|    Dec 3 Sat, 2016 7:57 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖത്തര്‍ ലോക കപ്പിന് ഇനി ആറ് വര്‍ഷം: സ്റ്റേഡിയങ്ങള്‍ തമ്മിലുള്ള പരമാവധി അകലം 55 കിലോമീറ്റര്‍

Published : 23rd November 2016 | Posted By: SMR

ദോഹ: കൊച്ചു ഖത്തര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ആ ചരിത്ര ദിനത്തിലേക്ക് ഇനി 72 മാസങ്ങള്‍ മാത്രം. 2022 നവംബര്‍ 21ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മിഡിലീസ്റ്റിലെ ആദ്യ ലോക കപ്പ് ഫുട്‌ബോളിന്റെ കിക്കോഫ്. ആറ് വര്‍ഷത്തെ കൗണ്ട് ഡൗണിന് തുടക്കമിട്ട് കഴിഞ്ഞ ദിവസം രാത്രി ലോക കപ്പ് സംഘാടക സമിതി, സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലഗസി ഖത്തര്‍ ലോക കപ്പിന്റെ സവിശേഷതകള്‍ പങ്കുവച്ചു.
ടൂര്‍ണമെന്റിന്റെ മുഴുവന്‍ കളിമൈതാനങ്ങളും ഇത്രയും ചുരുങ്ങിയ ദൂരപരിധിക്കുള്ളില്‍ ലഭ്യമാവുന്ന ചരിത്രത്തിലെ ആദ്യ ലോക കപ്പാണിതെന്ന് സംഘാടകര്‍ പറഞ്ഞു. 2022ലെ ലോക കപ്പിന് വേണ്ടി ഒരുങ്ങുന്ന എട്ട് സ്റ്റേഡിയങ്ങളും കേവലം 235 ചതുരശ്ര കിലോമീറ്റര്‍ പരിധിക്കകത്താണ്. ഗ്രേറ്റര്‍ ലണ്ടന്റെ പകുതി വിസ്തീര്‍ണം മാത്രമാണിത്.
കാണികള്‍ക്ക് ഒരു ദിവസം തന്നെ ഒന്നിലധികം കളികള്‍ കാണാന്‍ സാധിക്കുമെന്നതും കളിക്കാര്‍ക്കും കാണികള്‍ക്കും ചുരുങ്ങിയ ദൂരം യാത്ര ചെയ്താല്‍ മതിയെന്നതും ഖത്തര്‍ ലോക കപ്പിന്റെ സവിശേഷതയാണ്. സ്റ്റേഡിയങ്ങള്‍ തമ്മിലുള്ള ഏറ്റവും കൂടിയ ദൂരം 55 കിലോമീറ്ററാണ്. അല്‍ഖോറിലെ അല്‍ബെയ്ത്ത് സ്‌റ്റേഡിയവും അല്‍വക്‌റ സ്‌റ്റേഡിയവുമാണ് ഏറ്റവും അകലത്തിലുള്ളത്. അല്‍വഅബിലെ ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയവും അല്‍റയ്യാനിലെ ഖത്തര്‍ ഫൗണ്ടേഷന്‍ സ്റ്റേഡിയവുമാണ് ഏറ്റവും അടുത്ത്. കേവലം നാലര കിലോമീറ്ററാണ് ഇവ തമ്മിലുള്ള അകലം. ദോഹ മെട്രോയില്‍ സഞ്ചരിക്കുന്ന കാണികള്‍ക്ക് ഏറ്റവും ചുരുങ്ങിയത് അഞ്ച് മിനിറ്റും പരമാവധി ഒരു മണിക്കൂറുമാണ് ഒരു സ്റ്റേഡിയത്തില്‍ നിന്ന് മറ്റൊരു സ്റ്റേഡിയത്തിലേക്കെത്താന്‍ വേണ്ടത്. ബ്രസീലിലെ ഒരു സ്റ്റേഡിയത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പരമാവധി ദൂരം 3,140 കിലോ മീറ്ററും ചുരുങ്ങിയ ദൂരം 340 കിലോമീറ്ററുമായിരുന്നു.
ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടത്തില്‍ ദിവസം നാല് കളികള്‍ വരെ ഉണ്ടാവും. ചുരുങ്ങിയ യാത്രാ പരിധി കണക്കിലെടുത്താണിത്. ഖത്തര്‍ ലോക കപ്പ് 28 ദിവസങ്ങളില്‍ തീരുമെന്നതും മറ്റൊരു കാരണമാണ്. മറ്റു ലോക കപ്പുകളെ അപേക്ഷിച്ച് നാല് ദിവസം കുറവാണിത്. സാധാരണ ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടന്നിരുന്ന ടൂര്‍ണമെന്റ് ഖത്തറിലെ ചൂട് പരിഗണിച്ച് നവംബര്‍, ഡിസംബറിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് ദിവസങ്ങള്‍ കുറച്ചത്.
എയര്‍പോര്‍ട്ട്, താമസ സ്ഥലം, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, കളിസ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്ക് ചുരുങ്ങിയ യാത്ര മതിയെന്നതാണ് ഖത്തര്‍ ലോക കപ്പിന്റെ പ്രധാന സവിശേഷതയെന്ന് സുപ്രിം കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ നാസര്‍ അല്‍ഖാത്തര്‍ പറഞ്ഞു.
ലോകത്തിന്റെ മൂന്നില്‍ രണ്ട് ജനതയ്ക്കും ഖത്തറിലെത്താന്‍ എട്ട് മണിക്കൂര്‍ വിമാന യാത്ര മതിയെന്നും ഇത് മറ്റൊരു ലോക കപ്പിനുമില്ലാത്ത പ്രത്യേകതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2014 ബ്രസീല്‍ ലോക കപ്പിന്റെ ഗ്രൂപ്പ് മല്‍സരങ്ങളില്‍ അമേരിക്കന്‍ ടീമിന് ആദ്യ മൂന്ന് കളികള്‍ക്ക് യാത്ര ചെയ്യേണ്ടി വന്നത് 9,000 എയര്‍ മൈലാണ്. ഇതില്‍ നിന്നു തന്നെ ഖത്തറിലെ ടൂര്‍ണമെന്റ് കളിക്കാര്‍ക്കും കാണികള്‍ക്കും എന്ത് മാത്രം സൗകര്യപ്രദമാണെന്ന് വ്യക്തമാവുമെന്ന് അദ്ദേഹം പറഞ്ഞു. ലോക കപ്പിന്റെ എല്ലാ സ്റ്റേഡിയങ്ങളും മെട്രോ വഴി ബന്ധിപ്പിക്കും. അതിന് പുറമേ ബസ് സര്‍വീസ്, വാട്ടര്‍ ടാക്‌സി തുടങ്ങിയ പൊതു ഗതാഗത സൗകര്യങ്ങളും ഉണ്ടാവും. റോഡുകളുടെ വികസനവും കൂടി പൂര്‍ത്തിയാവുന്നതോടെ മികച്ച ഗതാഗത സൗകര്യമായിരിക്കും കളിയാരാധകര്‍ക്ക് ലഭിക്കുക.
ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന്റെ വികസനവും വിവിധ ഹോട്ടലുകളുടെയും താമസ കേന്ദ്രങ്ങളുടെയും നിര്‍മാണവും പൂര്‍ത്തിയാവുന്നതോടെ 2022ല്‍ ഖത്തറിലേക്കൊഴുകുന്ന ആയിരക്കണക്കിന് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഏറ്റവും മികച്ച ആതിഥ്യം നല്‍കാന്‍ ഖത്തറിന് സാധിക്കും.
അംഗപരിമിതര്‍ക്ക് പ്രത്യേക സൗകര്യം
ദോഹ: 2022ലെ ലോകകപ്പിനായി നിര്‍മിക്കുന്ന സ്റ്റേഡിയങ്ങളില്‍ അംഗപരിമിതര്‍ക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്ന് ലോകകപ്പ് സംഘാടക സമിതിയായ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍തവാദി വ്യക്തമാക്കി. ലോകകപ്പ് മല്‍സരങ്ങള്‍ ആസ്വദിക്കുന്നതിനു ആധുനിക ടെക്‌നോളജിയോടു കൂടിയ സൗകര്യങ്ങളായിരിക്കും അംഗപരിമിതര്‍ക്കായി ഒരുക്കുകയെന്ന് ഒന്നാമത് ആക്‌സസിബിലിറ്റി ഫോറത്തില്‍ അദ്ദേഹം പറഞ്ഞു.
അംഗപരിമിതരെ സ്റ്റേഡിയങ്ങളിലേക്കെത്തിക്കാന്‍ വിശാലമായ പാതകളും ചരിവുകളും ലിഫ്റ്റുകളും നിര്‍മിക്കും. എല്ലാ സ്റ്റേഡിയങ്ങളിലും 420 സീറ്റുകള്‍ ഫുട്‌ബോള്‍ പ്രേമികളായ അംഗപരിമിതര്‍ക്ക് മാത്രമായി ഒഴിച്ചിടും.
കേള്‍വിക്കുറവുള്ളവര്‍ക്ക് കമന്റേറ്ററി ആംഗ്യഭാഷയില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്ന പ്രഫഷനലുകളെയും കാഴ്ചയില്ലാത്തവര്‍ക്കുള്ള പ്രത്യേക സൗകര്യവും സ്റ്റേഡിയങ്ങളില്‍ തയ്യാറാക്കും.
കാഴ്ചയില്ലാത്തവര്‍ക്കായി ലോകകപ്പ് മല്‍സരങ്ങളില്‍ തയ്യാറാക്കുന്ന ഫീലിക്‌സ് പാം സംവിധാനം ഖത്തര്‍ ലോകകപ്പിലും ലഭ്യമാക്കുന്നതിനെക്കുറിച്ച് പഠനം നടത്തുമെന്നും തവാദി ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 110 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day