|    Dec 11 Sun, 2016 9:39 am

കോണ്‍ഗ്രസ് പുനസ്സംഘടന: ഉമ്മന്‍ചാണ്ടി രാഹുലുമായി ചര്‍ച്ച നടത്തി

Published : 21st October 2016 | Posted By: SMR

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പുനസ്സംഘടനയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുലുമായി ചര്‍ച്ച നടത്തി. ഗ്രൂപ്പുകള്‍ക്കതീതമായി ആദ്യഘട്ട പുനസ്സംഘടന നടത്താന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന് രാഹുല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ശേഷം സുധീരനും എത്തിയതിനു പിന്നാലെയാണ് ഇന്നലെ ഉമ്മന്‍ചാണ്ടി ഡല്‍ഹിയിലെത്തിയത്.
ഗ്രൂപ്പിന് അതീതമായി പുനസ്സംഘടന നടത്തുമ്പോള്‍ പരിചയസമ്പന്നരായ നേതാക്കള്‍ അവഗണിക്കപ്പെടാന്‍ പാടില്ലെന്ന് ഉമ്മന്‍ചാണ്ടി രാഹുലിനെ അറിയിച്ചു. കഴിവും പരിചയസമ്പന്നതയും സമകാലിക കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ നേതൃനിരയില്‍ അത്യാവശ്യമാണെന്നും അടിമുടി മാറ്റംവരുത്തുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ സംഘടനാരംഗത്തെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
ഡിസിസി തലങ്ങളില്‍ രാഹുലിന് താല്‍പര്യമുള്ള, ഗ്രൂപ്പുകള്‍ക്കതീതരായ യുവാക്കളെ നിയോഗിക്കാനാണ് ഇപ്പോള്‍ നീക്കം നടത്തുന്നത്. 14 ജില്ലകളിലെയും ഡിസിസി പ്രസിഡന്റുമാരെ ഇരുഗ്രൂപ്പുകളും ചേര്‍ന്ന് വീതംവച്ചെടുക്കാറായിരുന്നു പതിവ്. ഇത്തരത്തില്‍ കാലങ്ങളായി തുടര്‍ന്നുപോന്ന സംഘടനാസംവിധാനം ഒറ്റദിവസംകൊണ്ട് പൊളിച്ചെഴുതാനുള്ള ശ്രമം പ്രവര്‍ത്തനത്തെ താളംതെറ്റിക്കുമെന്ന ആശങ്ക കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുണ്ട്. ഓരോ ജില്ലയിലേക്കും അനുയോജ്യരായ നേതാക്കളുടെ പട്ടിക തയ്യാറാക്കിനല്‍കാന്‍ മൂന്നു നേതാക്കളോടും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. സ്വാഭാവികമായും ഇത്തരത്തില്‍ ലഭിക്കുന്ന ജംബോ പട്ടികയില്‍നിന്ന് ഡിസിസി പ്രസിഡന്റുമാരെ കണ്ടെത്തുകയെന്നതും രാഹുലിന് വെല്ലുവിളിയാകും.
സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇക്കാര്യത്തിലുള്ള നിലപാട് അറിയാനായി എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് അടുത്ത മാസം 2, 3 തിയ്യതികളില്‍ കേരളത്തിലെത്തുന്നുണ്ട്. ഇദ്ദേഹം തയ്യാറാക്കുന്ന റിപോര്‍ട്ടും രാഹുലിന്റെ തീരുമാനത്തെ സ്വാധീനിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കു ശേഷം ഗ്രൂപ്പ് പോര് മുറുകിയ കോണ്‍ഗ്രസ് സംസ്ഥാനഘടകത്തെ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കമാണ് രാഹുല്‍ നടത്തുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക