|    Dec 10 Sat, 2016 10:00 pm

ഖനന നിരോധനം; മുന്‍ കലക്ടറുടെ ഉത്തരവ് അട്ടിമറിച്ചു

Published : 14th November 2016 | Posted By: SMR

കല്‍പ്പറ്റ: അമ്പലവയല്‍, കൃഷ്ണഗിരി വില്ലേജുകളുടെ വിവിധ ഭാഗങ്ങളില്‍ ഖനനം നിരോധിച്ച് മുന്‍ കലക്ടര്‍ വി കേശവേന്ദ്രകുമാര്‍ പുറപ്പെടുവിച്ച ഉത്തരവ് അട്ടിമറിച്ചു. അമ്പലവയല്‍ വില്ലേജില്‍പെട്ട ആറാട്ടുപാറ, കൃഷ്ണഗിരി വില്ലേജിലെ കൊളഗപ്പാറ, ഫാന്റം റോക്ക് എന്നിവിടങ്ങളില്‍ ക്വാറി-ക്രഷര്‍ പ്രവര്‍ത്തനം വിലക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ കേശവേന്ദ്രകുമാര്‍ ആഗസ്ത് രണ്ടിനു പുറപ്പെടുവിച്ച ഉത്തരവാണ് തകിടംമറിച്ചത്. അമ്പലവയല്‍ വില്ലേജില്‍ സര്‍വേ നമ്പര്‍ 305/1ലുള്ള ആറാട്ടുപാറയുടെ അതിരുകള്‍ക്ക് ഒരു കിലോമീറ്റര്‍ പരിധിയിലാണ് മുന്‍ കലക്ടറുടെ ഉത്തരവ് പ്രകാരം ക്വാറി-ക്രഷര്‍ നിരോധനം. ഇത് 200 മീറ്റര്‍ ആകാശദൂര പരിധിയാക്കി കുറച്ച് സപ്തംബര്‍ എട്ടിനാണ് ഇപ്പോഴത്തെ കലക്ടര്‍ ഡോ. ബി എസ് തിരുമേനി ഉത്തരവായത്. ജില്ലാ ഭരണകൂടം രഹസ്യമായി വച്ചിരിക്കുകയാണ് ഈ വിവരം. പുതിയ ഉത്തരവോടെ ആറാട്ടുപാറയോട് ചേര്‍ന്നുള്ള റവന്യൂ ക്വാറികളില്‍  ഏറെയും ഖനന വിലക്കില്‍നിന്ന് ഒഴിവായി. അമ്പലവയല്‍ വില്ലേജില്‍ സര്‍വേ നമ്പര്‍ 298/1എ1എ1എയില്‍പെട്ട ചീങ്ങേരിപ്പാറയുടെ 200 മീറ്റര്‍ പരിധിയിലും നിലവിലെ കലക്ടര്‍ ഖനന നിരോധനം ബാധകമാക്കിയിട്ടുണ്ട്. നാമമാത്രമാണ് ചീങ്ങേരിപ്പാറ പരിസരത്ത് ക്വാറി-ക്രഷര്‍ പ്രവര്‍ത്തനം. ആറാട്ടുപാറയ്ക്ക് പുറമെ കൃഷ്ണഗിരി വില്ലേജിലെ ഫാന്റം റോക്ക്, കൊളഗപ്പാറ എന്നിവയുടെ അതിര്‍ത്തിക്ക് 200 മീറ്റര്‍ പരിധിയിലാണ് മുന്‍ കലക്ടര്‍ ഖനനം നിരോധിച്ചത്. പരിസ്ഥിതിനാശം കണക്കിലെടുത്തും ജനങ്ങളുടെ സൈ്വരജീവിതം മുന്‍നിര്‍ത്തിയും ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 30(2) മൂന്ന് നിക്ഷിപ്തമാക്കുന്ന അധികാരം ഉപയോഗപ്പെടുത്തിയായിരുന്നു ഇത്. ഉത്തരവിന്റെ  പാലനത്തിന് ഇതേ നിയമത്തിലെ സെക്ഷന്‍ 30(2) അഞ്ച് പ്രകാരം സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍, ജില്ലാ ജിയോളജിസ്റ്റ്, അമ്പലവയല്‍, മീനങ്ങാടി പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവരെ മുന്‍ കലക്ടര്‍ ചുമതലപ്പെടുത്തുകയുമുണ്ടായി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചേരാതെയാണ് ആറാട്ടുപാറയില്‍ ക്വാറി-ക്രഷര്‍ പ്രവര്‍ത്തനത്തിനുള്ള ദൂരപരിധി കുറച്ച് ചെയര്‍മാന്‍ ഉത്തരവിറക്കിയതെന്നും സൂചനയുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക