|    Dec 4 Sun, 2016 9:21 am
FLASH NEWS

ഗള്‍ഫിലേക്ക് യാത്ര പറയാനിറങ്ങി; കണ്ടത് ചേതനയറ്റ ശരീരം

Published : 2nd December 2016 | Posted By: SMR

പൊവ്വല്‍: ഗള്‍ഫിലേക്ക് പോവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ സുഹൃത്തുക്കളെ കണ്ട് യാത്ര പറയാനിറങ്ങിയ യുവാവിന്റെ കൊലപാതകം നാടിനെ ദുഃഖത്തിലാഴ്ത്തി. ബോവിക്കാനം ടൗണില്‍ സുഹൃത്തുക്കളോട് യാത്ര പറയാനിറങ്ങിയ പൊവ്വല്‍ മാപ്പിള യുപി സ്‌കൂളിന് സമീപത്തെ അബ്ദുല്‍ഖാദറിനാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്ക് മംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് ദുബയിലെ ജോലി സ്ഥലത്തേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് ബോവിക്കാനം ടൗണില്‍ വച്ച്  കുത്തേറ്റുമരിച്ചത്. അബ്ദുല്‍ഖാദറും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി ഒരു സംഘം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ സുഹൃത്തുക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ദിവസം മുമ്പ് ബോവിക്കാനത്ത് നടന്ന ഫുട്‌ബോള്‍ മല്‍സരവുമായി ബന്ധപ്പെട്ട സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമായത്. ഇതേ തുടര്‍ന്ന് ബോവിക്കാനത്തേയും പൊവ്വല്‍ ബെഞ്ച് കോടതിയിലേയും രണ്ട് ക്ലബ്ബ്് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. തുടര്‍ന്ന് പോലിസ് എത്തി ഇരു ഗ്രൂപ്പുകളേയും അനുനയിപ്പിക്കുകയായിരുന്നു. ഇതിന് തുടര്‍ച്ചയായി ബുധനാഴ്ച രാത്രി ബെഞ്ച് കോടതിയിലുള്ള ക്ലബ്ബ് കെട്ടിടത്തില്‍ ആദൂര്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ ഒരു സംഘം പോലിസെത്തി സിപിഎം പ്രവര്‍ത്തകരെ മര്‍ദ്ദിച്ചിരുന്നു. ഇതോടെയാണ് ഫുട്‌ബോള്‍ കളി ലീഗ്-സിപിഎം സംഘര്‍ഷമായി മാറിയത്. മുസ്്‌ലിംലീഗ് പൊവ്വല്‍ ശാഖ സെക്രട്ടറി യൂസഫിന്റെ മകനാണ് കൊല്ലപ്പെട്ട അബ്ദുല്‍ഖാദര്‍. ലീഗില്‍ നിന്ന് അടുത്തകാലത്ത് സിപിഎമ്മില്‍ ചേര്‍ന്ന ഒരു സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് ലീഗ് ആരോപിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇന്ന് മുളിയാര്‍ പഞ്ചായത്തില്‍ ലീഗ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഏതാനും ആഴ്ചമുമ്പാണ് അബ്ദുല്‍ഖാദര്‍ ദുബയില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയത്. കൊലപാതക വിവരമറിഞ്ഞ് മൃതദേഹം സൂക്ഷിച്ച കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് നിരവധി പ്രവര്‍ത്തകരും നേതാക്കളും എത്തി. ജില്ലാ പോലിസ് ചീഫ് തോംസണ്‍ ജോസും ആശുപത്രിയില്‍ എത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day