|    Oct 25 Tue, 2016 9:06 pm
Home   >  Pravasi  >  Gulf  >  

ഖത്തറിലെ റോഡുകളില്‍ കാറുകള്‍ പരസ്പരം ‘സംസാരിക്കും’

Published : 20th September 2016 | Posted By: SMR

ദോഹ: വാഹന അപകടം, ഗതാഗത തിരക്ക് തുടങ്ങിയ വിവരങ്ങള്‍ വാഹനങ്ങള്‍ക്ക് പരസ്പരം കൈമാറാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യ ഖത്തറില്‍ നടപ്പിലാവുന്നു. ഖത്തര്‍ വി2എക്‌സ് എന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനത്തിന്റെ പരീക്ഷണം അടുത്ത വര്‍ഷം നടക്കും. വിജയകരമാണെങ്കില്‍ 2019 മുതല്‍ ഖത്തര്‍ റോഡുകളില്‍ വാഹനങ്ങള്‍ക്ക് പരസ്പരം ആശയ വിനിമയം നടത്താന്‍ സാധിക്കും. ജിഎം, ടൊയോട്ട കമ്പനികളുടെ വാഹനങ്ങളില്‍ അടുത്ത വര്‍ഷം മുതല്‍ അന്താരാഷ്ട്ര തലത്തില്‍ ഈ സംവിധാനം ആരംഭിക്കാനാരിക്കേയാണ് ഖത്തറും അത് പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്.
വാഹനങ്ങള്‍ തമ്മില്‍  വിവരങ്ങള്‍ നല്‍കുകയും സ്വീകരിക്കുകയും ചെയ്യുന്നതിലൂടെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. അവയ്ക്കിടയില്‍ അപകടകരമായി എന്ത് സാഹചര്യം ഉണ്ടായാലും മുന്നറിയിപ്പ് നല്‍കി അതില്‍ നിന്ന് ഒഴിവാകാന്‍ ഇത് സഹായിക്കും.  അപകടം നടക്കുന്നതിന് മുന്നോടിയായി ഡ്രൈവര്‍ക്ക് അത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കാന്‍ സംവിധാനത്തിന് കഴിയും. ഡ്രൈവര്‍ അത് അനുസരിച്ചില്ലെങ്കില്‍ വാഹനത്തിന്റെ വേഗം കുറക്കാനും ആവശ്യമെങ്കില്‍ പെട്ടെന്ന് നിര്‍ത്താനും വി2എക്‌സിന് കഴിയും. വേഗ പരിധി, റോഡിലെ വളവുകള്‍ തുടങ്ങിയവ സംബന്ധിച്ച് വി2എക്‌സ് ഡ്രൈവര്‍ക്ക് വിവരം കൈമാറിക്കൊണ്ടിരിക്കും.
അതിനായി വാഹനങ്ങളില്‍ നിന്ന് വാഹനങ്ങളിലേക്കും വഴിയരികില്‍ സ്ഥാപിക്കുന്ന ഉപകരണങ്ങളില്‍ നിന്ന് വാഹനങ്ങളിലേക്കും തിരിച്ചും സന്ദേശങ്ങള്‍ അയക്കാന്‍ വി2എക്‌സിന് കഴിയും. ഏത് ഭാഷയിലും വിവരങ്ങള്‍ നല്‍കാന്‍ കഴിയുമെന്നതാണ് സംവിധാനത്തിന്റെ മറ്റൊരു പ്രത്യേകത.
അടുത്ത തലമുറയുടെ ഗതാഗത സുരക്ഷാ സംവിധാനമാണ് വി2എക്‌സ്. അടുത്തവര്‍ഷം ദോഹയിലായിരിക്കും പരീക്ഷണാടിസ്ഥാനത്തില്‍ വി2എക്‌സ് ആദ്യം നടപ്പാക്കുക. അതിനായി 30 മുതല്‍ 50 വരെ വാഹനങ്ങള്‍ നിരത്തിലിറക്കും. വഴിയരികില്‍ 20 മുതല്‍ 30 വരെ അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കും. നിരവധി വാഹനങ്ങള്‍ ഉള്ള ഖത്തര്‍ യൂനിവേഴ്‌സിറ്റി കാംപസിലും പരീക്ഷാടിസ്ഥാനത്തില്‍ വി2എക്‌സ് നടപ്പാക്കും. ദോഹയിലെ തിരക്കേറിയ മറ്റൊരു സ്ട്രീറ്റും ഇതിനായി സജ്ജമാക്കും. ഡ്രൈവര്‍മാരില്‍ നിന്നും പദ്ധതിയെക്കുറിച്ച് അഭിപ്രായങ്ങള്‍ തേടും. കുറവുകള്‍ കണ്ടെത്തി പരിഹരിക്കുന്നതിനും രാജ്യത്തിന് അനുയോജ്യമായ രീതിയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നതിനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാഹനങ്ങളെ ഇതര വയര്‍ലെസ് സാങ്കേതികവിദ്യയുമായി കൂട്ടിയിണക്കി അപകടങ്ങള്‍ കുറക്കാന്‍ പുതിയ പദ്ധതി സഹായിക്കും. പരീക്ഷണം വിജയം കാണുകയാണെങ്കില്‍ 2019ല്‍ വ്യവസായികാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കും. വി2എക്‌സ് പൂര്‍ണമായും സ്ഥാപിക്കുന്നതിലൂടെ വാഹനാപകടം 80 ശതമാനം കുറക്കാനാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വൈകാതെ പുതിയ കാര്‍ നിര്‍മാതാക്കളില്‍ പലരും  പുതിയ സാങ്കേതിക വിദ്യയുടെ വിവിധ മോഡലുകള്‍ വിപണിയിലിറക്കാന്‍ സാധ്യതയുണ്ട്. പുതിയ പദ്ധതി  സാമ്പത്തികരംഗത്തും ചലനങ്ങളുണ്ടാക്കുമെന്ന് ഖത്തര്‍ മൊബിലിറ്റി ഇന്നവേഷന്‍ സെന്റര്‍ (ക്യുഎംഐസി) തലവന്‍ പറഞ്ഞു.
അപകടങ്ങള്‍ കുറച്ച് സുരക്ഷിതമായ പാതയൊരുക്കുക എന്നതിനാണ് രാജ്യം പ്രാധാന്യം നല്‍കുന്നതെന്നും അതോടൊപ്പം വിവരസാങ്കേതിക വിദ്യയിലധിഷ്ഠിതമായ സാമ്പത്തിക വളര്‍ച്ചക്കും  കണക്റ്റഡ് വെഹിക്കിള്‍ സാങ്കേതിക വിദ്യ സ്ഥാപിക്കുന്നത് ഇടയാക്കുമെന്ന് ക്യുഎംഐസി സിഇഒ ഡോ. അദ്‌നാന്‍ അബു ദയ്യ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 90 times, 2 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day