|    Dec 3 Sat, 2016 7:57 am
FLASH NEWS

കൗണ്‍സലിങ് സെന്ററുകള്‍ക്ക് വഴങ്ങി മള്‍ട്ടിമീഡിയ കോഴ്‌സിന് അംഗീകാരം

Published : 28th November 2016 | Posted By: SMR

തേഞ്ഞിപ്പലം: കൗണ്‍സലിങ് സെന്റര്‍ നടത്തിപ്പുകാര്‍ക്ക് വഴങ്ങി വീണ്ടും മള്‍ട്ടിമീഡിയ കോഴ്‌സിന് സര്‍വകലാശാല അംഗീകാരം നല്‍കി. എന്നാല്‍, അന്തിമമായി യുജിസിക്കു നല്‍കിയ സത്യവാങ്മൂലത്തില്‍ കൗണ്‍സലിങ് സെന്ററുകള്‍ അടച്ചുപൂട്ടിച്ചെന്നും മള്‍ട്ടിമീഡിയ കോഴ്‌സുകളുള്‍പ്പെടെയുള്ളവ അനുവദിച്ചിട്ടില്ലെന്നുമായിരുന്നു പറഞ്ഞിരുന്നത്. മുന്നൂറോളം പാരലല്‍ കോളജുകള്‍ക്ക് നിയമവിരുദ്ധമായി കൗണ്‍സലിങ് സെന്റര്‍ പദവി നല്‍കിയതിനെ തുടര്‍ന്നായിരുന്നു കാലിക്കറ്റ് വാഴ്‌സിറ്റി വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ അംഗീകാരം യുജിസി റദ്ദാക്കിയത്. കോഴിക്കോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൗണ്‍സലിങ് സെന്ററുകളിലായിരുന്നു (ബിഎംഎംസി) ബാച്ചിലര്‍ ഓഫ് മള്‍ട്ടിമീഡിയ കോഴ്‌സ് അനുവദിച്ചിരുന്നത്. പ്രതിവര്‍ഷം ഓരോ വിദ്യാര്‍ഥിയില്‍നിന്നും അര ലക്ഷത്തിലധികം രൂപയായിരുന്നു കൗണ്‍സലിങ് സെന്ററുകള്‍ ഫീസ് ഈടാക്കിയിരുന്നത്. എന്നാല്‍, സര്‍വകലാശാലയ്ക്ക് ഇതില്‍നിന്ന് തുച്ഛമായ വിഹിതം മാത്രമായിരുന്നു കിട്ടിയിരുന്നത്.
കൗണ്‍സലിങ് സെന്ററുകളുടെ പദവി സര്‍വകലാശാല റദ്ദാക്കിയിട്ടും മള്‍ട്ടിമീഡിയ കോഴ്‌സിലേക്ക് ഇത്തരം സ്ഥാപനങ്ങള്‍ നിയമവിരുദ്ധമായി വിദ്യാര്‍ഥി പ്രവേശനം നടത്തി ലക്ഷങ്ങളായിരുന്നു സമ്പാദിച്ചിരുന്നത്.
ലാബ് സൗകര്യം ഉള്‍പ്പെടെയുള്ളവ സ്വന്തമായൊരുക്കാന്‍ സര്‍വകലാശാലയ്ക്ക് കഴിയാത്തതിനാല്‍ പ്രൈവറ്റ് ഡിഗ്രിക്ക് വിജ്ഞാപനമിറക്കിയപ്പോള്‍ മള്‍ട്ടിമീഡിയ കോഴ്‌സിനു അപേക്ഷ ക്ഷണിച്ചിരുന്നില്ല. എന്നാല്‍, സര്‍വകലാശാലയെ മറയാക്കി സാമ്പത്തികനേട്ടം കൊയ്ത കൗണ്‍സലിങ് സെന്ററുകള്‍ ലീഗ്, സിപിഎം, കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റംഗങ്ങളെ സ്വാധീനിച്ചാണ് വിസിയെക്കൊണ്ട് ഉത്തരവിറക്കിച്ചത്. വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ അംഗീകാരം വീണ്ടെടുക്കുന്നതിന്റെ ഭാഗമായി യുജിസിക്കു നല്‍കിയ കോഴ്‌സുകളുടെ ലിസ്റ്റില്‍ മള്‍ട്ടിമീഡിയ കോഴ്‌സ് ഉള്‍പ്പെടുത്തിയിരുന്നില്ല. വാഴ്‌സിറ്റിയില്‍നിന്ന് റിട്ടയര്‍ ചെയ്തവരില്‍ ചിലര്‍ മള്‍ട്ടിമീഡിയ സെന്ററുകളില്‍ ക്ലാസെടുക്കുന്നവരാണ്.
യുജിസിയുടെ നിര്‍ദേശപ്രകാരം ചില കോഴ്‌സുകളുടെ പേരുമാറ്റത്തിനൊപ്പമാണ് ബാച്ചിലര്‍ ഓഫ് മള്‍ട്ടിമീഡിയ കോഴ്‌സ് ബിഎ മള്‍ട്ടിമീഡിയ എന്നാക്കിയത്. വാഴ്‌സിറ്റി വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ നിന്ന് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെല്ലാംതന്നെ ബിഎ മള്‍ട്ടിമീഡിയ കോഴ്‌സിന് അപേക്ഷ ക്ഷണിക്കരുതെന്ന് ഫയലില്‍ ആവശ്യപ്പെട്ടിട്ടും കൗണ്‍സലിങ് സെന്ററുകാര്‍ക്ക് കൊള്ള നടത്തി തടിച്ചുകൊഴുക്കാന്‍ വീണ്ടും അംഗീകാരം നല്‍കി സര്‍വകലാശാല അപേക്ഷ ക്ഷണിക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day