|    Dec 9 Fri, 2016 7:03 pm
FLASH NEWS

കോടികള്‍ മുടക്കിയിട്ടും പൂര്‍ത്തിയാവാതെ അറക്കുളം ജലനിധി പദ്ധതി

Published : 12th November 2016 | Posted By: SMR

തൊടുപുഴ: എട്ട് കോടിയിലധികം രൂപാ മുടക്കി നടപ്പാക്കുന്ന അറക്കുളം ജലനിധി പദ്ധതി കാലാവധി കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കിയില്ല.ശുദ്ധജലം വാഗ്ദാനം ചെയ്ത് 2208 ഗുണഭോക്താക്കളില്‍ നിന്നു പിരിച്ചെടുത്തത് 66ലക്ഷത്തിലധികം രൂപയാണ്.വരാനിരിക്കുന്ന കുടിവെളളക്ഷാമം മുന്നില്‍ കണ്ട് ജനങ്ങള്‍ സമരത്തിനൊരുങ്ങുകയാണ്.2013ലാണ് അറക്കുളം ജലനിധി പദ്ധതി ആരംഭിച്ചത്.ലോക ബാങ്കില്‍ നിന്നു വായ്പയായി ലഭ്യമാക്കിയ എട്ട് കോടിയില്‍പ്പരം തുകയാണ് സര്‍ക്കാര്‍ ഇതിനായി അനുവദിച്ചത്.ഇതിന് പുറമേ പദ്ധതിയുടെ നടത്തിപ്പിന് വേണ്ടി വരുന്ന തുകയുടെ 15 ശതമാനം പഞ്ചായത്തും 10 ശതമാനം ഗുണ ഭോക്താക്കളും വഹിച്ചു.കളമശേരി കേന്ദ്രമായുള്ള രാജഗിരി ഔട്ട് റീച്ചിനാണ് സഹായ സംഘടന എന്ന നിലയില്‍ അറക്കുളത്തെ പദ്ധതിയുടെ നടത്തിപ്പ് ചുമതല. സഹായ സംഘടനയുടെ കീഴില്‍ എന്‍ജിനീയര്‍മാര്‍, ടീം ലീഡര്‍, അക്കൗണ്ടന്റ് എന്നിങ്ങനെ എട്ടോളം ജീവനക്കാരുമുണ്ട്.സഹായ സംഘടന നിര്‍മ്മാണ പ്രവൃത്തികള്‍ സ്വകാര്യ കോണ്‍ട്രാക്ടര്‍മാരെ കൊണ്ടാണ് ചെയ്യിച്ചത്.ഇവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും മറ്റുമായി സര്‍ക്കാര്‍ ജലനിധിയില്‍ നിന്നും ഒരു പ്രൊജക്ട് കമ്മീഷണറേയും അസി. പ്രൊജക്ട് കമ്മീഷണറേയും നിയമിച്ചിരുന്നു. പദ്ധതിക്കായി പഞ്ചായത്തിലെ 15 വാര്‍ഡുകളിലുമായി 35 ഗുണഭോക്തൃ കമ്മിറ്റികളും രൂപീകരിച്ചു. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തില്‍ നിരവധി ചെക്കുഡാമുകള്‍, മഴവെള്ള സംഭരണികള്‍, കോണ്‍ക്രീറ്റ് ടാങ്കുകള്‍ എന്നിവ നിര്‍മിച്ചിരുന്നു. മോട്ടോറുകള്‍ സ്ഥാപിച്ച് കിലോമീറ്ററുകള്‍ നീളത്തിലായി ഗുണഭോക്താക്കളുടെ വീടുകളില്‍ പൈപ്പുകളും ടാപ്പുകളും സ്ഥാപിച്ചു. 2208 ഗുണഭോക്താക്കളില്‍ നിന്നായി പിരിച്ചെടുത്ത 66 ലക്ഷവും പഞ്ചായത്ത് വിഹിതമായ 1.32 കോടിയും സര്‍ക്കാര്‍ വിഹിതവുമടക്കം ഇതിനോടകം ഏഴ് കോടിയിലധികം രൂപ ചെലവാക്കിക്കഴിഞ്ഞു. കരാര്‍ പ്രകാരം കഴിഞ്ഞ മാര്‍ച്ചില്‍ പദ്ധതികള്‍ മുഴുവനും കമീഷന്‍ ചെയ്യേണ്ടതായിരുന്നു എങ്കിലും ഒരെണ്ണം പോലും പൂര്‍ത്തീകരിച്ചില്ല.വിവിധ ഗുണഭോക്തൃ കമ്മിറ്റികള്‍ സഹായ സംഘടനക്കെതിരെ  പ്രതിഷേധവുമായി രംഗത്തിറങ്ങി. തുടര്‍ന്ന് ലോകബാങ്ക് പ്രതിനിധികളടക്കമുള്ളവര്‍ അറക്കുളത്തെത്തി             ജനപ്രതിനിധികളും         ഗുണഭോക്തൃ കമ്മിറ്റികളുമായി ചര്‍ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ 2016 ഡിസംബറിന് മുമ്പ് പദ്ധതി പൂര്‍ത്തീകരിക്കണമെന്ന് സഹായ സംഘടനക്ക് അന്ത്യശാസനവും നല്‍കിയിരുന്നു.എന്നാല്‍ സഹായ സംഘടന ഈ നിര്‍ദേശം മുഖവിലയ്‌ക്കെടുത്തില്ല. നവംബര്‍ പകുതിയായിട്ടും ഇതുവരെ 35 ല്‍ രണ്ട് എണ്ണം മാത്രമേ കമ്മീഷന്‍ ചെയ്യാനായുള്ളൂ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day