|    Dec 4 Sun, 2016 1:37 pm

ഗര്‍ഭകാലത്ത് ലൈംഗികബന്ധം നിഷേധിക്കുന്നത് ക്രൂരതയല്ല: ഹൈക്കോടതി

Published : 7th November 2016 | Posted By: SMR

ന്യൂഡല്‍ഹി: സ്ത്രീ അവളുടെ ഗര്‍ഭകാലത്ത് ഭര്‍ത്താവുമായുള്ള ലൈംഗികബന്ധം നിഷേധിക്കുന്നത് ക്രൂരതയല്ലെന്ന് ഡല്‍ഹി ഹൈക്കോടതി.
ഇക്കാരണത്താല്‍ ഭര്‍ത്താവിന് വിവാഹമോചനം തേടാനാവില്ലെന്നും കോടതി വ്യക്തമാക്കി.  ഗര്‍ഭകാലത്ത് ഭാര്യ ലൈംഗികബന്ധത്തിന് സമ്മതിക്കുന്നില്ലെന്നും അക്കാരണത്താല്‍ വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി നേരത്തേ കുടുംബകോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് ഹൈക്കോടതിയിലെത്തിയ അപ്പീലിലാണ് കോടതിയുടെ നിരീക്ഷണം.
ഭാര്യ രാവിലെ വൈകി ഉണരുന്നതും കാലത്ത് ബെഡ് കോഫി ശരിയായ സമയത്ത് നല്‍കാതിരിക്കുന്നതും അവളുടെ അലസതയാണ്. അലസത ഒരിക്കലും ക്രൂരതയല്ലെന്നു കോടതി പറഞ്ഞു. അക്കാരണത്താല്‍ വിവാഹമോചനം തേടാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഗര്‍ഭത്തില്‍ വളരുന്ന ഭ്രൂണത്തിന്റെ സുരക്ഷിതത്വം പ്രധാനമാണ്. ആ സമയത്ത് ലൈംഗികബന്ധത്തിന് അസൗകര്യമാവും. അതിനാല്‍, ഗര്‍ഭകാലത്ത് ഭര്‍ത്താവുമായുള്ള ലൈംഗികബന്ധത്തില്‍നിന്ന് പൂര്‍ണമായും അകന്നുനില്‍ക്കുന്നത് അല്‍പംപോലും ക്രൂരതയല്ലെന്ന് ജസ്റ്റിസുമാരായ പ്രദീപ് നന്ദ്രജോഗ്, പ്രതിഭ റാണി എന്നിവരുള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.
അവ്യക്തവും ഏതെങ്കിലും തരത്തിലുള്ള വിശദാംശങ്ങള്‍ ഇല്ലാത്തതുമായ ആരോപണമാണ് ഹരജിക്കാരന്റേതെന്നായിരുന്നു കുടുംബകോടതിയുടെ നിരീക്ഷണം. തുടര്‍ന്ന് കുടുംബകോടതി ഹരജി തള്ളുകയായിരുന്നു. കുടുംബകോടതിയുടെ നിരീക്ഷണം ഹൈക്കോടതിയും ശരിവച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day