|    Dec 10 Sat, 2016 12:50 am
FLASH NEWS

കോടതികളിലെ വിലക്ക് അപരിഷ്‌കൃതവും അന്യായവും; മാധ്യമപ്രവര്‍ത്തകരെ പിന്തുണച്ച് തൊഴിലാളി സംഘടനകള്‍

Published : 7th November 2016 | Posted By: SMR

തിരുവനന്തപുരം: കോടതികളില്‍ അഭിഭാഷകരുടെ വിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി തൊഴിലാളി സംഘടനകള്‍. സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ ചെയ്യാനുള്ള അവകാശം സംരക്ഷിക്കാന്‍ തൊഴിലെടുക്കുന്നവര്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ട്രേഡ് യൂനിയനുകളുടെ സംയുക്തസമിതി ആവശ്യപ്പെട്ടു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ വിലക്കേര്‍പ്പെടുത്തുന്നത് അന്യായവും അപരിഷ്‌കൃതവുമായ നടപടിയാണ്. പ്രക്ഷോഭത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഒറ്റയ്ക്കല്ല. ട്രേഡ് യൂനിയനുകളും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, എഐടിയുസി ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, ഐഎന്‍ടിയുസി പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, എസ്ടിയു പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണികുളം, എച്ച്എംഎസ് ജനറല്‍ സെക്രട്ടറി എം കെ കണ്ണന്‍, യുടിയുസി ജനറല്‍ സെക്രട്ടറി തോമസ് ജോസഫ് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ നിന്ന് വാര്‍ത്തകള്‍ ശേഖരിക്കാനും റിപോര്‍ട്ട് ചെയ്യാനുമുള്ള അവകാശം സംരക്ഷിക്കുമെന്ന് ചീഫ്ജസ്റ്റിസും മുഖ്യമന്ത്രിയും സംശയരഹിതമായി വ്യക്തമാക്കിയിട്ടും അഭിഭാഷകരില്‍ ഒരു വിഭാഗം കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ തടയുന്നത് അപലപനീയമാണ്. സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം ഒരാളുടെയും ഔദാര്യമല്ല. എല്ലാവര്‍ക്കും നിയമപരിരക്ഷയും നീതിയും ഉറപ്പാക്കുന്ന കോടതികള്‍ കൈയൂക്കിന്റെയും ധാര്‍ഷ്ട്യത്തിന്റെയും വേദിയാക്കുന്ന അഭിഭാഷകരുടെ നിലപാട് പരിഷ്‌കൃത സമൂഹത്തിന് അപമാനമാണ്.
മാധ്യമപ്രവര്‍ത്തകരും അവരുടെ തൊഴിലാണ് ചെയ്യുന്നത്. സംസ്ഥാനത്തെ കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കരുതെന്നു പറയാന്‍ അഭിഭാഷകര്‍ക്ക് എന്താണ് അവകാശം? നിയമജ്ഞര്‍ തന്നെ നിയമം ലംഘിക്കുന്ന അപൂര്‍വ കാഴ്ചയാണ് കുറെ ദിവസമായി കാണുന്നത്. ഈ അവസ്ഥ ഇനിയും കൈയും കെട്ടി നോക്കിനില്‍ക്കാന്‍ തൊഴിലാളി സംഘടനകള്‍ക്കാവില്ല- വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
സ്വതന്ത്രമായും നിര്‍ഭയമായും ജോലി ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അവകാശം സംരക്ഷിക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ തൊഴിലാളികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും നേതാക്കള്‍ ആഹ്വാനം ചെയ്തു. ഈ മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് ട്രേഡ് യൂനിയനുകള്‍ പ്രത്യക്ഷമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day