|    Dec 9 Fri, 2016 1:08 pm

ഖരമാലിന്യ സംസ്‌കരണം: ശുചിത്വ മിഷന്റെ 20. 25ലക്ഷം നഷ്ടമായി

Published : 31st October 2016 | Posted By: SMR

കാഞ്ഞങ്ങാട്: ഖര മാലിന്യ സംസ്‌ക്കരണത്തിന് കാഞ്ഞങ്ങാട് നഗരസഭയ്ക്ക് കേരള ശുചിത്വമിഷന്‍ നല്‍കിയ 20.25 ലക്ഷം രൂപ നഷ്ടമായി. കഴിഞ്ഞ ഭരണ സമിതിയുടെ വീഴ്ച്ചയാണ് സഹായം നഷ്ടപ്പെടാന്‍ കാരണമെന്ന് ജില്ലാ ഓഡിറ്റ് വിഭാഗമാണ് കണ്ടെത്തിയത്. ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് ആധൂനീകരിക്കുന്നതിന് 20,25,000 രൂപയാണ് ശുചിത്വമിഷന്‍ അനുവദിച്ചിരുന്നത്. 2011ല്‍ ചെമ്മട്ടംവയലിലെ മാലിന്യ സംസ്‌ക്കരണ കേന്ദ്രം ആധുനീകരിക്കുന്ന പദ്ധതിക്കാണ് തുക അനുവദിച്ചത്. മാലിന്യം സംസ്‌ക്കരിക്കാന്‍ ഇന്‍സിനേറ്റര്‍ സ്ഥാപിക്കാന്‍ കാസര്‍കോട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എന്ന സ്ഥാപനമാണ് കരാര്‍ ഏറ്റെടുത്തത്. എന്നാല്‍ ഇവര്‍ക്ക് ജോലി പൂര്‍ത്തിയാക്കാനായില്ല. ഇതേ തുടര്‍ന്ന് കോഴിക്കോട് ആസ്ഥനമായുള്ള മറ്റൊരു കമ്പനിയെ എല്‍പിച്ചു. ഇവര്‍ സ്ഥാപിച്ച ഇന്‍സിനേറ്ററിന് ഉയരം പോരെന്നു കാണിച്ച് പരിസ്ഥിതി വകുപ്പ് തടസം നിന്നു. ഇതിനിടയില്‍ ഇവിടെ മാലിന്യം നിക്ഷേപിക്കാന്‍ പാടില്ലെന്നു പറഞ്ഞു പരിസര വാസികള്‍ പ്രക്ഷോഭവും ആരംഭിച്ചു. ഇതോടെ പദ്ധതി പ്രവര്‍ത്തനം പാളിപ്പോയി. ആദ്യം കരാര്‍ എടുത്ത കമ്പനിക്കെതിരെ നഗരസഭ കേസ് നടത്തിയെങ്കിലും അന്തിമ തീരുമാനമായില്ല. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു കോടതിയെ സമീപിച്ചത്. മാലിന്യ പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് കോടതിയില്‍ നിന്നും നഗരസഭയ്ക്ക് അനുകൂല നടപടിക്കുള്ള ശ്രമം നടത്താമായിരുന്നെന്നും അനുവദിച്ചു കിട്ടിയ തുക മാലിന്യ നിര്‍മാര്‍ജനത്തിനുവേണ്ടി തന്നെ ചെലവവഴിക്കാന്‍ ശുചിത്വ മിഷനില്‍ നിന്നും അനുമതി തേടാമായിരുന്നുവെന്നും ഓഡിറ്റ് റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day