : 3rd November 2016 | Posted By: SMR

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാഗോപിനാഥിന്റെ വിജ്ഞാനവും അനുഭവ സമ്പത്തും പ്രയോജനപ്പെടുത്തുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു. ഗീതാഗോപിനാഥിന്റെ നിയമനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കായിരുന്നു ധനമന്ത്രിയുടെ മറുപടി. ഏതു ഉപദേശവും സഹായവും നല്‍കിയാലും സംസ്ഥാന സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. എന്നാല്‍, കേരളത്തിന്റെ സാമ്പത്തിക നയരൂപീകരണത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ചില മേഖലകളില്‍ വൈധഗ്ധ്യമുള്ളവരുടെ സഹായം സര്‍ക്കാരിനു വേണം. വ്യത്യസ്ത അഭിപ്രായം പുലര്‍ത്തുമ്പോഴും നാടിന്റെ വികസനത്തിന് ഈ സഹായം ഉപയോഗിക്കാവുന്നതാണ്. ആശയപരമായി സര്‍ക്കാരിന് വ്യക്തമായൊരു തറയുണ്ട്. നവ ഉദാരീകരണത്തെ അന്നുമിന്നും ശക്തമായി എല്‍ഡിഎഫ് എതിര്‍ക്കുന്നു. ഇതിനെതിരായ ബദല്‍ അന്വേഷണവും തുടരുകയാണ്. അതേസമയം, കേരളത്തില്‍നിന്ന് വളര്‍ന്നുവന്ന വിദഗ്ധരെ പ്രയോജനപ്പെടുത്തുകയും വേണം. ഗീതാഗോപിനാഥ് ഏതെങ്കിലും സ്വകാര്യ കുത്തക കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായതായി അറിയില്ല. ഐഎംഎഫ് ഉപദേശകയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദഗ്ധരെ പുറത്തുനിന്ന് വിളിച്ചാല്‍ അവര്‍ക്കെല്ലാം ഇത്തരം ബന്ധങ്ങളുണ്ടാവും. ഫെഡറല്‍ സംവിധാനത്തിന്റെ പരിധിക്കുള്ളില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. എഡിബി, ലോകബാങ്ക് വായ്പയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സാമ്പത്തിക ഉപദേഷ്ടാവിന്റെ ഉപദേശം തേടിയിട്ടില്ല. സാമ്പത്തിക ശാസ്ത്രജ്ഞര്‍ വിവിധ സാമ്പത്തിക ശാഖകളില്‍ പ്രവര്‍ത്തിക്കുന്നതാണ്. തനിക്ക് പൊളിറ്റിക്കല്‍ ഇക്കോണമിയിലാണ് താല്‍പര്യം. ഇന്റര്‍നാഷനല്‍ ട്രേഡ് മറ്റൊരു ശാഖയാണ്. അതിലാണ് ഗീതാഗോപിനാഥിന്റെ പ്രവര്‍ത്തനമേഖല. ആഗോളീകരണ നയങ്ങളോട് യുഡിഎഫിന് പരിപൂര്‍ണ യോജിപ്പാണ്. എന്നാല്‍, എല്‍ഡിഎഫ് അതിനെ എതിര്‍ക്കുകയും പരിഗണിക്കുകയും ചെയ്യേണ്ടി വരും എന്നും ധനമന്ത്രി മറുപടി നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day