|    Dec 6 Tue, 2016 8:23 am
FLASH NEWS

ക്വാറിക്ക് നിയമ വിരുദ്ധമായി സെക്രട്ടറി ലൈസന്‍സ് പുതുക്കി നല്‍കി

Published : 29th October 2016 | Posted By: SMR

പത്തനംതിട്ട: സര്‍വീസില്‍ നിന്നും വിരമിക്കുന്നതിന് തൊട്ടുമുമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ക്വാറികള്‍ക്ക് ലൈസന്‍സ് അഞ്ച് വര്‍ഷത്തേക്ക് പുതുക്കി നല്‍കി. 2016 മെയ് 31ന് സര്‍വീസില്‍ നിന്നും വിരമിച്ച വടശേരിക്കര ഗ്രാമപഞ്ചായത്ത് മുന്‍ സെക്രട്ടറി തിരുവനന്തപുരം നീരാജ്ഞനം വീട്ടില്‍ കെ ഗോപിയാണ് 26-05-2016ല്‍, നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകളെയും കോടതി വിലക്കുകളെയും മറികടന്ന്  കസ്തൂരി രംഗന്‍ റിപോര്‍ട്ട് പ്രകാരം പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ള വില്ലേജില്‍ മുന്നു ക്വാറികള്‍ക്കും ഒരു ക്രഷര്‍ യൂനിറ്റിനും 2021 വരെ നിയമ വിരുദ്ധമായി ലൈസന്‍സ് പുതുക്കി നല്‍കിയത്. ക്വാറികള്‍ സംബന്ധിച്ച് വിവരാവകാശ പ്രകാരം പത്തനംതിട്ട സ്വദേശി സി റഷീദ് നല്‍കിയ അപേക്ഷയില്‍ മറുപടി നല്‍കുന്നതിനായി രേഖകള്‍ പരിശോധിച്ചതില്‍ നിന്നുമാണ് മുന്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി കെ ഗോപി നടപടി ക്രമങ്ങളില്‍ ക്രമക്കേട് കാണിച്ച് നിയമവിരുദ്ധമായി ലൈസന്‍സ് നല്‍കിയതായി വ്യക്്തമാവുന്നത്. കാവുങ്കല്‍ ക്വാറികള്‍ക്കും ക്രഷര്‍ യൂനിറ്റിനും 2021 വരെ ലൈസന്‍സ് പുതുക്കി നല്‍കുവാന്‍ ഗ്രാമപഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തിട്ടില്ലെന്നും വിവരാവകാശ രേഖയില്‍ പറയുന്നു. റാന്നി, അങ്ങാടി കാവുങ്കല്‍ സാബു കുര്യാക്കോസിന്റെ ഉടമസ്ഥതയിലുള്ള വടശേരിക്കര ഗ്രാമപഞ്ചായത്തിലെ മുക്കുഴി ബാലപാടിക്കു സമീപം പ്രവര്‍ത്തിക്കുന്ന കാവുങ്കല്‍ ഗ്രാനൈറ്റ്‌സിന്റെ ക്വാറികള്‍ക്കും ക്രഷര്‍ യൂനിറ്റിനുമാണ്  ക്രമവിരുദ്ധമായി ലൈസന്‍സ് പുതുക്കി നല്‍കാന്‍ ഉത്തരവിട്ടത്. എന്നാല്‍ കാവുങ്കല്‍ ഗ്രാനൈറ്റ്‌സ് ക്വാറി-1ന് 15.03.2017 വരെയും, ക്വാറി-2ന് 17.01.2017 വരെയും, ക്വാറി-3ന് 24.06.2016 വരെയും, കാവുങ്കല്‍ ക്രഷര്‍ യൂനിറ്റിന് 15.03.2017 വരെയുമാണ് മെനിങ് ആന്റ് ജിയോളജി വകുപ്പ് ഖനനാനുമതി നല്‍കിയിട്ടുള്ളത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് കാവുങ്കല്‍ ഗ്രാനൈറ്റ്‌സ് ക്വാറി 1ന് 31.12.2018 വരെയും, ക്വാറി 2ന് 31.06.2018 വരെയും, ക്വാറി 3ന് 31.06.2016 വരെയും, കാവുങ്കല്‍ ക്രഷര്‍ യൂനിറ്റിന് 31.12.2016 വരെയും കാലയളവിലാണ് അനുമതി നല്‍കിയിരിക്കുന്നത്. ലൈസന്‍സ് സംബന്ധിച്ച് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ അഞ്ച് വര്‍ഷത്തേക്ക് പുതുക്കി നല്‍കിയ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ ഗ്രാമപഞ്ചായത്ത് ആരംഭിച്ചു. ഒരു നിശ്ചിത തിയ്യതിയില്‍ നല്‍കിയ അപേക്ഷയ്ക്ക് അതിനു മുമ്പുള്ള തിയ്യതി മുതല്‍ പ്രാബല്യം വച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുവാന്‍ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് അധികാരമില്ലെന്നും കസ്തൂരി രംഗന്‍ റിപോര്‍ട്ട് പ്രകാരം പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ള വടശ്ശേരിക്കര പഞ്ചായത്തില്‍ പാരിസ്ഥിതികാനുമതി കൂടാതെ ഖനനം നടത്താന്‍ പാടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് മുന്നോടിയായി നേരില്‍ ഹാജരായി കാരണം ബോധിപ്പിക്കണമെന്നു കാണിച്ച് കാറി ഉടമയ്ക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day