|    Oct 26 Wed, 2016 1:05 pm

കോണ്‍ഗ്രസ്സിന്റെ ജനകീയാടിത്തറയില്‍ ചോര്‍ച്ചയുണ്ടായി; തലമുറമാറ്റം വേണമെന്ന് ആന്റണി

Published : 21st August 2016 | Posted By: SMR

കൊച്ചി: കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരേ സ്വയംവിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് എ കെ ആന്റണി. പാര്‍ട്ടിയുടെ ജനകീയാടിത്തറയില്‍ ചോര്‍ച്ചയുണ്ടായെന്നും ഇത് അടിയന്തരമായി പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ സമ്മേളനമായ രാജീവ്ഗാന്ധി സദ്ഭാവനാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി.
തിരുത്തല്‍ നടപടികള്‍ ഉടന്‍ വേണം. നേതാക്കള്‍ ഒന്നിച്ചിരുന്നു ഫോട്ടോയെടുത്താല്‍ മാത്രം കോണ്‍ഗ്രസ് രക്ഷപ്പെടില്ല. ചില നേതാക്കള്‍ തിരക്കിട്ട് കൂടിയിരുന്ന് നയം രൂപീകരിച്ചിട്ടു കാര്യമില്ല. തമ്മില്‍ തല്ലുന്ന കൂടാരമായി കോണ്‍ഗ്രസ് മാറിയാല്‍ പോയവര്‍ തിരിച്ചുവരില്ലെന്നു മാത്രമല്ല, കൂടുതല്‍ ആളുകള്‍ വിട്ടുപോവുകയും ചെയ്യും.
കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ പോക്ക് നാശത്തിന്റെ പടുകുഴിയിലേക്കാണ്. നഷ്ടപ്പെട്ട ജനവിഭാഗങ്ങളെ തിരികെക്കൊണ്ടുവരണം. നേതാക്കള്‍ ഒന്നിച്ചു നീങ്ങിയില്ലെങ്കില്‍ ആപത്തുണ്ടാവും. കോണ്‍ഗ്രസ്സില്‍ തലമുറമാറ്റം വേണം. ചെറുപ്പക്കാര്‍ നേതൃനിരയിലേക്കു വരണം. ജനങ്ങളില്‍ പ്രത്യാശയും പ്രതീക്ഷയും ആവേശവും ഉണ്ടാക്കണം. എന്നാല്‍ തലമുറ മാറ്റമെന്നതു നിലവിലെ നേതാക്കളെ മാറ്റണമെന്നല്ലെന്നും അദ്ദേഹം വിശദീകരിച്ചു. സംഘപരിവാരവും സിപിഎമ്മും അണികളെ അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നു. ഇതു തടയണം. 20ാം നൂറ്റാണ്ടിലെ ഇന്ത്യ രാജീവ് ഗാന്ധിയുടെ സംഭാവനയാണ്. പഞ്ചായത്തീരാജും രാജീവിന്റെ സൃഷ്ടിതന്നെ. ഇത് അട്ടിമറിക്കാനാണു നരേന്ദ്രമോദി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മോദി ചരിത്രത്തെ വെല്ലുവിളിക്കുകയാണെന്നു അധ്യക്ഷതവഹിച്ച കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആരോപിച്ചു. ഗാന്ധിഘാതകനെ വാഴ്ത്തുന്ന കേന്ദ്രഭരണം മതേതരത്വത്തെ അപമാനിക്കുകയാണ്. അധികാരവികേന്ദ്രീകരണം തടസ്സപ്പെടുത്താനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്ക് സിപിഎം പിന്തുണ നല്‍കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day