|    Oct 22 Sat, 2016 9:07 am
FLASH NEWS

കോടികളുടെ തട്ടിപ്പ്: ഇന്‍ഷുറന്‍സ് ഏജന്റുമാരായ ദമ്പതികള്‍ അറസ്റ്റില്‍

Published : 6th April 2016 | Posted By: SMR

കൊടുങ്ങല്ലൂര്‍: കോടികള്‍ തട്ടിപ്പ് നടത്തിയ കേസില്‍ ദമ്പതികള്‍ അറസ്റ്റിലായി. മണപ്പുറം ബെനിഫിറ്റ് ലിമിറ്റഡ് കമ്പനിയിലെ ഇന്‍ഷുറന്‍സ് ഏജന്റായി 10 വര്‍ഷമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ചെന്ത്രാപ്പിന്നി സ്വദേശി അലുവ തെരുവ് തെക്കുഭാഗത്ത് താമസിക്കുന്ന താനത്ത് പറമ്പില്‍ ഹാരിസ്(45), ഭാര്യ ഹസീന(43) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി എസ് ടി സുരേഷ്‌കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
മൂന്നു മാസങ്ങള്‍ക്കു മുമ്പ് തട്ടിപ്പില്‍ പെട്ടവരുടെ പരാതി പോലിസില്‍ കിട്ടിയതിനെ തുടര്‍ന്ന് രണ്ടു പേരും കൂടി തമിഴ്‌നാട്, ആന്ധ്ര, മൈസൂര്‍, കേരളം എന്നിവിടങ്ങളില്‍ വിവിധ സ്ഥലങ്ങളിലായി മുറിയെടുത്ത് രണ്ടു ദിവസം കഴിയുമ്പോള്‍ അടുത്ത കേന്ദ്രത്തിലേക്ക് മാറികൊണ്ടിരിക്കുകയായിരുന്നു.
പോലിസിന്റെ നിരീക്ഷണത്തിലായിരുന്ന പ്രതികള്‍ പെരിങ്ങോട്ടുകരയി ല്‍ താമസിക്കുന്ന ഹസീനയുടെ സഹോദരന്‍ ഷിഹാബിന്റെ വീട്ടില്‍ താമസിക്കുന്നതിനിടയിലാണ് പോലിസെത്തി അറസ്റ്റ് ചെയ്തത്. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, പ്രവാസികള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയ 25ഓളം പേരില്‍ നിന്ന് നാലേകാല്‍ കോടി രൂപയും രണ്ടു കോടി രൂപയുടെ സ്വര്‍ണവും കൈക്കലാക്കിയിരുന്നു.
ചെന്ത്രാപ്പിന്നി ഭാഗത്ത് ഇവര്‍ സ്ഥലവും വീടും മതിലകം ഭാഗത്ത് 52 സെന്റ് സ്ഥലവും ഇവര്‍ വാങ്ങിയതായി പോലിസ് പറഞ്ഞു. പണവും സ്വര്‍ണവും ഡെപോസിറ്റ് ചെയ്തിരുന്നവര്‍ക്ക് കൃത്യമായി വലിയ ആദായം കൊടുത്തു വന്നിരുന്നതിനാല്‍ ഇടപാടുകാര്‍ക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. തട്ടിപ്പുകാര്‍ നടത്തിയിരുന്ന സ്ഥാപനത്തിന് മേബിന്‍ നിധി എന്നാണ് പേര് നല്‍കിയിരുന്നത്.
ഭര്‍ത്താവ് ഹാരിസ് കൊടുങ്ങല്ലൂര്‍, മതിലകം, എസ് എന്‍ പുരം, തൃപ്രയാര്‍, ചെന്ത്രാപ്പിന്നി എന്നീ കേന്ദ്രങ്ങളില്‍ ആധുനിക സജ്ജീകരണത്തോടെയുള്ള ബ്യൂട്ടിപാര്‍ലര്‍ നടത്തി വന്നിരുന്നു. 2013 വരെ ഹസീന കൃത്യമായി പിരിച്ചിരുന്ന സംഖ്യ മണപ്പുറം ഫൈനാന്‍സിന്റെ കൊടുങ്ങല്ലൂര്‍ ശാഖയില്‍ അടച്ചിരുന്നു.
മണപ്പുറം ഫൈനാന്‍സിന്റെ കൊടുങ്ങല്ലൂര്‍ ശാഖയിലെ ജീവനക്കാരുമായി ബന്ധത്തിലായിരുന്നതിനാല്‍ തുടര്‍ന്ന് മൂന്നു വര്‍ഷത്തെ കലക്ഷന്‍ അടക്കാതിരുന്നത് കമ്പനി അറിഞ്ഞിരുന്നില്ല. നിക്ഷേപകര്‍ക്ക് ആദായം കിട്ടാതായപ്പോഴാണ് പരാതിയുമായി മണപ്പുറം ഫിനാന്‍സ് കമ്പനിയെ സമീപിക്കുന്നതും.
തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ പോലിസില്‍ പരാതിയുമായി എത്തിയത്. പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തില്‍ ഡിവൈഎസ്പിക്ക് പുറമ സിഐ സിബി ടോം, എസ്‌ഐ ആര്‍ രാജഗോപാല്‍, എഎസ്‌ഐ ജിജോ, സിപിഒമാരായ കെ എ ഹബീബ്, കെ എം മുഹമ്മദ് അഷറഫ്, എം കെ ഗോപി, ഷിബു, മുരുകേഷ്, സഫീര്‍, വനിതാ സിപിഒ ഒ കെ സജിന എന്നിവരുമുണ്ടായിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 69 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day