|    Oct 23 Sun, 2016 9:45 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖത്തര്‍ ടീമിന്റെ തുടര്‍ച്ചയായ പരാജയം; ഫുട്‌ബോള്‍ കോച്ചിനെ പുറത്താക്കി

Published : 24th September 2016 | Posted By: SMR

ദോഹ: 2018 ലോക കപ്പിന്റെ നിര്‍ണായക യോഗ്യതാ മല്‍സരത്തിന് ദിവസങ്ങള്‍ ബാക്കിയിരിക്കേ ഖത്തര്‍ ഫുട്‌ബോള്‍ കോച്ച് ജോസ് ഡാനിയല്‍ കരിനോയുടെ കസേര തെറിച്ചു. ഇറാന്‍, ഉസ്ബക്കിസ്താന്‍ ടീമുകള്‍ക്കെതിരേ തുടര്‍ച്ചയായ തോല്‍വികള്‍ ഏറ്റുവാങ്ങിയ ഖത്തര്‍ ടീമിന്റെ ലോക കപ്പ് മോഹം പ്രതിസന്ധിയിലായിരിക്കേയാണ് ഉറുഗ്വേക്കാരനായ കരീനോയെ ഖത്തര്‍ ഒഴിവാക്കിയത്.
നിലവില്‍ ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ചാംപ്യനായ അല്‍റയ്യാന്റെ കോച്ചായ ജോര്‍ജ് ഫൊസാറ്റി കരീനോയ്ക്ക് പകരക്കാരനാവുമെന്നാണു കരുതുന്നത്. പുതിയ കോച്ചിനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വക്താവ് എഎഫ്പിയോട് പറഞ്ഞു. എന്നാല്‍, ഫൊസാറ്റിയായിരിക്കുമോ പുതിയ കോച്ചെന്ന കാര്യത്തില്‍ അദ്ദേഹം സ്ഥിരീകരണം നല്‍കിയില്ല. ദോഹയില്‍ നിന്നുള്ള കോച്ചായിരിക്കും എന്ന് മാത്രമാണ് അദ്ദേഹം വ്യക്തമാക്കിയത്. ലോക കപ്പ് യോഗ്യതാ മല്‍സരങ്ങളിലെ തോല്‍വിയാണ് കരീനോയെ ഒഴിവാക്കാന്‍ കാരണമെന്നും വക്താവ് പറഞ്ഞു.
2018ല്‍ റഷ്യയില്‍ നടക്കുന്ന ഫിഫ ലോക കപ്പിലേക്ക് യോഗ്യത നേടാന്‍ കഠിന പരിശ്രമത്തിലാണ് ഖത്തര്‍. അതിന് കഴിയാതെ വന്നാല്‍,  മുന്‍ ടൂര്‍ണമെന്റില്‍ യോഗ്യത നേടാതെ ലോക കപ്പിന് ആതിഥ്യം വഹിക്കുന്ന രണ്ടാമത്തെ രാജ്യമാവും ഖത്തര്‍. 1934ല്‍ ഇറ്റലിക്കാണ് ഇതിന് മുമ്പ് ഈ അവസ്ഥ ഉണ്ടായിരുന്നത്. 2022ലാണ് ഖത്തറിലെ ലോക കപ്പ് നടക്കുന്നത്.
2007ലും 2008ലും ഫൊസാറ്റി ഖത്തര്‍ ടീമിന് പരിശീലനം നല്‍കിയിരുന്നു. കളിക്കാരന്‍ എന്ന നിലയിലും മാനേജര്‍ എന്ന നിലയിലും ദീര്‍ഘ കാലത്തെ പരിചയമുള്ള അദ്ദേഹം 2004 മുതല്‍ രണ്ടു വര്‍ഷം ഉറുഗ്വേ ദേശീയ ടീമിനും പരിശീലനം നല്‍കിയിരുന്നു. ഖത്തര്‍ കോച്ച് സ്ഥാനത്തേക്ക് സാധ്യതയുള്ള മറ്റൊരാള്‍ അല്‍ജീരിയക്കാരനായ ജാമല്‍ ബെല്‍മാദിയാണ്. മുന്‍ സൗതാംപ്ടണ്‍ താരമായ അദ്ദേഹം 2014-15ല്‍ ഖത്തര്‍ ടീമിനെ പരിശീലിപ്പിച്ചിരുന്നു. ആ വര്‍ഷമാണ് ഖത്തര്‍ ഗള്‍ഫ് ചാംപ്യന്‍ഷിപ്പ് നേടിയത്. നിലവില്‍ ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ ലഖ്‌വിയയെ പരിശീലിപ്പിക്കുന്നത് ബെല്‍മാദിയാണ്.
കരീനോ സൗദി അറേബ്യയിലെ അല്‍ഹിലാലിന്റെ പുതിയ മാനേജറാവുമെന്നാണു കരുതുന്നത്. കോച്ച് ഗുസ്താവോ മറ്റോസാസിനെ അവര്‍ ഈയിടെ ഒഴിവാക്കിയിരുന്നു. വ്യാഴാഴ്ച നടന്ന യോഗത്തിലാണ് കരീനോയുടെ വിധി തീരുമാനിക്കപ്പെട്ടത്.
ഏഷ്യന്‍ യോഗ്യതാ മല്‍സരത്തിന്റെ രണ്ടാം റൗണ്ടില്‍ മികച്ച പ്രകടനമാണ് ഖത്തര്‍ കാഴ്ചവച്ചിരുന്നത്. കളിച്ച എട്ടില്‍ ഏഴും ജയിച്ച് ഗ്രൂപ്പില്‍ ടോപ്പറായാണ് ഖത്തര്‍ മൂന്നാം റൗണ്ടിലേക്കു കടന്നത്. എന്നാല്‍, മൂന്നാം റൗണ്ടില്‍ തുടക്കം തന്നെ ഖത്തറിന് പാളി. ഈ മാസം ആദ്യം ഇറാനെതിരായ മല്‍സരത്തില്‍ ഇന്‍ജുറി ടൈമില്‍ വീണ രണ്ടു ഗോളിനാണ് ഖത്തര്‍ പരാജയപ്പെട്ടത്. ടീമിന്റെ ഈ പ്രകടനം വിവാദമായിരുന്നു. അഞ്ച് ദിവസത്തിന് ശേഷം ഹോം ഗ്രൗണ്ടില്‍ ഉസ്‌ബെക്കിസ്താനെതിരായ 1-0ന്റെ പരാജയവും ഖത്തര്‍ ടീമിനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരുന്നു. രണ്ട് പരാജയത്തോടെ ആറ് ടീമുകളുള്ള ഗ്രൂപ്പ് എയില്‍ ഏറ്റവും അവസാനമാണ് നിലവില്‍ ഖത്തര്‍. റഷ്യയിലേക്ക് യോഗ്യത നേടണമെങ്കില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ എത്തണം. അതു കൊണ്ട് തന്നെ ഒക്ടോബര്‍ 6ന് ദക്ഷിണ കൊറിയക്കെതിരായി നടക്കുന്ന മല്‍സരം ഖത്തറിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day