|    Dec 6 Tue, 2016 11:22 pm
FLASH NEWS

ഗവേഷണ വിദ്യാര്‍ഥികളുടെ സമരം നീളുന്നു; നിലപാടിലുറച്ചു സര്‍വകലാശാല

Published : 27th October 2016 | Posted By: SMR

തിരുവനന്തപുരം: കാര്യവട്ടം കാംപസിലെ ഗവേഷക വിദ്യാര്‍ഥികളുടെ സമരം 30 ദിവസം  പിന്നിടുമ്പോഴും സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ അധികൃതര്‍ക്ക് വിമുഖത. എക്സ്റ്റന്‍ഷന്‍ ഫീസ് ഉയര്‍ത്തിയ നടപടി പിന്‍വലിക്കുക, എത്തിക്കല്‍ കമ്മിറ്റിയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുക, 2009 ഡഎഇ റെഗുലേഷന്‍ നടപ്പാക്കിയതിലെ അപാകത പരിഹരിക്കുക, നഷ്ടമായ എം.ഫില്‍ സീറ്റുകള്‍ പുനസ്ഥാപിക്കുക, ഗവേഷക വിദ്യാര്‍ഥി പ്രതിനിധികളുടെ സസപെന്‍ഷന്‍ പിന്‍വലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കാംപസിന്റെ മുന്നില്‍ കുടില്‍ കെട്ടി വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത്. വിഷയവുമായി ബന്ധപ്പെട്ട നിവേദനം നല്‍കാന്‍ വൈസ് ചാന്‍സലറുടെ ചേംബറില്‍ എത്തിയ ഗവേഷക വിദ്യാര്‍ഥി പ്രതിനിധികളായ അജേഷ്, മനേഷ്, ഷാനു, വിഷ്ണു, നജീബ് എന്നിവര്‍ക്കെതിരേ കേസെടുക്കുകയും കാംപസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയുംചെയ്തിരുന്നു. ഈ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച പോസ്റ്റര്‍ ഒട്ടിച്ച പ്രജിത്തിനെയും സസ്‌പെന്‍ഡ് ചെയ്തു. പുറത്താക്കപ്പെട്ട ഗവേഷകരെ തിരിച്ചെടുക്കണമെന്നും സമരത്തില്‍ ഉന്നയിക്കപ്പെട്ട ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ വൈസ് ചാന്‍സലര്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ട് ഇന്നലെ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. എന്നാല്‍ സര്‍വകലാശാലയിലെ ഒരു വിഭാഗം ഗവേഷണ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം നിക്ഷിപ്ത താല്‍പര്യ സംരക്ഷണത്തിനു വേണ്ടി മാത്രമുള്ളതാണെന്ന് സര്‍വകലാശാല ഇന്നലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. നിരന്തരമായി വൈസ് ചാന്‍സലറുടെ ചേംബറിലും അദ്ദേഹം വിളിച്ചുകൂട്ടുന്ന യോഗസ്ഥലങ്ങളിലും അതിക്രമിച്ച് കടന്നുകയറി അസഭ്യവര്‍ഷം നടത്തുന്നതും കടലാസുകള്‍ വലിച്ചെറിയുന്നതും ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പതിവാക്കി മാറ്റി. ഈ സാഹചര്യത്തിലാണ് അനുവാദമില്ലാതെ വൈസ് ചാന്‍സലറുടെ ചേംബറില്‍ അതിക്രമിച്ച് കടന്നുകയറിയതിനും വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം നിന്നതിനും അഞ്ച് വിദ്യാര്‍ഥികളോട് വിശദീകരണം ആവശ്യപ്പെട്ടത്.  വിശദീകരണം തൃപ്തികരമല്ലാതെ വന്നപ്പോള്‍ അഞ്ച് വിദ്യാര്‍ഥികളെയും വൈസ് ചാന്‍സറുടെ ഉത്തരവ് പ്രകാരം അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തതെന്നാണ് സര്‍വകലാശാലയുടെ വാദം. നിലവിലുള്ള ഗവേഷണ വിദ്യാര്‍ഥികള്‍ക്കും എംഫില്‍ സീറ്റുകള്‍ക്കും പരമാവധി സംരക്ഷണം നടത്തിയാണ് യുജിസി ചട്ടങ്ങള്‍ കേരള സര്‍വകലാശാലയില്‍ നടപ്പാക്കിയിരിക്കുന്നത്. എന്നാല്‍ ഇത് മറച്ചുവച്ച് തെറ്റായ വിവരങ്ങളാണ് സമരക്കാര്‍ പ്രചരിപ്പിക്കുന്നതെന്ന് സര്‍വകലാശാല വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day