|    Oct 28 Fri, 2016 1:58 pm
FLASH NEWS

കോണ്‍ഗ്രസ്സില്‍ കലഹം മൂര്‍ച്ഛിക്കുന്നു; പുനസ്സംഘടനയ്ക്ക് അനുമതി

Published : 6th August 2016 | Posted By: SMR

തിരുവനന്തപുരം: പുനസ്സംഘടന നടത്താന്‍ ഹൈക്കമാന്‍ഡ് അനുമതിനല്‍കിയതിനെതിരേ കേരളത്തിലെ കോണ്‍ഗ്രസ്സില്‍ കലഹം മൂര്‍ച്ഛിക്കുന്നു. കെപിസിസി പ്രസിഡന്റ് വി എം സുധീരനെ നിലനിര്‍ത്തി പുനസ്സംഘടന നടത്താനുള്ള ഹൈക്കമാന്‍ഡ് ഫോര്‍മുല തള്ളിയാണ് എ ഗ്രൂപ്പ് രംഗത്തെത്തിയിരിക്കുന്നത്.
സംഘടനാ തിരഞ്ഞെടുപ്പിനു മുമ്പ് വിപുലമായ പുനസ്സംഘടന വേണ്ടെന്ന അഭിപ്രായം നേതാക്കള്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിക്കും. താല്‍ക്കാലിക പുനസ്സംഘടന പാര്‍ട്ടിയില്‍ അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കും. എഐസിസിയുടെ മേല്‍നോട്ടത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്നും ഇവര്‍ ഹൈക്കമാന്‍ഡ് നേതൃത്വത്തെ അറിയിക്കും. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കുശേഷം നിശ്ചലമായ സംഘടനാ സംവിധാനത്തെ ചലനാത്മകമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഹൈക്കമാന്‍ഡ്.
എന്നാല്‍, ഇതിനായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയും പുസ്സസംഘടനയെന്ന തീരുമാനവും പ്രശ്‌നപരിഹാരത്തിനു വഴിതുറക്കാന്‍ പര്യാപ്തമായില്ല. സുധീരനെ നേതൃസ്ഥാനത്തുനിന്നു മാറ്റിയെങ്കില്‍ മാത്രമേ മുന്നോട്ടുപോകാനാവൂ എന്ന ഉറച്ച നിലപാടിലാണ് എ ഗ്രൂപ്പ്. എന്നാല്‍, എ ഗ്രൂപ്പിന്റെ കടുത്ത എതിര്‍പ്പ് നിലനില്‍ക്കെയാണു സുധീരനെ മാറ്റാതെ പുനസ്സംഘടനയ്ക്കും സംഘടനാ തിരഞ്ഞെടുപ്പിനും ഹൈക്കമാന്‍ഡ് അനുമതി നല്‍കിയത്.
ഡല്‍ഹി ചര്‍ച്ചയില്‍ എ ഗ്രൂപ്പ് സുധീരനെതിരേ നിലപാട് കടുപ്പിച്ചപ്പോള്‍ ഐ ഗ്രൂപ്പിന്റേത് സമദൂര സമീപനമായിരുന്നു. അതേസമയം, പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുനസ്സംഘടനയല്ല, സംഘടനാ തിരഞ്ഞെടുപ്പാണു വേണ്ടതെന്നാണ് കെ സുധാകരന്റെ അഭിപ്രായം. പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെയാണ് ഹൈക്കമാന്‍ഡ് തീരുമാനം. പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത് തിരഞ്ഞെടുപ്പാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് താല്‍ക്കാലിക സംവിധാനത്തിനൊരു പുനസ്സംഘടനയെന്ന് അറിയില്ലെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.
പുനസ്സംഘടന നടത്താനുള്ള ഹൈക്കമാന്‍ഡ് തീരുമാനം ഏകകണ്ഠമാണെന്ന് വി എം സുധീരന്‍ ഡല്‍ഹിയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വിരുദ്ധാഭിപ്രായമില്ല. ഗ്രൂപ്പുകളുടെ അതിപ്രസരമില്ലാതെ സംഘടനാ തിരഞ്ഞെടുപ്പിനു കളമൊരുക്കാനാണു പുനസ്സംഘടന. സംഘടനാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടിയെ സജ്ജമാക്കുന്നതിനു പുനസ്സംഘടന വേണമെന്ന അഭിപ്രായത്തോട് എല്ലാവരും യോജിക്കുന്നുണ്ട്. പുനസ്സംഘടന അടക്കമുള്ള കാര്യങ്ങള്‍ക്കായി കേരളത്തില്‍ രാഷ്ട്രീയകാര്യ സമിതിക്കു രൂപംനല്‍കും. സമിതിയിലെ അംഗങ്ങളെ എഐസിസി തീരുമാനിക്കും.
ഇക്കാര്യത്തില്‍  നേതൃതലത്തിലുള്ളവരുടെ അഭിപ്രായങ്ങള്‍ ആരായും. അവര്‍ നിര്‍ദേശിക്കുന്നവരെയും എഐസിസിക്ക് യുക്തരായവരെന്നു തോന്നുന്നവരെയും ആയിരിക്കും സമിതിയില്‍ അംഗങ്ങളാക്കുക. പുനസ്സംഘടനയെ മാത്രം ഉദ്ദേശിച്ചുള്ളതല്ല രാഷ്ട്രീയകാര്യ സമിതി. സംസ്ഥാനത്തെ കോണ്‍ഗ്രസ്സിന്റെ നയപരമായതും അടിയന്തര സ്വഭാവമുള്ളതുമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് ഒരു ചെറിയ സമിതി വേണമെന്നത് ഏറെക്കാലത്തെ ആവശ്യമാണ്. നേരത്തെ ഇതിനായി പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപനസമിതി നിലവിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഇല്ലാത്ത സാഹചര്യത്തില്‍ അത്തരമൊരു സമിതിക്ക് പ്രസക്തിയില്ല. ആ സാഹചര്യത്തിലാണു രാഷ്ട്രീയകാര്യ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചതെന്നും സുധീരന്‍ വ്യക്തമാക്കി. അതേസമയം, ഹൈക്കമാന്‍ഡ് ചര്‍ച്ചകളെക്കുറിച്ചു പ്രതികരിക്കാന്‍ ഉമ്മന്‍ചാണ്ടി വിസമ്മതിച്ചു.
കെപിസിസി അധ്യക്ഷനെ മാറ്റാന്‍ തീരുമാനിച്ചിട്ടില്ലെങ്കിലും തങ്ങളുടെ ലക്ഷ്യത്തിലേക്ക് ഒരുചുവടുകൂടി അടുത്തെന്നാണ് എ വിഭാഗത്തിന്റെ കണക്കുകൂട്ടല്‍. കാര്യങ്ങള്‍ കൈപ്പിടിയിലൊതുങ്ങുംവരെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ എ ഗ്രൂപ്പ് നിസ്സഹകരണം തുടരും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day