|    Oct 28 Fri, 2016 12:04 pm
FLASH NEWS

കോഴയില്‍ കുലുങ്ങാതെ പാലാമാണിക്യം

Published : 19th May 2016 | Posted By: G.A.G

ഇംതിഹാന്‍ ഒ അബ്ദുല്ല
സൂര്യനസ്തമിക്കാത്ത സാമ്രാജ്യവുമായി ബ്രിട്ടീഷ് രാജ്ഞി വാണരുളുന്ന കാലത്ത് വേണ്ടപ്പെട്ടവര്‍ക്കു സര്‍ പദവി അനുവദിച്ചു കൊടുക്കാറുണ്ടായിരുന്നു. എന്നാല്‍ഇന്ത്യാ രാജ്യം സ്വാതന്ത്യം നേടിയതിനു ശേഷം സാര്‍ പദവി ‘അടിച്ചെടുത്ത’ യാളാണ് കെ.എം മാണി. ആരും പതിച്ചു നല്‍കിയതല്ലെങ്കിലും സുഹൃത്തുക്കള്‍ക്കും പിസി ജോര്‍ജ്ജടക്കമുളള ശത്രുക്കള്‍ക്കുമെല്ലാം കെ.എം മാണി മാണി സാറാണ്.
പാലായിലെ മാണിക്യമായാണ് മാണി സാര്‍ എന്ന കെ.എം മാണി അറിയപ്പെടുന്നത്. തുടര്‍ച്ചയായി പതിമൂന്നാം തവണയാണ് കെ.എം മാണി പാലാ നിയോജക മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം  നിയമസഭാംഗമായ വ്യക്തിയും കൂടുതല്‍ പ്രാവശ്യം ബജറ്റ് അവതരിപ്പിച്ചതും മാണി തന്നെ. നിയമസഭാംഗമായതിന്റെ ജൂബിലി ആഘോഷങ്ങളെല്ലാം നടക്കുമ്പോള്‍ മാണി സാറ് ഭരണ പക്ഷത്താണോ അതോ പ്രതിപക്ഷത്താണോ എന്നു തിരിച്ചറിയാനാവാത്ത അവസ്ഥയായിരുന്നു.
മാണി സാറിന്റെ കിരീടത്തിലിനിയും വെക്കാന്‍ ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത മുഖ്യമന്ത്രി പദം ചാര്‍ത്തി കൊടുക്കാന്‍ ഇടതു നേതാക്കള്‍ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. എന്നിട്ടെന്നാ പറയാനാ അടി തെറ്റിയാല്‍ ആനയും വീഴുമെന്നാണല്ലോ ചൊല്ല്.
എങ്ങാണ്ടോ കിടക്കുന്ന ബിജുവെന്നോ മറ്റോ പേരുളള ഒരു കളളു കച്ചവടക്കാരന്‍ കോഴ കൊടുത്തെന്നോ വാങ്ങിച്ചെന്നോ കേട്ട പാതി കേള്‍ക്കാത്ത പാതി കൊണ്ടു നടന്നവര്‍ മാണി സാറിനെ വഴിലുപേക്ഷിച്ചു പോയെന്നു മാത്രമല്ല തിരിഞ്ഞു കുത്താനും തുടങ്ങി. നേരേ ചൊവ്വേ ബജറ്റവതരിപ്പിക്കാന്‍ പോലും സമ്മതിച്ചില്ല. രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റുന്നതും…. കരുണാകര്‍ജിയോടൊപ്പം കഴിഞ്ഞ നാളുകളില്‍ ചൊല്ലിയ ജ്ഞാനപ്പാന കേട്ടത് ഓര്‍മ്മ വരുന്നു.
ചെലവു കൂടുതലും വരവു കുറവുമുളള തറവാട്ടിലെ കാര്യസ്ഥനായി  ഒരു ദിവസം പോലും ട്രഷറി അടച്ചു പൂട്ടാതെ കഴിച്ചു കൂട്ടി എന്നു പറഞ്ഞിട്ടെന്തു കാര്യം, എവിടെയോ കിടക്കുന്ന എന്നോ മരിച്ചു പോയ ഏതോ സീസറിന്റെ ഭാര്യയെ ആരും സംശയിക്കാതിരിക്കാന്‍ താന്‍ രാജിവെക്കണമെന്നായി കൂടെയുളളവരും. ഒരു കുടുംബം രക്ഷപ്പെടുന്ന കാര്യമല്ലേ എന്നു കരുതി താനും തല്‍ക്കാലത്തേക്കു സമ്മതിച്ചു എന്നതു നേര്. പക്ഷേ സ്റ്റേറ്റ് കാറും മന്ത്രി ബംഗ്ലാവും പോയപ്പോള്‍ ചാണ്ടിക്കു പോലും പഴയ പരിഗണനയില്ലേ എന്നൊരു സംശയം. കുഞ്ഞാലിക്കുട്ടിക്ക് മാത്രമാണ് പഴയ ലോഹ്യമുളളത്. കസേരയിലിരിക്കുമ്പോള്‍ അറബിക് സര്‍വ കലാശാലയടക്കം നിരവധി ബില്ലകള്‍ മടക്കി ഒരുപാട് മിനക്കെടുത്തിയിട്ടുണ്ട്,വേണ്ടായിരുന്നു. സമ്പത്തു കാലത്തു കൂടെയുണ്ടായിരുന്നവന്‍മാരാകട്ടെ ആപത്തു കാലത്ത് കിട്ടിയ കഴുക്കോലും ഊരി മറുകണ്ടം ചാടി. നമുക്കൊന്നായി പടിയിറങ്ങാമെന്നു പറഞ്ഞപ്പോള്‍ ഔസേപ്പച്ചന്‍ ചെവിടു കേള്‍ക്കാത്ത ഭാവം നടിച്ചു. നാല്‍പതു വെളളിക്കാശിനു തന്നെ തളളിപറഞ്ഞ പിസിയുടെ അവസ്ഥ കാണുമ്പോഴാണു സമാധാനം. അതിനിടയില്‍ കൂനിന്‍ മേല്‍ കുരുവെന്ന പോലെ ഒരു പിളര്‍പ്പും. എന്നു കരുതി ജോസ് മോനെ വഴിയാധാരമാക്കി വീട്ടിലിരിക്കാനൊക്കില്ലല്ലോ. മണ്ഡലത്തിലെ വോട്ടര്‍മാരില്‍ വിശ്വാസമുള്ളതുകൊണ്ട് ബാര്‍ കോഴയും പാര്‍ട്ടിയിലെ പിളര്‍പ്പും പാലായിലെ മാണിക്യത്തിന്റെ ശോഭ കെടുത്തിയില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 80 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day