|    Dec 7 Wed, 2016 11:48 pm
FLASH NEWS

ഗവ.വിക്ടോറിയ ആശുപത്രി; ഞായറാഴ്ച ഒപി ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍; അംഗീകരിക്കില്ലെന്ന് ജില്ലാ പഞ്ചായത്ത്

Published : 28th October 2016 | Posted By: SMR

കൊല്ലം:കൊല്ലം വിക്ടോറിയ ആശുപത്രിയില്‍ ഞായറാഴ്ച ഒപി ഒഴിവാക്കണമെന്ന് ശിശുരോഗ വിഭാഗം ഡോക്ടര്‍മാര്‍. ഇക്കാര്യം ഉന്നയിച്ച് ഡോക്ടര്‍മാര്‍ ജില്ലാ പഞ്ചായത്തിന് കത്ത് നല്‍കി. എന്നാല്‍ ഇന്നലെ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗം ഡോക്ടര്‍മാരുടെ ആവശ്യം തള്ളി.  ആശുപത്രി സൂപ്രണ്ടിനും ഡിഎംഒയ്ക്കും നേരത്തെ നല്‍കിയിട്ടും പരിഗണിക്കാഞ്ഞതോടെയാണ് ഡോക്ടര്‍മാര്‍ ജില്ലാ പഞ്ചായത്തിന് നേരിട്ട് കത്ത് നല്‍കിയത്.അതേസമയം, സിപിഐ അംഗം എന്‍ രവീന്ദ്രന്‍ ഡോക്ടര്‍മാരുടെ കത്ത് ജില്ലാ പഞ്ചായത്ത് യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ആഞ്ഞടിച്ചു. അവശ്യ സര്‍വീസായ ആശുപത്രികളിലെ സേവനങ്ങളില്‍ ഇടപെടാന്‍ ജില്ലാ പഞ്ചായത്തിന് അധികാരമില്ലെന്നും ജോലി ചെയ്യാന്‍ താല്‍പ്പര്യമില്ലാത്തവരെ മാറ്റി പുതിയവരെ നിയമിക്കണമെന്നും രവീന്ദ്രന്‍ ആവശ്യപ്പെട്ടു. ഞായറാഴ്ച ഒപി നിര്‍ത്തലാക്കില്ലെന്നും ഈ ആവശ്യം മാറ്റിനിര്‍ത്തി ഡോക്ടര്‍മാരുമായി പിന്നീട് ചര്‍ച്ച നടത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ പറഞ്ഞു. വിക്ടോറിയ ആശുപത്രിയില്‍ നിലവില്‍ അഞ്ച് ശിശുരോഗ വിദഗ്ധരാണുള്ളത്. പരസ്പരമുള്ള ധാരണ പ്രകാരം ഒരു ഡോക്ടര്‍ക്ക് മാസത്തില്‍ ഒരു ഞായറാഴ്ച മാത്രം ഒപി നോക്കിയാല്‍ മതി. വര്‍ഷങ്ങളായുള്ള ഈ കീഴ് വഴക്കം മാറ്റി ഞായറാഴ്ച പൂര്‍ണമായും ഒപി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡോക്ടര്‍മാരുടെ കത്ത്.  ഞായറാഴ്ച നൂറ് മുതല്‍ നൂറ്റിയന്‍പത് വരെ രോഗികള്‍ വരെ വിക്ടോറിയ ആശുപത്രിയിലെ ഒപിയില്‍ എത്തുന്നുണ്ട്. ജില്ലാപഞ്ചായത്ത് യോഗത്തില്‍ എതിര്‍പ്പ് ഉയര്‍ന്നതോടെ ഡോക്ടര്‍മാരുമായി ഇന്നലെ നടത്താനിരുന്ന ചര്‍ച്ചയും ഉപേക്ഷിച്ചു. കൊല്ലം റെയില്‍വേ സ്‌റ്റേഷന് സമീപം കര്‍ബലയില്‍ പട്ടികജാതിക്കാര്‍ക്കായി നിര്‍മ്മിച്ച വ്യവസായ കോംപ്ലക്‌സ് ബിനാമികള്‍ കൈയേറിയതായി ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ആരോപണം ഉയര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നേരത്തെ നിര്‍ദ്ദേശം നല്‍കിയിട്ടും കോംപ്ലസിക്‌സിന്റെ ചുമതലയുള്ള ജില്ലാ വ്യവസായ കേന്ദ്രം അധികൃതര്‍ പരിശോധന നടത്താന്‍ തയ്യാറായില്ല. ആരോപണം പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് വ്യവസായ കേന്ദ്രം മാനേജര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കര്‍ശന നിര്‍ദ്ദേശം നല്‍കി. വരാനിരിക്കുന്ന രൂക്ഷമായ വരള്‍ച്ച മുന്നില്‍ക്കണ്ട് കുടിവെള്ള പദ്ധതികളുടെ നിര്‍മാണം വേഗത്തിലാക്കണമെന്നും നിലവിലുള്ളവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് മുന്‍കൂര്‍ പണം നല്‍കിയിട്ടും അരംഭിക്കാത്ത കുടിവെള്ള പദ്ധതികളുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജഗദമ്മ മറുപടി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day