|    Oct 28 Fri, 2016 5:47 pm
FLASH NEWS

കോണ്‍ഗ്രസുമായി കൂടാനുളള സി.പി.എം തീരുമാനം വൈകിയുദിച്ച വിവേകം

Published : 29th December 2015 | Posted By: SMR

ഇംതിഹാന്‍ ഒ അബ്ദുള്ള

നമ്മുടെ നാട്ടിലെ ഏതൊരു സി.പി എമ്മുകാരന്റെയും: അയാള്‍ നേതാവാകട്ടെ സാദാ മെമ്പറാകട്ടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണു കോണ്‍ഗ്രസ് വിരോധം. ഏതു പാതി രാത്രിയിലും ഉറക്കത്തില്‍ വിളിച്ചുണര്‍ത്തി ചോദിച്ചാല്‍ പോലും കോണ്‍ഗ്രസിന്റെ ദൂഷ്യങ്ങള്‍; സാമ്രാജ്യത്വ-കോര്‍പ്പറേറ്റ് വിധേയത്വവും വര്‍ഗീയ പ്രീണന നയങ്ങളും ഒന്നൊഴിയാതെ വളളി പുളളി വിടാതെ അവര്‍ പറയും. ഒരു ഭാഗത്ത് കോണ്‍ഗ്രസും മറു ഭാഗത്ത് ജയ പ്രകാശ് നാരായണനെപ്പോലുളളവര്‍ നേതൃത്വം നല്‍കിയിരുന്ന സോഷ്യലിസ്റ്റ് ചേരിയും തമ്മില്‍ ഏറ്റുമുട്ടിയിരുന്ന എഴുപതുകളിലും എണ്‍പതുകളിലും ആ എതിര്‍പ്പിനു കാലികവും പ്രത്യയശാസ്ത്രപരവുമായ ന്യായീകരണങ്ങളുമുണ്ടായിരുന്നു.
എന്നാല്‍ ജാതീയതയും വര്‍ഗീയതയും സമം ചേര്‍ത്ത് ഫാഷിസ്റ്റ് ശക്തികള്‍ കേന്ദ്ര ഭരണം പിടിച്ചടക്കാനും അതു വഴി രാജ്യത്തിന്റെ മതേതര സ്വഭാവത്തെ തന്നെ തകര്‍ക്കാനും ശക്തി പ്രാപിച്ച പുതിയ കാല ഘട്ടത്തില്‍ അന്ധമായ കോണ്‍ഗ്രസ് വിരോധം മാറ്റിവെക്കാനുളള സമയമായെന്ന് പാര്‍ട്ടിക്കുളളിലെയും പുറത്തെയും വിവേകമതികള്‍ ചൂണ്ടിക്കാണിച്ചെങ്കിലും വിനാശ കാലേ വിപരീത ബുദ്ധി എന്നതായിരുന്നു സിപിഎമ്മി ന്റെ അവസ്ഥ. കോണ്‍ഗ്രസ് പിന്തുണയോടെ പ്രധാന മന്ത്രി പദം വരെ കരഗതമാക്കാന്‍ അവസരമുണ്ടായെങ്കിലും അതെല്ലാം കളഞ്ഞു കുളിച്ച് ചരിത്ര പരമായ മണ്ടത്തരം കാണിക്കുകയായിരുന്നു പാര്‍ട്ടി. ഫലമോ മതേതര വോട്ടുകളുടെ ശിഥിലീകരണത്തിലൂടെ ഫാഷിസ്റ്റ് ശക്തികള്‍ അധികാരത്തിലേറി. പാര്‍ട്ടിയാവട്ടെ നാള്‍ക്കുനാള്‍ ശുഷ്‌കിച്ച് ശുഷ്‌കിച്ച് ദേശീയപാര്‍ട്ടിയെന്ന മേല്‍വിലാസം പോലും നഷ്ടമാകുന്ന അവസ്ഥയിലുമെത്തി. ഒരു കാലത്ത് ചെങ്കൊടിയല്ലാതെ മറ്റൊന്നും പറത്താന്‍ ആരും ധൈര്യപ്പെടാതിരുന്ന ബംഗാളില്‍ പോലും പാര്‍ട്ടി നിലനില്‍പിനായി കൈകാലിട്ടടിക്കുന്ന അവസ്ഥ. ത്രിപുരയില്‍ മണിക് സര്‍ക്കാര്‍ മാജിക്കു കൊണ്ടു മാത്രം നിലനില്‍ക്കുന്ന ഏക സംസ്ഥാന ഭരണം.
ഏറ്റവുമവസാനം രാഷ്ട്രീയപ്രബുദ്ധതയില്ലാത്ത എരുമകളേയും വളര്‍ത്തി നടക്കുന്ന വിവരദോഷികളെന്ന് നമ്മുടെയൊക്കെ സവര്‍ണ്ണ മനസ്സ് അവജ്ഞാപൂര്‍വ്വം വീക്ഷിക്കുന്ന ബീഹാറികള്‍ പോലും എല്ലാ അഭിപ്രായഭിന്നതകളും മാറ്റി വെച്ച് ഫാസിസത്തിനെതിരെ അണിനിരന്ന ഘട്ടത്തില്‍ പോലും ഇടതുപാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസ് വിരോധം മാറ്റി വെച്ച് ആ കൂട്ടായ്മയില്‍ അണിചേരാനായില്ല. നിതീഷ് കുമാറും കൂട്ടരും സീറ്റുകള്‍ വാരിക്കൂട്ടിയപ്പോള്‍ കണ്ണും മിഴിച്ചു നില്‍ക്കാനായിരുന്നു പാര്‍ട്ടിയുടെ വിധി.
ഈ സാഹചര്യത്തിലാണ് കൊല്‍ക്കത്തയില്‍ ചേരുന്ന സി പി എം പ്ലീനം വാര്‍ത്തകള്‍ ശ്രദ്ധേയമാകുന്നത്. ബി ജെ പി യെ നേരിടാന്‍ വേണ്ടിവന്നാല്‍ കോണ്‍ഗ്രസിനോടും കൂട്ടു കൂടാം എന്ന നിലയിലുളള ചര്‍ച്ചകള്‍ മതേതര വിശ്വാസികള്‍ക്ക് ശുഭോദര്‍ക്കമാണ്. ബംഗാളില്‍ മമതാ ബാനര്‍ജിയെ നേരിടാന്‍ മറ്റു മാര്‍ഗമില്ലാത്തത് കൊണ്ടാണ് ഈ പുനര്‍വിചിന്തനമെങ്കിലും കോണ്‍ഗ്രസുമായുളള തൊട്ടുകൂടായ്മ മാറുക എന്നത് നിലവിലെ സാഹചര്യത്തില്‍ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ ഒരു നാഴിക കല്ലാവുമെന്ന് തീര്‍ച്ച.
അവിടെയും കോണ്‍ഗ്രസുമായി നേര്‍ക്കുനേര്‍ പോരാട്ടം നടത്തേണ്ടതുളള നമ്മുടെ കേരള സഖാക്കള്‍ എതിര്‍പ്പിന്റെ ശബ്ദം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതു രണ്ടും കൂട്ടിക്കുഴക്കേണ്ട കാര്യമില്ല. ഒന്നാം യു.പി.എ സര്‍ക്കാരിനെ പിന്തുണക്കുമ്പോള്‍ തന്നെ സംസ്ഥാനത്ത് രണ്ടു പാര്‍ട്ടികളും തമ്മില്‍ വ്യത്യസ്ത ചേരികളിലായി തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടുളള ചരിത്രമുളളപ്പോള്‍ വിശേഷിച്ചും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 106 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day