|    Dec 4 Sun, 2016 3:19 am
FLASH NEWS

ഖത്തര്‍ മുന്‍ അമീര്‍ ശെയ്ഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ ഥാനി നിര്യാതനായി

Published : 25th October 2016 | Posted By: SMR

ദോഹ: രണ്ട് പതിറ്റാണ്ടിലേറെ ഖത്തറിന്റെ ഭരണാധികാരിയായിരുന്ന ശെയ്ഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ ഥാനി നിര്യാതനായി. 84 വയസ്സായിരുന്നു. അമീരി ദിവാന്‍ പ്രസ്താവനയിലൂടെയാണ് മരണവാര്‍ത്ത അറിയിച്ചത്. 1972 ഫെബ്രുവരി 27 മുതല്‍ 1995 ജൂണ്‍ 27വരെയായിരുന്നു അദ്ദേഹം ഖത്തര്‍ ഭരിച്ചിരുന്നത്. പിതാവ് അമീര്‍ ശെയ്ഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ ഥാനിയുടെ പിതാവും അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ ഥാനിയുടെ പിതാമഹനുമാണ് ശെയ്ഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ഥാനി.
അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഖത്തറില്‍ മൂന്ന് ദിവസം ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ശെയ്ഖ് ഹമദ് ബിന്‍ അബ്ദുല്ല ആല്‍ ഥാനിയുടെ മകനായി 1932ല്‍ റയ്യാനിലായിരുന്നു ജനനം. അബ്ദുല്ല ബിന്‍ ജാസിം ആല്‍ ഥാനിയുടെ ചെറുമകനാണ്. 1957ല്‍ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ അദ്ദേഹം പിന്നീട് കിരീടാവകാശിയായി നിയമിതനായി. 1960കളില്‍ ഖത്തര്‍ പ്രധാനമന്ത്രിയുടെയും ധനകാര്യമന്ത്രിയുടെയും പദവികളും വഹിച്ചിട്ടുണ്ട്. 1972 ഫെബ്രുവരി 22നാണ് ഖത്തറിന്റെ അമീറായി ചുമതലയേല്‍ക്കുന്നത്. ആധുനിക ഖത്തറിന്റെ വികസനത്തിന് ചുക്കാന്‍ പിടിച്ച ഭരണാധികാരികളിലൊരാളായാണ് ശെയ്ഖ് ഖലീഫയെ വിശേഷിപ്പിക്കുന്നത്. എണ്ണയുല്‍പാദന രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചതും അദ്ദേഹത്തിന്റെ കാലഘട്ടത്തിലായിരുന്നു. എണ്ണയുല്‍പാദനവുമായി ബന്ധപ്പെട്ട് നിരവധി വിദേശ കമ്പനികളുമായി അക്കാലയളവില്‍ കരാറുകളിലും മറ്റും ഏര്‍പ്പെട്ടിരുന്നു. സംസ്‌കാര ചടങ്ങുകളില്‍ പ്രമുഖര്‍ സംബന്ധിച്ചു. അസര്‍ നമസ്‌കാരത്തിന് ശേഷം ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് മസ്ജിദിലായിരുന്നു ജനാസ നമസ്‌കാരം. മയ്യത്ത് നമസ്‌കാരത്തിലും റയ്യാന്‍ ഖബറിസ്ഥാനില്‍ നടന്ന ഖബറടക്കല്‍ ചടങ്ങിലും അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ ഥാനിയും പിതാവ് അമീര്‍ ശെയ്ഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ ഥാനിയും ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day